ഭക്ഷണനിയന്ത്രണം പോലും സാധ്യമല്ലാതെ സ്വയം കത്തിയെരിയുന്ന സമസ്യയാണ് വീട്ടമ്മ

കുടുംബത്തിന്റെ കടിഞ്ഞാൺ കൈയ്യിലുള്ള വ്യക്തിയെന്ന നിലയിൽ സ്ത്രീയ്ക്ക് സമൂഹം കൽപ്പിച്ചുനൽകിയ ശാരീരികവും മാനസികവുമായ ഉത്തരവാദിത്വങ്ങൾ തന്നെയാണ് ചികിത്സാകാര്യത്തിലെയും പ്രതിബന്ധം. സമ്പാദിക്കുന്നതും ചിലവഴിക്കുന്നതും പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ കുടുംബത്തെ വനിതകളുടെ പ്രമേഹരോഗത്തിനെല്ലാം മുൻഗണനാ ക്രമത്തിൽ പിറകിലാകും ഇടം. ഇനി സ്ത്രീകൾ ചിലവഴിക്കുന്ന ഇടങ്ങളിലാകട്ടെ സ്വന്തം രോഗത്തേക്കാൾ അവർ പ്രാധാന്യം നൽകുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകമൂല്യമുള്ള ആഹാരം നൽകുന്നതിനുമാകും.
പ്രമേഹ നിയന്ത്രണത്തിൽ അനിവാര്യമായ ഘടകങ്ങളാണ് അത്യാവശ്യം വ്യായാമവും ആഹാരനിയന്ത്രണവും. ഒന്ന് എക്സർസൈസ് ചെയ്യണമെന്നോ പ്രഭാതനടത്തത്തിന് ഇറങ്ങണമെന്നോ വിചാരിച്ചാൽ പോലും സാഹചര്യങ്ങൾ സ്ത്രീക്ക് പ്രതികൂലമാകും. ഒന്നുകിൽ ആളുകൾ എന്ത് കരുതുമെന്ന തോന്നൽ, അല്ലെങ്കിൽ പ്രഭാതത്തിലെ വീട്ടുജോലികൾക്കിടയിൽ നിന്നും സമയം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. എന്തെങ്കിലും കാരണം കാണും വഴിമുടക്കാൻ. നമ്മുടെ സാഹചര്യങ്ങളിൽ സ്ത്രീക്ക് അക്സെസ്സ് ടു ഫിസിക്കൽ എക്സർസൈസ് എന്നത് അൽപ്പം ദുഷ്ക്കരമായ ഒന്നാണ്.
ഇനി ആഹാര നിയന്ത്രണമാണെങ്കിൽ ഭക്ഷണം പാഴാക്കരുത് എന്ന ചിന്തയുള്ള വീട്ടമ്മമാർ ഡയറ്റ് എല്ലാം മറക്കും. ഫ്രിഡ്ജിൽ വെച്ച ആഹാരം ചൂടാക്കികഴിക്കരുത് എന്നൊക്കെ എത്ര പറഞ്ഞാലും ദുർവ്യയത്തെ വെറുക്കുന്ന വീട്ടമ്മ കേൾക്കുകയുമില്ല. പ്രമേഹമുൾപ്പെടെയുള്ള രോഗങ്ങൾ സ്ത്രീകളിൽ നിയന്ത്രണാതീതമായി മാറുന്നതിന്റെ കാരണങ്ങളിൽ പ്രമുഖം സ്ത്രീകൾ സ്വജീവിതത്തോട് കാട്ടുന്ന ഇത്തരം നിസംഗത കൊണ്ടുകൂടികൊണ്ടാണ്. എന്നാൽ ഇതേ വീട്ടമ്മമാർ തന്നെയാണ് അവരുടെ കുടുംബാംഗങ്ങളുടെ ആരോഗ്യം ചിട്ടയോടെ പരിപാലിക്കുന്നത് എന്നതാണ് കൌതുകകരം. ഡയബെറ്റിക് അല്ലാത്ത സ്ത്രീകൾ പോലും ഡയറ്റ് പാലനത്തിൽ അവർക്കുള്ള അറിവ് വെച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരും. അവർ അടങ്ങുന്ന ഗ്രൂപ്പിൽ അത് ചർച്ച ചെയ്യുകയും ചെയ്യും. പ്രമേഹരോഗ പ്രതിരോധത്തിൽ നിർണായകമുന്നേറ്റം ഉണ്ടാകണമെങ്കിൽ വീടുകളിലേക്ക് സന്ദേശം എത്തണം.
പൊതുജനാരോഗ്യമേഖലയിൽ കേരളത്തിന് മുന്നോട്ടു കുതിക്കാനായതിന്റെ കാരണം സ്ത്രീകളിലെ ഉയർന്ന വിദ്യാഭ്യാസ നിരക്ക് കൊണ്ടാണ്.സ്ത്രീകൾ ചുക്കാൻ പിടിക്കുന്ന കുടുംബങ്ങളിൽ അവർക്കുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങൾ കുട്ടികളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കുട്ടികളുടെ മാനസീക ആരോഗ്യത്തെ പോലും ബാധിക്കുന്ന തരത്തിൽ സ്ഥിതിഗതി വഷളായ കേസുകളും ഉണ്ട്. വനിതാപ്രമേഹരോഗികളുടെ കാര്യത്തിൽ കുടുംബത്തിൽ തുടങ്ങി സമൂഹത്തിൽ വരെ നീളുന്ന തരത്തിൽ ഒരു പുനർവിചിന്തനം ആവശ്യമാണ്.
ലേഖനം അവസാനിക്കുന്നു..പക്ഷേ..ഇത്തരം സത്യകഥകള് അവസാനിക്കുന്നില്ല..