മനസ്സ് ശാന്തമാക്കാൻ മെഡിറ്റേഷൻ

സദാ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കുന്നവർക്ക് പ്രമേഹം വിളിപ്പാട് അകലെയാണ് . റിലാക്സ് ചെയ്യാൻ അൽപ്പം പോലും സമയം ശരീരത്തിന് ലഭിക്കാതെ സിംപതറ്റിക് നാഡീവ്യൂഹം നിരന്തരം ഉത്തേജിതാവസ്ഥയിൽ നിൽക്കുന്ന ഈ അവസ്ഥ സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് സ്ട്രെസ്സും പ്രമേഹവും എന്നതിൽ വിവരിച്ചതാണ്.ഇത്തരം അപകടാവസ്ഥ തരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന റിലാക്സേഷൻ ടെക്നിക്കുകളിൽ ഒന്നാണ് മെഡിറ്റേഷൻ.
പ്രമേഹരോഗി ദിവസം ഒരു നേരമെങ്കിലും ബോധപൂർവമായ റിലാക്സേഷന് സമയം കണ്ടെത്തണം. ഫലപ്രദമായി ചെയ്യാവുന്ന ഒരു റിലാക്സേഷൻ ടെക്നിക്കാണ് മെഡിറ്റേഷൻ എന്ന ധ്യാനം. നടു നിവർത്തി, തല ഉയർത്തിപ്പിടിച്ച് സൌകര്യപ്രദമായ രീതിയിൽ സ്വസ്ഥമായി ഇരിക്കുക. നന്നായി ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് കണ്ണടച്ചിരിക്കുക. അപ്പോൾ മറ്റെല്ലാ ചിന്തകളും ഒഴിവാക്കി നമ്മുടെ നെഞ്ചിലും വയറ്റിലും വരുന്ന ഉയർച്ചയും താഴ്ചയും മാത്രം ശ്രദ്ധിക്കുക. ശ്രദ്ധ കേന്ദ്രീകരിക്കാനായി ശ്വാസോച്ഛ്വാസം എണ്ണാവുന്നതാണ്. തനിക്കു പ്രിയപ്പെട്ട എന്തെങ്കിലും പദം ഉരുവിട്ടുകൊണ്ടേയിരിക്കലും ശ്രദ്ധമാറിപ്പോവാതിരിക്കാൻ നന്നായിരിക്കും. അല്ലെങ്കിൽ ഒന്നുമുതൽ പത്തുവരെ മെല്ലേ എണ്ണിക്കൊണ്ടേയിരിക്കുമ്പോൾ ശ്രദ്ധ മാറിപ്പോയെങ്കിൽ വീണ്ടും ഒന്നിൽ നിന്നും തുടങ്ങുക. ഏകദേശം 20 മിനിറ്റ് ഈ രീതിയിൽ തുടർന്നാൽ കണ്ണു തുറന്നു മെല്ലെ പരിസരബോധം വീണ്ടെടുത്ത് സമയമെടുത്ത് കൊണ്ട് എഴുന്നേൽക്കുക. മനസിനും ശരീരത്തിനും സുഖം കൈവരുന്നത് മനസ്സിലാക്കാം.