ഫ്രക്ടോസ് കോൺസിറപ്പ് എന്ന വില്ലൻ

മധുരങ്ങളിലെ പ്രധാന വില്ലൻ പല സോഫ്റ്റ് ഡ്രിങ്ക്സിലും ചേർക്കുന്ന ഫ്രക്ടോസ് കോൺസിറപ്പാണ്. സാധാരണ പഞ്ചസാരയെക്കാൾ പലമടങ്ങ് മധുരവും താരതമ്യേന വിലക്കുറവും കാരണം ഇതു കോളകളിലെല്ലാം ചേർക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. ഇതു വിവിധതരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മറ്റു മധുരങ്ങൾ വേഗം ആഗിരണം ചെയ്യുകയും രക്തത്തിലെ ട്രൈഗ്ലിസറൈഡ്, ചീത്ത കൊഴുപ്പുകളുടെ ഉത്പാദനം എന്നിവ കൂട്ടുകയും ചെയ്യുന്നു. സ്ഥിരമായ ഉപയോഗം നോൺ ആൽക്കഹോളിക് ലിവർ ഡിസീസിനും വിശപ്പുകൂട്ടുന്നതിനും കാരണമാകുന്നു. മദ്യപാന ശീലം ഇല്ലാത്ത മലയാളത്തിലെ ഒരു പ്രശസ്ത യുവസംവിധായകന്റെ പെട്ടന്നുള്ള മരണത്തിനു പിന്നിൽ സ്ഥിരമായ കോള ഉപയോഗം ആയിരുന്നു എന്നത് ഇതിനോട് ചേർത്തു വായിക്കുക.
സോഫ്റ്റ് ഡ്രിങ്ക്സിലൂടെ എത്തുന്ന മധുരം കുട്ടികളിലും കൗമാരക്കാർക്കിടയിലും അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഇവയുടെ ഉപയോഗം വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ (വിസറൽ ഫാറ്റ്) അളവു കൂട്ടുകയും ഇതു പ്രമേഹത്തിനു കാരണമാകുകയും ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടിൽ ദാഹം തീർക്കാൻ നിരന്തരം സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗിച്ച് പ്രമേഹവുമായി നാട്ടിലെത്തുന്നവർ നിരവധിയാണ്.
ഇതിനെല്ലാം പുറമെയാണ് നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന ശീതളപാനീയങ്ങളിൽ ഉണ്ടെന്നു കണ്ടെത്തിയ കീടനാശിനിയുടെ അളവ്. യൂറോപ്യൻ യൂണിയന്റെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് അതിനേക്കാൾ മുപ്പതു മടങ്ങു അധികം കീടനാശിനി സാന്നിധ്യമാണ് ഇന്ത്യൻ ശീതള പാനീയത്തിൽ കണ്ടെത്തിയത്. അമേരിക്കയിൽ 98 ൽ നടന്ന ഒരു പൊതുജനാരോഗ്യ സർവേ കൂടി സൂചിപ്പിച്ചു സംഗ്രഹിക്കാം. സിഗരറ്റിലും മദ്യത്തിലും പുറമേ ആരോഗ്യത്തിന് ഹാനീകരം എന്ന് രേഖപ്പെടുത്തുന്ന പോലെ ശീതള പാനീയത്തിലും ആകാം എന്ന ശുപാർശയോടെയാണ് ആ സർവേ സി.എസ്.പി.ഐ അവസാനിപ്പിച്ചത്. കോടികൾ കിലുങ്ങുന്ന പരസ്യ വിപണിയെയും ഭരണകൂടങ്ങളെയും നിയന്ത്രിക്കുന്ന കുത്തകകൾക്കിടയിൽ എങ്ങനെ നടപ്പാകും ആ ശുപാർശ?