മുറിവുകളെ അവഗണിച്ചാൽ മുറിച്ചു മാറ്റൽ അനിവാര്യമാകും

പ്രമേഹത്തെ നാം നിസ്സാരമായി കാണുമ്പോൾ പലപ്പോഴും ഉണ്ടാകുന്നത് ജീവിതകാലത്ത് ഒരു കാരണവശാലും പരിഹരിക്കാൻ കഴിയാത്ത തീരാവേദനകളാണ്. ഷുഗർ പരിശോധന നടത്താൻ കൂട്ടാക്കാതെയിരുന്ന ഗൾഫ് മലയാളിക്കുണ്ടായ അനുഭവം നോക്കാം. കാലിൽ ചെറിയ മുറിവ് മാത്രമുണ്ടായിരുന്ന അദ്ദേഹം ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ പോയത് തന്നെ. ഷുഗർ 450 ന് മുകളിലാണെന്ന് അറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാൻ കൂടെയുള്ളവർ നിർബന്ധിച്ചു. അവിടത്തെ കാര്യങ്ങൾ ഒതുക്കി ടിക്കറ്റുമെടുത്ത് നാട്ടിലെത്തിയപ്പോൾ പിന്നെയും രണ്ടുമൂന്ന് ദിവസങ്ങൾ പോയി. കാൽപത്തിയിലേക്ക് പഴുപ്പുകേറിയ നിലയിൽ എത്തിയ ആ രോഗിയുടെ കാലുമുറിച്ചുമാറ്റൽ അല്ലാതെ വേറൊരു വഴിയുമുണ്ടായിരുന്നില്ല. പ്രവാസജീവിതത്തിന് അവിചാരീത അന്ത്യം കുറിക്കപ്പെട്ട ഈ പ്രവാസിയെപ്പോലെയാണ് വിഐപി ഡ്യൂട്ടി മൂലം ദുരിതത്തിലായ ഒരു പോലീസ് സബ് ഇൻസ്പെക്ടറുടെ അനുഭവവും. കാലിൽ മുറിവ് പറ്റിയെങ്കിലും വിഐപി ഡ്യൂട്ടി മൂലം അവധി നിരാകരിക്കപ്പെട്ട ഉദ്യോഗസ്ഥൻ ചികിത്സ തേടുമ്പോഴേക്കും രണ്ടു ദിവസങ്ങൾ കഴിഞ്ഞു. അപ്പോഴേക്കും കാൽപാദവും ഉപ്പൂറ്റികളും പഴുപ്പുകയറി. രണ്ടു വിരലുകളാണ് രണ്ടുദിവസത്തെ ഇടവേളയ്ക്കു കൊടുക്കേണ്ടിവന്ന വില. ഹൈ ബ്ലഡ് ഷുഗർ ഉള്ളവർക്ക് മൂന്നോ നാലോ ദിവസം മതി ഇൻഫെക്ഷൻ ഗുരുതരമായി അപകമുണ്ടാകാൻ. ഇത്തരക്കാർ കൃത്യസമയത്ത് ചികിത്സതേടുകയും കംപ്ലീറ്റ് ബെഡ്റസ്റ്റ് എടുക്കുകയും വേണം.