Prevention of Diabetes
English
Home / Prevention of Diabetes

ആഹാരക്രമം

നമ്മുടെ ആയുരാരോഗ്യത്തെ നിലനിര്‍ത്തുന്ന സുപ്രധാന ഘടകമാണ് ഭക്ഷണം. പക്ഷേ മിക്കരോഗങ്ങളുടെയും മൂലകാരണവും ഭക്ഷണമാണ്. നമ്മുടെ ദൈനംദിന പ്രവൃത്തികള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാര ത്തില്‍ നിന്നാണ്. നാം കഴിക്കുന്ന ആഹാരം ആവശ്യത്തില്‍ കുറഞ്ഞു പോവുകയോ അമിതമാവുകയോ ചെയ്താല്‍ ശരീരം രോഗാവസ്ഥയിലേക്കു നീങ്ങുന്നു. നമ്മുടെ ശരീരം, ആഹാരം, കായികപ്രവൃത്തികള്‍ എന്നിവ തമ്മിലുള്ള പൊരുത്തം സന്തുലിതമായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.

സമീപകാലത്തായി വര്‍ദ്ധിച്ചുവരുന്ന അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സമൂഹത്തെ പൊതുവായി രോഗാതുരമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം തെറ്റായ ശീലങ്ങള്‍ ഉപേക്ഷിക്കുവാനും ആഹാരം ശരിയായ അളവിലും ശരിയായ ചേരുവകളോടെയും കഴിക്കുവാനുമാണ് നാം ശ്രദ്ധിക്കേണ്ടത്.

തെറ്റായ ആഹാരക്രമം നമ്മെ നിരവധി രോഗങ്ങളിലേക്കു നയിക്കുന്നു. ഇന്നത്തെ നമ്മുടെ ആഹാരരീതി പലപ്പോഴും അനാരോഗ്യകരമാകുന്നതിന് പല കാരണങ്ങളുണ്ട്. ആളുകള്‍ക്ക് അദ്ധ്വാനം തീരെ കുറഞ്ഞു. എന്നാല്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറഞ്ഞിട്ടില്ല. കഴിക്കുന്ന ആഹാരമാണെങ്കില്‍ സമീകൃത ആഹാരവുമല്ല.

പ്രമേഹം-ആഹാരക്രമീകരണം പ്രധാനമോ?

പ്രമേഹചികിത്സയില്‍ ആഹാരക്രമീകരണം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. എന്നാല്‍ നാം പലപ്പോഴും കാണുന്നത്, പ്രമേഹത്തിന് ഒരു പ്രാധാന്യവും നല്‍കാതെ, വരുന്നിടത്തുവച്ചുകാണാം, ആവശ്യത്തിന് ഒക്കെ കഴിച്ച് ജീവിക്കാം എന്നു പറയുന്നവരെയാണ്. കൃത്യമായി ആഹാരക്രമീകരണം പാലിച്ച് ജീവിക്കുന്നവരെ നിരുത്സാഹപ്പെടുത്താനും ഇക്കൂട്ടര്‍ മടിക്കാറില്ല. ഇതിന്റെ ഒരു പ്രധാന കാരണം ആഹാരത്തെക്കുറിച്ചും അതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെ കുറിച്ചും, എത്രമാത്രം ഒരാള്‍ക്ക് കഴിക്കാം എന്നതിനെ ക്കുറിച്ചുമൊക്കെയുള്ള അറിവില്ലായ്മയാണ്.

ആഹാരത്തിന്റെ കാര്യത്തില്‍

.എന്തു കഴിക്കണം

.എങ്ങനെ കഴിക്കണം

.എത്രത്തോളം കഴിക്കണം

എന്നീ കാര്യങ്ങള്‍ വളരെ പ്രധാനമാണ്.

പ്രമേഹവും ആഹാരക്രമവും

പ്രമേഹമുള്ളവര്‍ക്ക് വേണ്ടി മാത്രം പുഴുങ്ങിയും വേവിച്ചും, ആവി കയറ്റിയുമൊക്കെ കൊടുക്കുന്ന രീതി ശരിയല്ല. പ്രമേഹമുള്ള വ്യക്തിക്കും വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ കഴിക്കുന്ന ആഹാരം തന്നെ മതി. പക്ഷേ പാചകരീതിയില്‍ അല്പം മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. പ്രമേഹമുള്ളവര്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തുന്ന ആഹാരക്രമം ഏറ്റവും ആരോഗ്യകരവും സമീകൃതവുമായ ഒരു ആഹാരക്രമമാണ്. ഇത് എല്ലാവര്‍ക്കും അനുയോജ്യവുമാണ്. പ്രമേഹമുള്ള ഒരു വ്യക്തിയുടെ ആഹാരക്രമം പ്രമേഹത്തെ നിയന്ത്രിക്കുവാനും, അമിതവണ്ണം, ഹൃദ്‌രോഗം, കൊളസ്‌ട്രോള്‍, അമിതരക്തസമ്മര്‍ദ്ദം, വൃക്കരോഗം എന്നിവയെ പ്രതിരോധിക്കാനും സാധിക്കുന്ന രീതിയിലുള്ള ഒന്നായിരിക്കണം.

ആഹാരരീതി

ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്ന ഒരു വ്യക്തിക്ക് ജീവിതചര്യാരോഗങ്ങളെ തന്നില്‍നിന്ന് അകറ്റി നിര്‍ത്താന്‍ സാധിക്കും. നമ്മുടെ ആഹാരം ആരോഗ്യകരമാകണമെങ്കില്‍ ആറ് ഘടകങ്ങള്‍ക്ക് നാം പ്രാധാന്യം നല്‍കണം.

1.

ആഹാരസമയം

കഴിവതും കൃത്യസമയത്തുതന്നെ ആഹാരം കഴിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സമയം തെറ്റിയുള്ള ആഹാരം, ശാരീരികാരോഗ്യത്തെയും, മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. വീട്ടിലെ സാഹചര്യം, ദിനചര്യ എന്നിവ കണക്കിലെടുത്ത് ഒരു കൃത്യസമയം നിശ്ചയിച്ച് എന്നും അതേ സമയത്ത് തന്നെ ആഹാരം കഴിക്കുക. പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടുള്ളതല്ല. കുട്ടികളില്‍പോലും ധാരാളമായി കാണുന്ന പ്രവണതയാണ് പ്രഭാതഭക്ഷണം കഴിക്കാതിരിക്കുക എന്നത്. ഇത് അവരുടെ പഠനത്തെയും ഓര്‍മ്മശക്തിയെയും ദോഷകരമായി ബാധിക്കാനിടയുണ്ട്.

2.

ആഹാരരീതി

ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1.വളരെ പതുക്കെ വേണം ആഹാരം കഴിക്കാന്‍.

2.നന്നായി ചവച്ചരച്ച് മാത്രം ആഹാരം കഴിക്കുക.

3.ഒരുദിവസം എട്ടു മുതല്‍ പന്ത്രണ്ട് വരെ ഗ്ലാസ് വെള്ളം കുടിക്കണം.

3.

ആഹാരത്തിന്റെ അളവ്

നമ്മുടെ പ്രായം, ഉയരം, ശരീരഭാരം, പ്രവൃത്തികള്‍, ജോലി, കായികാദ്ധ്വാനം, വ്യായാമം എന്നിവ കണക്കിലെടുത്താല്‍ ഓരോരുത്തരും എത്രമാത്രം ആഹാരം ഒരുദിവസം കഴിക്കണം എന്ന് ചിട്ടപ്പെടുത്താന്‍ സാധിക്കും. അതിനനുസരിച്ച് മാത്രമേ ആഹാരം കഴിക്കാവൂ. നമുക്ക് എത്ര ഇഷ്ടമേറിയ ആഹാരമായാലും അത് കുറഞ്ഞ അളവില്‍ മാത്രം കഴിച്ച് ശീലിക്കുക.

4.

പാചകരീതി

പണ്ടൊക്കെ നിലനിന്നിരുന്ന പാചകരീതിയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇന്നത്തെ നമ്മുടെ പാചകരീതിയില്‍ ഏറെ മാറ്റങ്ങള്‍ കാണുന്നു. നാം തെരഞ്ഞെടുക്കുന്ന ഭക്ഷണപദാര്‍ത്ഥം എത്ര ഗുണമേറിയതായാലും, പാചകം ചെയ്യുന്ന രീതി ശരിയല്ലെങ്കില്‍ ആ ഭക്ഷണത്തിന്റെ ഗുണമേന്‍മ കുറയും.

പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക.

ആവിയില്‍ പുഴുങ്ങുക, വേവിക്കുക ഇവയൊക്കെ ഗുണമേറിയ പാചകരീതിയാണ്.

വറുക്കുന്നതും പൊരിക്കുന്നതും വല്ലപ്പോഴും മാത്രമേ ആകാവൂ.

വറുക്കുമ്പോള്‍ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നന്നല്ല.

പാചകം ചെയ്യുമ്പോള്‍ എണ്ണയുടെയും നാളികേരത്തിന്റെയും അളവ് കുറയ്ക്കുക.

ഉപ്പിലിട്ടത്, പപ്പടം മുതലായവ ദിവസവും ഉപയോഗിക്കരുത്.

5.

ആഹാരം പോഷകഗുണമേറിയതോ?

പലപ്പോഴും നാം തെരഞ്ഞെടുക്കുന്ന ഭക്ഷണസാധനങ്ങളില്‍ ശരീരത്തിന്റെ ആരോഗ്യത്തിനും പ്രതിരോധത്തിനും സഹായകമായേക്കാവുന്ന പോഷകങ്ങളുടെ കുറവാണ് അനാരോഗ്യത്തിന്റെ പ്രധാനകാരണം. ആഹാരം തെരഞ്ഞെടുക്കു മ്പോള്‍, അത് പോഷകഗുണമേറിയതാണോ എന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

6.

സമീകൃതാഹാരം

കൃത്യമായ അളവില്‍ അന്നജവും, മാംസ്യവും, കൊഴപ്പും ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ജലവുമടങ്ങിയ ആഹാരത്തെ സമീകൃതാഹാരം എന്നു പറയുന്നു. ഇത്തരത്തില്‍ ക്രമീകരിച്ച ആഹാരം ആരോഗ്യം നിലനിര്‍ത്തുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

പ്രമേഹമുള്ളവരുടെ ആഹാരക്രമം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഹാരം സമയാസമയങ്ങളില്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം. ഉദാ : 6.30 : ചായ, 8.00 : പ്രഭാതഭക്ഷണം, 11.00 : ഇടഭക്ഷണം, 1.30 : ഊണ്, 4.00 : ചായ, 6.30: ഇടഭക്ഷണം, 8.30 : അത്താഴം.

ഉപവാസം കഴിവതും ഒഴിവാക്കണം. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതോ, കഴിക്കാതിരിക്കുന്നതോ പ്രമേഹമുള്ള വ്യക്തിക്ക് നല്ലതല്ല.

എണ്ണയും തേങ്ങയും നിയന്ത്രിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന് പകരം ആവിയില്‍ പുഴുങ്ങിയതോ, തിളപ്പിച്ചതോ ആയ ഭക്ഷണമാണ് നല്ലത്.

ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവയില്‍ കൊഴുപ്പ് ഏറെ അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് പകരം ഇടയ്ക്ക് കോഴിയിറച്ചി ആവാം. ഇത് തൊലി കളഞ്ഞതിന്‌ശേഷം ഉപയോഗിക്കുക. മത്സ്യം കറിവെച്ച് ദിവസവും ആകാം.

കാപ്പിയും ചായയും അമിതമായി ഉപയോഗിക്കരുത്. പാല്‍ പാടനീക്കി ഉപയോഗിക്കുക. (250 മി.ഗ്രാം, ഒരുദിവസം)

കുറഞ്ഞ അളവില്‍ ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതാണ് പ്രമേഹ രോഗിക്ക് ഉചിതം. ഒരുദിവസംഎട്ടുമുതല്‍ പന്ത്രണ്ടുഗ്ലാസ് വരെ വെള്ളം കുടിക്കുക.

ആഹാരക്രമത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക : കുമ്പളങ്ങ, ബീന്‍സ്, പാവക്ക, വഴുതനങ്ങ, കാബേജ്, വെള്ളരിക്ക, കൊത്തവര, ക്വാളിഫ്‌ളവര്‍, മല്ലിയില, മുരിങ്ങക്കായ, പയര്‍, കറിവേപ്പില , ഇലവര്‍ഗ്ഗങ്ങള്‍, കോവയ്ക്ക, വെണ്ടയ്ക്ക, ഉള്ളി, പപ്പായ, വാഴക്കൂമ്പ്, വാഴത്തണ്ട്, പടവലങ്ങ, മുള്ളങ്കി.

ഇടവേളകളില്‍ കഴിക്കാവുന്ന ആഹാരസാധനങ്ങള്‍ : വെണ്ണനീക്കിയ മോര്, മധുരം ചേര്‍ക്കാത്ത നാരങ്ങാവെള്ളം, മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ, നേര്‍ത്ത സൂപ്പ്, രസം, സാലഡ്, ഓമയ്ക്ക, പേരയ്ക്ക, റോബസ്റ്റപഴം

മിതമായി ഉള്‍പ്പെടുത്താവുന്ന ഭക്ഷണസാധനങ്ങള്‍ : കാരറ്റ്, ബീറ്റ്‌റൂട്ട്, പട്ടാണി, നിലക്കടല, ബദാം, കശുവണ്ടി, പിസ്ത. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങള്‍ : പഞ്ചസാര, തേന്‍, ഗ്ലൂക്കോസ്, ശര്‍ക്കര, ജാം, മധുര പദാര്‍ത്ഥങ്ങള്‍, ബിസ്‌കറ്റ്, ഇളനീര്, ലഹരിപാനീയങ്ങള്‍, ശീതള പാനീയങ്ങള്‍, ഹോര്‍ലിക്‌സ്, ബൂസ്റ്റ്, ബോണ്‍വിറ്റ, മാങ്ങ, ചക്ക, ഏത്തപ്പഴം, സപ്പോട്ട, ഈന്തപ്പഴം, ഉണക്കപ്പഴങ്ങള്‍ മുതലായവ.

ആഹാരത്തിലെ പോഷകഘടകങ്ങള്‍

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജസ്വലതയ്ക്കും ആരോഗ്യത്തിനും പോഷകഘടകങ്ങള്‍ ആവശ്യമാണ്. ഈ പോഷക ഘടകങ്ങള്‍ കൃത്യമായ അളവിലും അനുപാതത്തിലും അടങ്ങിയ ആഹാരമാണ് നാമെല്ലാവരും കഴിക്കേണ്ടത്.

  ധാന്യകം/അന്നജം (Carbohydrates)

നമ്മുടെ ശരീരത്തില്‍ അന്നജത്തിന്റെ ധര്‍മ്മം ഊര്‍ജ്ജോത്പാദനമാണ്. കഴിക്കുന്ന ആഹാരത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അറുപതുശതമാനവും അന്നജത്തില്‍ നിന്നാണ് ലഭിക്കേണ്ടത്. ഒരു ഗ്രാം അന്നജത്തില്‍ നിന്നും 4 കലോറി ഊര്‍ജ്ജം ലഭിക്കും.

  കൊഴുപ്പ് (Fat/Lipids)

ശരീരത്തിനാവശ്യമുള്ള ഊര്‍ജ്ജത്തില്‍ 25% കൊഴുപ്പില്‍ നിന്നാണ് ലഭിക്കേണ്ടത്. കൊഴുപ്പുകള്‍ രണ്ടു തരമാണുള്ളത്. പൂരിതകൊഴുപ്പും അപൂരിത കൊഴുപ്പും. പൂരിത കൊഴുപ്പിന്റെ ഉപയോഗം കൂടുന്നത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ഒരു ഗ്രാം കൊഴുപ്പില്‍ നിന്നും 9 കലോറി ഊര്‍ജ്ജം ലഭിക്കും.

  മാംസ്യങ്ങള്‍ (Proteins)

ശരീരത്തിന് 15% ഊര്‍ജ്ജം മാംസ്യത്തില്‍ നിന്നാണ് ലഭിക്കേണ്ടത്. ഒരു ഗ്രാം മാംസ്യത്തില്‍ നിന്നും 4 കലോറി ഊര്‍ജ്ജം ലഭിക്കും.

  വിറ്റാമിനുകള്‍ (Vitamins)

ആരോഗ്യം നിലനിര്‍ത്തുന്നതിന് മറ്റു പോഷകഘടകങ്ങളെപ്പോലെ വിറ്റാമിനുകളും ആവശ്യമാണ്. എന്നാല്‍ ശരീരത്തിന് കുറഞ്ഞ അളവില്‍ മാത്രമേ വിറ്റാമിനുകള്‍ ആവശ്യമുള്ളൂ.

  ധാതുലവണങ്ങള്‍ (Minerals)

വിറ്റാമിനുകളെ പോലെതന്നെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു പോഷകമാണ് ധാതുലവണങ്ങള്‍.

യോഗപരിശീലനം

മനുഷ്യന്റെ മാനസിക അസ്വസ്ഥത അടിക്കടി വര്‍ദ്ധിച്ചുവരികയാണ്. ഇത് നമ്മുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും നാനാതരത്തിലുള്ള രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. നമ്മുടെ അമൂല്യസമ്പത്ത് ആരോഗ്യം തന്നെ. സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറുന്നതിനും ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനും സംഘര്‍ഷരഹിതമായ അവസ്ഥ കൈവരിക്കുന്നതിനും ഉചിതമായ ലളിതവും സുഗമമവും ഫലപ്രദവുമായ ഒരു മാര്‍ഗ്ഗമാണ് യോഗപരിശീലനം. യോഗപരിശീലനത്തില്‍ പ്രധാനപ്പെട്ട ഇനങ്ങളാണ് യോഗാസനം, പ്രാണായാമം, യോഗനിദ്ര, ധ്യാനം എന്നിവ.

യോഗപരിശീലനത്തിലൂടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സന്തുലിതമാക്കുന്നു. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിന് ശരിയായ അയവ് ലഭിക്കുന്നു. രക്തസഞ്ചാരം ക്രമാനുഗതമാകുന്നു. പ്രാണായാമ പരിശീലനം ശ്വാസകോശത്തെ അരോഗദൃഢമാക്കുന്നു.

ഏകാഗ്രത

സംഘര്‍ഷനിര്‍ഭരമായ മനസ്സിനെ നിയന്ത്രിക്കാന്‍ ഏറെ ഉചിതമായ മാര്‍ഗമാണ് യോഗയും ധ്യാനവും. യോഗനിദ്രയിലൂടെ പേശികളെ പൂര്‍ണമായും വിശ്രമാവസ്ഥയിലെത്തിച്ച് ചിന്തകളെ നിയന്ത്രണ വിധേയമാക്കുന്നു. അതുവഴി ഏകാഗ്രത വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നു.

ഗുണങ്ങള്‍

  ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സന്തുലിതമാക്കുന്നു.

  നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

  ശരീരത്തിന് ശരിയായ അയവ് ലഭിക്കുന്നു.

  രക്തസഞ്ചാരം ക്രമാനുഗതമാകുന്നു.

  ശ്വാസകോശത്തെ അരോഗദൃഢമാക്കുന്നു.

  പാരാസിംപതറ്റിക് നാഡീവ്യൂഹെത്ത പ്രവര്‍ത്തനക്ഷമമാക്കുക വഴി മാനസിക സംഘര്‍ഷം കുറക്കുന്നു

വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകിച്ച് ഉല്‍കണ്ഠ, ഏകാഗ്രതക്കുറവ്, അലസത, ഓര്‍മ്മക്കുറവ്, അസ്വസ്ഥത, ആത്മവിശ്വാസക്കുറവ് തുടങ്ങിയവ പരിഹരിക്കാന്‍ യോഗപരിശീലനം നല്ലതാണ്.

വ്യായാമം

നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യായാമം നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതും മുടങ്ങാതെ ചെയ്യാവുന്നതുമായിരിക്കാന്‍ ശ്രദ്ധിക്കുക. രോഗമുള്ളവരെ സംബന്ധിച്ചിടത്തോളം കഠിനമായ വ്യായാമം - ഭാരം തൂക്കല്‍ തുടങ്ങിയവ യോജിച്ചതല്ല. അങ്ങനെയുള്ളവര്‍ വ്യായാമപരിപാടി തെരഞ്ഞെടുക്കുന്നത് ഡോക്ടറുടെ സഹായത്തോടെ ആകാന്‍ ശ്രദ്ധിക്കുക.

ഗുണങ്ങള്‍

1

ഉന്‍മേഷം നിലനിര്‍ത്തുന്നു.

2

സഹിഷ്ണുത വര്‍ദ്ധിപ്പിക്കുന്നു.

3

മെയ്‌വഴക്കം മെച്ചപ്പെടുത്തുന്നു.

4

അമിതഭാരം കുറയ്ക്കുന്നു.

5

ശരീരഭാരം കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

6

വിഷാദവികാരങ്ങളെ നിയന്ത്രിക്കുന്നു.

7

ആരോഗ്യകരമായ മാനസികനില പുലര്‍ത്താന്‍ സഹായിക്കുന്നു.

8

ഉറക്കം മെച്ചപ്പെടുത്തുന്നു.

9

രക്തസമ്മര്‍ദ്ദ നിയന്ത്രണം സാദ്ധ്യമാക്കുന്നു.

10

രക്തത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണത്തിന് സഹായിക്കുന്നു.

11

ഹൃദയത്തെ ശക്തിപ്പെടുത്തുന്നു.

12

കൊളസ്‌ട്രോള്‍ നില ക്രമീകരിക്കുന്നു.

13

ചെറിയ രക്തക്കുഴലുകളിലെ രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നു.

14

ഹൃദ്‌രോഗ സാദ്ധ്യത കുറയ്ക്കുന്നു.

വ്യായാമരഹിത ജീവിതം പ്രശ്‌നങ്ങള്‍

  രോഗസാദ്ധ്യത വര്‍ദ്ധിക്കുന്നു. പ്രമേഹം, ഹൃദ്‌രോഗം, കാന്‍സര്‍ മുതലായവ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന് വ്യായാമമില്ലായ്മയാണ്.

  ശരീരഭാരം വര്‍ദ്ധിക്കാന്‍ സാദ്ധ്യത - അമിതവണ്ണം, കുടവയര്‍, ശരീരത്തിലെ കൊഴുപ്പിന്റെ അളവിലുള്ള വര്‍ദ്ധനവ് എന്നിവയ്ക്ക് കാരണമാകുന്നു.

  ഉത്സാഹമില്ലായ്മ, അലസത, ശരീരക്ഷീണം എന്നിവയ്ക്ക് സാദ്ധ്യത.

  മാനസികസംഘര്‍ഷം വര്‍ദ്ധിക്കുന്നു.

നമ്മുടെ സാധാരണജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ലളിതമായ ചില വ്യായാമമുറകളാണ് കൈകള്‍ ആഞ്ഞുവീശി മിതമായ വേഗതയിലുള്ള നടത്തം, ഓട്ടം, നീന്തല്‍, സൈക്കിള്‍ സവാരി എന്നിവ. ഇത്തരം വ്യായാമങ്ങള്‍ ആഴ്ചയില്‍ ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും ചെയ്യേണ്ടതാണ്. ദിവസേന ചെയ്യുന്നത് അഭികാമ്യവും.

വ്യായാമം ശീലമാക്കുന്നതിനുമുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ചില രോഗങ്ങളുള്ളവര്‍ക്ക് ചില വ്യായാമമുറകള്‍ ദോഷമായേക്കാം.

ശാരീരികാദ്ധ്വാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക

1

ചെറിയ ദൂരം വണ്ടിയില്‍ പോകുന്നതിന് പകരമായി നടന്നുപോവുക.

2

ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം കോണിപ്പടി ഉപയോഗിക്കുക.

3

വീട്ടുജോലികളില്‍ പങ്കാളികളാകുക.

4

തുടര്‍ച്ചയായി ഒരേ ഇരിപ്പില്‍ കുറേനേരം ടെലിവിഷന്‍കാണാതിരിക്കുക. ഇടയ്ക്ക് അല്പദൂരം എഴുന്നേറ്റ് നടക്കുക.

5

ഒരിടത്ത് ഇരുന്ന് മറ്റുള്ളവരോട് ഓരോന്ന് ആവശ്യപ്പെടുന്നതിന് പകരം ആവശ്യമുള്ളവ സ്വയം എടുക്കുക.

6

പൂന്തോട്ടത്തിലെ പണികള്‍ സ്വയം ചെയ്യുക.

7

അവധി ദിവസങ്ങളില്‍ കായിക കളികളില്‍ ഏര്‍പ്പെടുക.

വിദ്യാര്‍ത്ഥികള്‍ക്ക് സമീകൃതാഹാരം പോലെ തന്നെ വ്യായാമം ആരോഗ്യത്തിനു വളരെ പ്രധാനമാണ്. വ്യായാമം മാനസികോല്ലാസത്തിനു വഴി തെളിക്കുന്നു. ഉന്‍മേഷം നിലനിര്‍ത്തുന്നതിനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിക്കുന്നു. മാനസിക സംഘര്‍ഷ ലഘൂകരണത്തിനും ആരോഗ്യകരമായ മാനസികനില നിര്‍ത്തുന്നതിനും വ്യായാമം ഗുണം ചെയ്യുന്നു. ശാരീരികമായ ഉണര്‍വ്വിനും കൂടുതല്‍ ഏകാഗ്രതയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും വ്യായാമം സഹായിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് ഏറ്റവും ഉചിതമായ ഒരു വ്യായാമമാണ് നടത്തം. നടത്തം പ്ലാന്‍ ചെയ്യുന്നതിന് മുമ്പായി ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്. ദിവസം അര മണിക്കൂര്‍ നടക്കാനായി മാറ്റിവെയ്ക്കുക.

വ്യായാമം പാടില്ലാത്തതെപ്പോള്‍?

  ശരീര ഊഷ്മാവ് 101 ഡിഗ്രിയില്‍ കൂടുതലുള്ളപ്പോള്‍

  ഏതെങ്കിലും രോഗങ്ങളുള്ളപ്പോള്‍

  വേദനയുള്ളപ്പോള്‍

  രക്തസമ്മര്‍ദ്ദം കൂടുതലുള്ളപ്പോള്‍

  രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലുള്ളപ്പോള്‍