സോഡിയം വേണം, പക്ഷേ…

രക്തസമ്മർദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്ടമാകും. സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എന്നാൽ പ്രമേഹത്തോടൊപ്പം രക്തസമ്മർദ്ദമുള്ളവർ ഉപ്പിന്റെ അളവ് നിയന്ത്രിക്കുക തന്നെ വേണം.
പ്രമേഹവും രക്തസമ്മർദവും ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കൂടുതൽ ആണെന്നതാണ് ഉപ്പിന്റെ അളവ് നിയന്ത്രിക്കണം എന്ന താക്കീതിനു പിന്നിൽ. ഉപ്പിലിട്ടതും പപ്പടവും പോലുള്ളവയും നിയന്ത്രിക്കണം. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാൻഡ്ഫുഡ്, പ്രോസസ്ഡ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. പ്രമേഹ രോഗികൾ അവരുടെ ഭക്ഷണ ക്രമത്തിൽ നിന്നും ഇത്തരം വസ്തുക്കൾ മാറ്റി നിർത്തണം എന്ന് പറയുന്നതിന്റെ കാരണം മനസിലായി കാണുമല്ലോ. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിൻറെ തോത്.
ശരീരത്തിലെത്തുന്ന സോഡിയത്തിൻറെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ ധാരാളം കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുമ്പോൽ ശരീരത്തിൽ സോഡിയത്തിൻറെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിൻറെ അളവു കൂടും. രക്തത്തിൻറെ വ്യാപ്തം കൂടും. അപ്പോൾ രക്തസമ്മർദം(ബിപി) കൂടും.ഉയർന്ന രക്ത സമ്മർദം ഹൃദയം, മസ്തിഷ്കം, വൃക്കകൾ, രക്തധമനികൾ ഇവയെ ബാധിക്കും എന്നതിനാൽ ആഹാരക്രമീകരണം പരമാവധി പാലിക്കുകയും വ്യായാമം പതിവാക്കുകയും ഭാരം നിയന്ത്രിച്ചു നിർത്തുകയും വേണം.