മീൻ കറി മതി

മൽസ്യം കഴിച്ചോളൂ… എന്തും അരുത് അരുത് എന്ന് മാത്രം കേട്ടുശീലിച്ച പ്രമേഹ രോഗികൾക്ക് കാതിൽ കുളിർമ നൽകുന്നതാകും ഈ വാക്കുകൾ.. അപ്പോൾ ദിവസവും മൽസ്യം കഴിക്കാമെന്ന് കൂടി കേട്ടാലോ… ആനന്ദലബ്ധിയ്ക്കു ഇനിയെന്ത് വേണമെന്നാകും ചിന്ത..
പ്രമേഹരോഗികളുടെ ആഹാര ചിട്ടാ ഗ്രൂപ്പുകളിൽ ഗുണകരവും ആരോഗ്യപ്രദവുമായ വസ്തുക്കൾ അടങ്ങിയവയിലാണ് മത്സ്യത്തിന്റെ സ്ഥാനം. പക്ഷേ കറിവെച്ചത് മാത്രമേ ഇതിൽ പെടൂ. വറുത്ത മൽസ്യം അപകടഗ്രൂപ്പിൽ തന്നെയാണ്. ഹൃദയത്തിനു സംരക്ഷണം നൽകുന്ന ചില കൊഴുപ്പ് അമ്ലങ്ങൾ(ഒമേഗ ഫാറ്റി ആസിഡ്) അടങ്ങിയ മത്തി, ചൂര,അയല എന്നിവ ദിവസവും കറിവെച്ചത് ആകാം. മൽസ്യം കഴിക്കാമെന്ന് കരുതി കിട്ടിയ ഞണ്ട് പോലുള്ളവ ഒക്കെ അടിച്ചു കേറ്റരുത് കേട്ടോ. ഞണ്ട് ബീഫിനെക്കാളും മട്ടനേക്കാളും കൊളസ്ട്രോൾ കൂടിയ ഇനമാണ്. മത്തിയിൽ 90 ഗ്രാമിൽ 48 മില്ലിഗ്രാം കൊളസ്ട്രോൾ മാത്രമുള്ളപ്പോൾ ഞണ്ടിൽ അത് 85 ആണെന്ന് മനസിലാക്കുക.
രണ്ട് കഷണം വരെ ഉച്ചഭക്ഷണത്തിൽ മൽസ്യം ആകാം… അത്താഴത്തിൽ മൽസ്യം വേണ്ട..കോഴി ഇറച്ചി തൊലികളഞ്ഞത് കറിവെച്ചു കഴിക്കുന്ന ദിവസം മൽസ്യം ഒഴിവാക്കുക. ടിന്നിൽ കിട്ടുന്ന മൽസ്യം ഒഴിവാക്കുക. അത് പോലെ കറിവെച്ചത് ആണെങ്കിൽ കൂടി ഫ്രിഡ്ജിൽ വെച്ചത് പിറ്റേന്ന് ചൂടാക്കി കഴിക്കുന്നതും ഒഴിവാക്കുക.