സാലഡ്: കാലറിയും കുറവ് വയറും നിറയും

വിവിധയിനം പോഷകവസ്തുക്കളുടെ ഒരു സങ്കലനമാണ് സാലഡ്. ഭക്ഷണശീലങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ മികച്ച ആരോഗ്യം നൽകുന്ന പോഷകസമ്പന്നമായ സാലഡുകൾ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാം. ധാരാളം പോഷകങ്ങളും നാരുകളും ജലാംശവും ശരീരത്തിലെത്തുന്നതുമൂലം സാലഡ് ഒരു ഉത്തമവിഭവമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ ബാധിക്കാതെ അതിജീവനത്തിനുള്ള ഭക്ഷ്യവസ്തു എന്ന പെരുമ സാലഡിന് അവകാശപ്പെട്ടതാണ്. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നതു സാലഡിന്റെ മറ്റൊരു പ്രത്യേകതയാണ്. വേവിക്കാത്തതിനാലും സംസ്കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങൾ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല. കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നില്ല എന്നതും മെച്ചമാണ്. ശോചനയെ സഹായിക്കുന്നതിലും സാലഡ് നല്ലതാണ്, പ്രത്യേകിച്ച് വയോജനങ്ങളിൽ. സാലഡ് കഴിക്കുന്നതുമൂലം കാലറിയുടെ അളവിൽ കാര്യമായ വ്യതിയാനമേ ഉണ്ടാകുന്നില്ല. ഒരു കപ്പ് സാലഡിൽ ഏതാണ്ട് 50 കാലറിയിൽ കുറവ് ഊർജമേ ഉണ്ടാകുന്നുള്ളൂ. ജീവിതശൈലീരോഗങ്ങൾക്കുള്ള ഒറ്റമൂലികൂടിയാണ് സാലഡ്. ലൈഫ് സ്റ്റൈൽ രോഗങ്ങളുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. രോഗങ്ങളെ പ്രതിരോധിക്കാനുള്ള സാലഡുകളുടെ ശക്തി പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നു.