സമപ്രായക്കാരേക്കാൾ നേരത്തെ പിടികൂടും കേട്ടോ

പ്രമേഹരോഗം ലൈംഗികപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നത് രോഗികളിൽ മിക്കവർക്കും വലിയ ധാരണയില്ലാത്ത ഒരു മേഖലയാണ്. ദീർഘകാലം വേണ്ടവിധം ചികിത്സിക്കാതെ പോകുന്ന പ്രമേഹം ലൈംഗിക ജീവിതാസ്വാദനത്തിന് വലിയ തടസ്സമാകും. പ്രമേഹരോഗികളായ പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രശ്നങ്ങളുണ്ടാവാറുണ്ട്. എന്നാൽ മിക്കപ്പോഴും പെട്ടെന്ന് തിരിച്ചറിയുന്നതും ചികിത്സ കിട്ടുന്നതും പുരുഷന്മാരുടെ പ്രശ്നങ്ങൾക്കാണ് എന്നുമാത്രം. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലൈംഗിക താൽപര്യക്കുറവ് എന്നിവയാണു പ്രമേഹരോഗികളായ പുരുഷന്മാർ നേരിടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങൾ. പ്രമേഹം തിരിച്ചറിയുന്ന ഘട്ടം മുതൽ ശക്തമായ നിയന്ത്രണം പാലിക്കുന്ന ഒരാൾക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ലൈംഗികാരോഗ്യം നഷ്ടപ്പെടില്ല. ഏറ്റവും കൂടുതൽ പ്രമേഹരോഗികളായ പുരുഷൻമാരെ അലട്ടുന്ന പ്രശ്നം ഉദ്ധാരണക്കുറവാണ്.
ലിംഗോദ്ധാരണക്കുറവ്
സാധാരണ വ്യക്തികളിൽ സംഭവിക്കുന്ന ലിംഗോദ്ധാരണക്കുറവിന്റെ നാലു മടങ്ങാണ് പ്രമേഹരോഗികളിൽ. മാത്രമല്ല സമപ്രായക്കാരേക്കാൾ 10–15 വർഷം മുമ്പു തന്നെ പ്രമേഹരോഗികളിൽ ഉദ്ധാരണപ്രശ്നങ്ങൾ വന്നെത്താനുള്ള സാധ്യതയുമുണ്ട്. പ്രായം, പ്രമേഹത്തിന്റെ തീവ്രത, മറ്റ് അനുബന്ധ രോഗങ്ങൾ, പ്രമേഹസംബന്ധമായ സങ്കീർണതകൾ തുടങ്ങി പല കാര്യങ്ങളെ ആശ്രയിച്ചാണ് പ്രമേഹരോഗികളിൽ ഉദ്ധാരണ പ്രശ്നങ്ങൾ സംഭവിക്കുക. ധമനികളിലെ ജരിതാവസ്ഥയും അടവുകൾക്കുള്ള സാധ്യതയും പ്രമേഹരോഗിയിൽ ഉദ്ധാരണത്തകരാറുണ്ടാക്കുന്നു. ഇതേ ധമനീപ്രശ്നങ്ങൾ ശരീരത്തിലെവിടെയും സംഭവിക്കാം, ഹൃദയത്തിലും. ചുരുക്കിപ്പറഞ്ഞാൽ ഉദ്ധാരണക്കുറവ് ബാധിച്ച പ്രമേഹരോഗിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഉദ്ധാരണപ്രശ്നങ്ങളുള്ള പ്രമേഹരോഗിയുടെ ഹൃദയാരോഗ്യം വളരെ സൂക്ഷ്മമായി വിലയിരുത്തണം. ഹൃദയാഘാതമോ മറ്റോ വരാനുള്ള സാധ്യതയും പരിശോധിക്കേണ്ടതുണ്ട്. ഇക്കാരണത്താലാണ് ഉദ്ധാരണക്കുറവുള്ളവർ അക്കാര്യം ഡോക്ടറോടു തുറന്നു പറയേണ്ടത് അത്യാവശ്യമാണ് എന്നു നിർദേശിക്കുന്നത്.
പ്രമേഹം രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കുമ്പോഴാണ് ലൈംഗിക ബലഹീനത ഉണ്ടാവുന്നത്. പല പ്രമേ ഹരോഗികൾക്കും അമിതഭാരം, രക്താതിസമ്മർദം, അമിത കൊളസ്ട്രോൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി യവയും സാധാരണമാണല്ലോ. ഇവയെല്ലാം ലൈംഗിക ശേഷിയെ ബാധിക്കുന്നതുപോലെ ഹൃദ്രോഗമുൾപ്പെടെയുള്ള പ്രമേഹ സങ്കീർണതകളിലേക്കു നയിക്കുന്നവയാണ്. കൂടാതെ വ്യായാമക്കുറവും പുകവലിയും കൂടിയാകുമ്പോൾ ഉദ്ധാരണക്കുറവിനുള്ള സാധ്യത വേഗത്തിലാവുന്നു.