ഭക്ഷണം ശരിക്കും കഴിച്ചു ശീലിക്കാം

കർക്കശമായ ആഹാര ചിട്ട പാലിക്കൽ പ്രാവർത്തീകം ആക്കണമെങ്കിൽ നമ്മുടെ ഭക്ഷണശീലം ഒന്ന് നിരീക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ഉണർത്തുന്നത് എന്താണ് എന്നറിഞ്ഞാൽ ഭക്ഷണ ശീലത്തിൽ പരിവർത്തനം നടത്താനും കഴിയും.
ഭക്ഷണം ശരിയായി കഴിക്കാൻ പഠിക്കുക എന്നതാണ് പ്രധാനം. നിങ്ങൾ എന്താണ് കഴിക്കുന്നത് എന്ന് അറിയുക എന്നത് തെറ്റായ ഭക്ഷണ രീതികൾ ഒഴിവാക്കുന്നത് പോലെ നിർബന്ധമുള്ള കാര്യമാണ്. രുചിയേയും വിശപ്പിനെയും തിരിച്ചറിയണം. എന്തെങ്കിലും തിന്നണം എന്ന് തോന്നുമ്പോൾ എനിക്ക് തോന്നുന്നത് ശരിയായ വിശപ്പാണോ എന്ന് സ്വയം ചോദിക്കാം. ശരിക്കും വിശക്കുന്നു എങ്കിൽ മാത്രം ഭക്ഷണം കഴിക്കാം. സാവധാനം ഭക്ഷിക്കുക. വേഗം വേഗം കഴിക്കുമ്പോൾ ആവശ്യം ഉള്ളതിൽ കൂടുതൽ അളവ് ഭക്ഷണം അകത്തു ചെന്നാലും അറിയില്ല..സാവധാനം കഴിച്ചാലോ വയർ നിറഞ്ഞുവെന്ന തോന്നൽ ഉളവാക്കുകയും അത് അധിക ഭക്ഷണം അകത്തു ചെല്ലാതെ കാക്കുകയും ചെയ്യും.സന്ദർഭത്തിന് അനുസൃതമായ തീറ്റ ഒഴിവാക്കണം. ടിവി കാണുമ്പോൾ, കാർ ഓടിക്കുമ്പോൾ,പത്രം വായിക്കുമ്പോൾ, കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ, ഇത്തരം സന്ദർഭങ്ങളിൽ എല്ലാമുള്ള ഭക്ഷണം കഴിക്കൽ ഒഴിവാക്കുക. ഒരു പ്രവർത്തിക്ക് ഇടയിൽ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ വിശപ്പ് ഇല്ലെങ്കിലും അമിതമായി തിന്നുപോകും. പതിവായ സമയത്തു മാത്രം ഭക്ഷണം കഴിച്ചു ശീലിച്ചാൽ നിയന്ത്രിതമായ ഭക്ഷണ ക്രമത്തിലേക്ക് എത്താൻ എളുപ്പമാകും.