റംസാന് വൃതം : രാത്രി അമിതഭക്ഷണം ഒഴിവാക്കിയാല് പകലത്തെ ക്ഷീണം കുറയും

വ്രതാനുഷ്ഠാന കാലത്ത് ചിട്ടയായ ആഹാരക്രമം വേണം. വ്രതത്തിന്റെ തുടക്കവും ഒടുക്കവും ലഘു ഭക്ഷണമാണു വേണ്ടത് അജീർണവും മലബന്ധവും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, ചെറുപഴം എന്നിവ കഴിക്കാം. ഗോതമ്പുകൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ, റാഗി, കൂവ എന്നിവ മികച്ചവയാണ്. പുട്ട് ഒഴിവാക്കുക. പത്തിരിയാണു നല്ലത്. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽത്തന്നെ കഴിക്കുന്നതാണു നല്ലത്. നോമ്പിന്റെ ഗുണം പൂർണമായി കിട്ടാൻ സസ്യാഹാരി ആകുന്നതാണ് ഉചിതം. മൽസ്യം, മാംസം എന്നിവ ഒഴിവാക്കുന്നതിനോടൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച്, രക്തസമ്മർദം ഉള്ള രോഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ദഹനശേഷി കുറവായിരിക്കും എന്നതിനാൽ അമിതഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. രാത്രി അമിതഭക്ഷണം ഒഴിവാക്കിയാൽ പിറ്റേദിവസം പകൽസമയത്തെ ക്ഷീണം കുറയും. എണ്ണഭക്ഷണം കഴിച്ചാൽ ആമാശയ ശുദ്ധീകരണം നടക്കില്ല. അയണും കാലറിയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീർ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ കൽക്കണ്ടം ചേർത്ത തണുത്ത വെള്ളം കഴിക്കാം. കറുത്ത കസ്കസ് വെള്ളത്തിലിട്ടതും ആവാം. പഴച്ചാർ, ചെറുപയർ തിളപ്പിച്ച വെള്ളം, റവകൊണ്ടുള്ള കട്ടികുറഞ്ഞ പായസം എന്നിവ നല്ലതാണ്. എന്നാൽ, നാരങ്ങാവെള്ളം ഒഴിവാക്കാം. പ്രമേഹരോഗികൾ പതിമുഖം ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുക. ഇതിനുശേഷം ചുരുങ്ങിയത് ഒരു മണിക്കൂർ കഴിഞ്ഞാവണം അടുത്ത ഭക്ഷണം. നോമ്പ് അവസാനിപ്പിക്കുമ്പോൾ ആദ്യം കഴിക്കുന്ന ഭക്ഷണം പഴങ്ങൾ ആവാതിരിക്കുന്നതാണ് ഉത്തമം. ധാന്യാഹാരമാണ് ആദ്യം കഴിക്കാൻ നല്ലത്. കാരണം, ഒഴിഞ്ഞിരിക്കുന്ന വയറിലേക്ക് ആദ്യം എത്തേണ്ടതു കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ്. പഴങ്ങൾ കഴിക്കുമ്പോൾ എത്തുന്നത് അസിഡിക് ഭക്ഷണങ്ങളാണ്.