സെൽഫി ”ചിത്ര” ഭ്രമവും നല്ലതാണ്, ആരോഗ്യത്തിനു വേണ്ടിയാകുമ്പോൾ

ഓം ശാന്തി ഓമിനായി ഷാരൂഖ് ഖാനും ഗജിനിക്ക് വേണ്ടി സൂര്യയും സിക്സ് പാക്ക് ശരീരം ആക്കിയപ്പോൾ യുവതലമുറ ഒക്കെ ഒന്നുണർന്നു. സിക്സ് പാക് കാട്ടിയുള്ള സിനിമാ താര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ എല്ലാരും ജിമ്മിലേക്ക് പോയി..സിക്സ് പാക്കിനായി തകൃതിയായി ശ്രമവും തുടങ്ങി. സിംഗിൾ പാക്ക് വയർ ഉള്ള ഉണ്ണികുടവയറുകാർ ആകട്ടെ മാറുന്ന സൗന്ദര്യസങ്കൽപ്പത്തെ നോക്കി നെടുവീർപ്പ് ഇട്ടുകൊണ്ടും ഇരുന്നു.
സമൂഹത്തിൽ നിർണായക സ്വാധീനവും സാന്നിധ്യവും ഉള്ള മീഡിയകൾക്ക് എങ്ങനെ മനുഷ്യമനസിൽ ചലനം ഉണ്ടാക്കാൻ കഴിയുമെന്നതിന്റെ സൂചകമാണ് നേരത്തെ പറഞ്ഞ സിക്സ് പാക്ക് സംഭവം. ആരോഗ്യകരമായ ഒരു ജനതയുടെ വാർപ്പിന് സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നതിൻറെ തെളിവാണ് ഇത്. സിക്സ് പാക്ക് ഒന്നും അത്ര അനിവാര്യമല്ലെങ്കിലും ആരോഗ്യകരമായ ഒരു ശരീരവും മനസും ഉണ്ടാകേണ്ടത് അത്യാവശ്യം തന്നെയാണ്.
സെൽഫികളും ചിത്രങ്ങളും എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഇന്നത്തെ യുവജനങ്ങൾക്ക് വലിയ ഹരമായി മാറിയിട്ടുണ്ട്. എന്നാൽ വെറുതെ നേരംപോക്കിനുമാത്രമല്ല ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾക്കു വേണ്ടിയും ഈ സെൽഫി ഭ്രമം പ്രയോജനപ്പെടുത്താം എന്നതാണ് യാഥാർത്ഥ്യം.
സെൽഫി ചിത്രങ്ങളും സെൽഫി വിഡിയോകളും ഇതിനുവേണ്ടി പോസ്റ്റ് ചെയ്യാം.. ഉദാഹരണത്തിന് നിങ്ങൾ രാവിലെ പതിവായി വ്യായാമം ചെയ്യുന്നവരാണെന്നിരിക്കട്ട
വ്യായാമത്തിന്റെ വിഡിയോ സെൽഫിയും പരീക്ഷിക്കാം. വ്യായാമം കഴിഞ്ഞ് ആവശ്യത്തിനു കലോറിയുള്ള പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഒരു ബ്രേക്ക്ഫാസ്റ്റ് സെൽഫി പോസ്റ്റ് ചെയ്യാം. കഴിക്കുന്ന ഭക്ഷണങ്ങൾക്കനുസരിച്ച് ഓരോ ദിവസവും ബ്രേക്ക്ഫാസ്റ്റ് സെൽഫി വ്യത്യസ്തമായിക്കോളും.
വൈകിട്ട് കൂട്ടുകാർക്കൊപ്പം നടക്കാൻ പോകുന്നെങ്കിൽ ഒരു വാക്കിങ് സെൽഫി പോസ്റ്റ് ചെയ്യാം. ഓരോ ദിവസവും വ്യത്യസ്തമായ സ്ഥലങ്ങളിലൂടെ നടന്ന് സെൽഫികൾ സുന്ദരമാക്കാം. അടുക്കളയിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നുണ്ടെങ്കിൽ അതു പാകം ചെയ്യുന്നതിന്റെ ഒരു വിഡിയോ സെൽഫി എടുക്കാൻ മറക്കണ്ട. റെസിപ്പി മറ്റുള്ളവർക്കു മനസ്സിലാക്കാനും ഇതു സഹായിക്കും. പുതു യുഗത്തിലെ നവീന രീതിയിലുള്ള ഒരു ബോധവൽക്കരണം ആകട്ടെ ഇനി …….