മുറ്റത്തെ പേരയ്ക്കയ്ക്ക് ഗുണമുണ്ട്…

തൊടിയിൽ പേരയുണ്ടോ ? അത് തിന്നാൻ കിളികളും അണ്ണാനും ഒക്കെ വരാറുണ്ടോ ? ഉണ്ടെങ്കിൽ കിളികളും അണ്ണാനുമൊക്കെ റാഞ്ചുന്നതിന് മുൻപ് മടിക്കാതെ ഒരെണ്ണം പറിച്ചു തിന്നോളൂ..ഗ്ലൈസീമിക് ഇൻഡെക്സ് നന്നേ കുറവുള്ള ഫലവർഗമായ പേരയ്ക്ക പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം…
വീട്ടു മുറ്റത്ത് നിരന്തരം കാണുന്ന പേരയ്ക്ക കാണുമ്പോൾ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന മനോഭാവം ആണ് പലർക്കും. നല്ലതാണ് തിന്നോളൂ എന്ന് ആരേലും പറഞ്ഞാൽ പോലും വേണ്ട..പേരയ്ക്കയുടെ ഗുണം അറിയാതെയാണ് ആ മുഖം തിരിക്കൽ. പ്രമേഹം നിയന്ത്രിക്കാൻ കഴിവുള്ളതും മല ബന്ധം കുറയ്ക്കാൻ കഴിയുന്നതുമാണ് പേരയ്ക്ക എന്ന് പലർക്കും അറിയില്ല.
വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയ്ക്ക് ഒപ്പം ധാരാളം ഫൈബറും ഇതിൽ ഉണ്ട്. നൂറു ഗ്രാം വരുന്ന പേരയ്ക്കയിൽ 5.4 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട് എന്നതാണ് പഠനങ്ങൾ കാണിക്കുന്നത്. നൂറു ഗ്രാം അളവിൽ നല്ല ഫ്രഷ് പേരയ്ക്ക കഴിച്ചാൽ ഏതാണ്ട് 228 മില്ലീഗ്രാം വിറ്റാമിൻ സി ആണ് ശരീരത്തിൽ എത്തുന്നത്. ബീറ്റാ കരോട്ടിൻ പോലുള്ള ഫ്ളവനോയിടുകളും ഇതിൽ ധാരാളം ഉണ്ട്.
ഹൃദയാരോഗ്യത്തിനും ബ്ലഡ് പ്രഷർ കുറയ്ക്കാനും സഹായിക്കുന്ന തരത്തിൽ പൊട്ടാസ്യവും ധാരാളം ഉണ്ട്. ഒരേ തൂക്കത്തിൽ വാഴപ്പഴവും പേരയ്ക്കയും എടുത്താൽ അതിൽ പേരയ്ക്കയിൽ ആണ് പൊട്ടാസ്യം അളവ് കൂടുതൽ. ഈ ഗുണങ്ങൾ കൊണ്ടാണ് പ്രമേഹ രോഗികൾക്ക് നിഷ്കർഷിക്കുന്ന 1500 കലോറി ആഹാര ക്രമത്തിൽ നാലുമണി ചായയ്ക്ക് ഒപ്പം ഒരു പേരയ്ക്ക കൂടി സ്ഥാനം പിടിച്ചത്. ചുമ്മാ കളയാതെ പേരയ്ക്കാ തിന്നുകയല്ലേ ഇനി ?