വേണം സ്ത്രീ സൗഹൃദ വ്യായാമയിടങ്ങൾ

അടുത്ത കാലം വരെ സ്ത്രീകൾക്ക് ഒരു ധാരണയുണ്ടായിരുന്നു; ജീവിതശൈലീ രോഗങ്ങൾ തങ്ങളെ ബാധിക്കുന്നതല്ല. ഹൃദ്രോഗമോ? പ്രമേഹമോ? അതൊക്കെ പുരുഷന്മാർക്കു വരുന്ന രോഗങ്ങളല്ലേയെന്ന്. എന്നാലിപ്പോൾ കണക്കുകൾ പറയുന്നത് കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ വർധിക്കുന്നതിന്റെ നിരക്ക് പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾക്കാണെന്നാണ്.
ഹൃദ്രോഗത്തിന് കാരണമായി പുകവലി, മദ്യപാനം ഉൾപ്പെടെയുള്ള ദുശ്ശീലങ്ങൾ പുരുഷന്മാരിൽ ആരോപിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കാര്യമായിട്ടില്ലാത്ത സ്ത്രീകൾ ഹൃദ്രോഗത്തിന് അടിപ്പെടുന്നത് എന്ന കാര്യം പ്രത്യേകം ഓർക്കുക.
ഇതെന്തുകൊണ്ട് സംഭവിക്കുന്നു?
ആർത്തവ വിരാമത്തിനു മുമ്പു വരെ ധാരാളം കാവൽക്കാരുള്ള ഒരു കോട്ടയാണ് സ്ത്രീശരീരം. അതുകൊണ്ടുതന്നെ ശരാശരി ആരോഗ്യമുള്ള സ്ത്രീകൾക്ക് ഈ കാലയളവിൽ രോഗങ്ങളിൽ നിന്നു രക്ഷയുണ്ട്. സന്ധിവേദന, നടുവേദന, ആർത്തവപ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന വയറുവേദന തുടങ്ങിയവയല്ലാതെ ഗുരുതരമായ രോഗങ്ങൾ ഇക്കാലയളവിൽ സ്ത്രീകളെ ബാധിക്കാറില്ല. അങ്ങനെ പുരുഷന്മാരെ അപേക്ഷിച്ച് കാവൽക്കാരാൽ ചുറ്റപ്പെട്ട ഒരു കോട്ട പോലെ നിൽക്കുന്ന സ്ത്രീശരീരത്തിന് പിന്നീട് ബലക്ഷയം സംഭവിക്കും. ആർത്തവ വിരാമത്തിനു തൊട്ടുമുമ്പു തന്നെ ഈ കാവൽക്കാർ ഓരോരുത്തരായി പിൻവാങ്ങി തുടങ്ങും. അതുകൊണ്ടാണ് ആർത്തവവിരാമത്തിനു തൊട്ടുമുമ്പ് രോഗങ്ങൾ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്.
യഥാർഥത്തിൽ എന്താണു സംഭവിച്ചത്? തുടർന്നു വരുന്ന ജീവിതശൈലിയിൽ മാറ്റം വരുത്താൻ സ്ത്രീകൾ തയാറാവുന്നില്ല എന്നതുതന്നെ. അതായത് ആർത്തവ വിരാമത്തിനു മുമ്പും ശേഷവും എന്നൊരു ജീവിതശൈലിയില്ല. മുപ്പതുകളിൽ സ്ത്രീകൾ എങ്ങനെയായിരുന്നോ അതുപോലെയാണ് നാൽപ്പതുകളിലും അമ്പതുകളിലും ജീവിക്കുന്നത്?
എന്തു ചെയ്യാം? ശരീരം നൽകുന്ന ആരോഗ്യസംരക്ഷണ കവചം അമ്പതു വയസ്സോടെ ഇല്ലാതാവുമെന്നതുകൊണ്ട് മുപ്പതിലേ തുടങ്ങണം തയാറെടുപ്പുകൾ. ഒരിക്കൽ ഹൃദയാഘാതം ഉണ്ടായാൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇരട്ടിയാണ്. അടിക്കടിയുണ്ടാകുന്ന ഹൃദയാഘാതങ്ങളെ അതിജീവിക്കാനുള്ള ശേഷി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് വളരെ കുറവാണ്.
പ്രമേഹം, പൊണ്ണത്തടി, രക്തത്തിലെ കൊഴുപ്പ്, ഉയർന്ന രക്തസമ്മർദം, മാനസിക സംഘർഷം തുടങ്ങിയവ സ്ത്രീകൾക്കിടയിൽ വർധിക്കുന്നതുകൊണ്ടു തന്നെ ഹൃദ്രോഗ സാധ്യതയും വളരെ കൂടുതൽ ആണ്.
നടക്കാനോ..
മുമ്പൊക്കെ ശരീരത്തിന് ആവശ്യമായ വ്യായാമം സ്ത്രീകൾക്ക് അവരുടെ ജോലികൾ കൊണ്ട് കിട്ടുമായിരുന്നു എന്നതാണ്. ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുക, അതു ചുമന്ന് വീട്ടിലെത്തിക്കുക, അമ്മിക്കല്ലിൽ അരയ്ക്കുക, വീട്ടിനടുത്തു തന്നെയുള്ള അടുക്കളത്തോട്ട പരിപാലനം, പിന്നെ വൈകുന്നേരം കുളിക്കടവിലേക്കുള്ള യാത്രകൾ. അങ്ങനെ ആരോഗ്യപരിപാലനവും നടക്കുന്നുണ്ടായിരുന്നു. അക്കാലത്ത് ജീവിച്ചിരുന്നവർക്ക് താരതമ്യേന രോഗങ്ങൾ കുറവായിരുന്നു. എന്നാൽ ഇന്ന് വീട്ടമ്മമാർക്കുപോലും അടുക്കളയിൽ അധികം അധ്വാനിക്കേണ്ടി വരുന്നില്ല.
സ്ത്രീകൾക്ക് സ്വസ്ഥമായി നടന്ന് വ്യായാമം ചെയ്യാവുന്ന സാമൂഹിക വ്യവസ്ഥിതിയല്ല കേരളത്തിലുള്ളത്. സുരക്ഷിതമായി നടക്കാവുന്ന മൈതാനങ്ങളുടെ അഭാവം പ്രധാന വിഷയമാണ്. രണ്ടാമത്തെ പ്രശ്നം സുരക്ഷയാണ്. അതിരാവിലെ ആയാലും വൈകുന്നേരമായാലും സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാവുന്ന പൊതുസ്ഥലങ്ങൾ കുറവാണ്. എങ്കിലും അരമണിക്കൂർ നിർത്താതെ നടക്കുന്നതിന് വീടിനകമോ മുറ്റമോ വീടിന്റെ പരിസരമോ ഒക്കെ തിരഞ്ഞെടുക്കാം. പക്ഷേ ശരീരം വിയർക്കും വരെ നടക്കാനുള്ള മനസ്സ് വേണമെന്നു മാത്രം.