പ്രോട്ടീൻ, പൊട്ടാസ്യം, വൃക്ക രോഗികൾ വർജ്ജിക്കേണ്ടവ

വൃക്ക രോഗം സ്ഥിരീകരിച്ചാൽ ഭക്ഷണ കാര്യത്തിൽ കടുത്ത നിയന്ത്രണം അനിവാര്യമാണ്. പ്രത്യേകിച്ചും പ്രമേഹ രോഗം ഉള്ളവരിൽ വൃക്ക രോഗം ഉണ്ടാകുന്ന കേസുകളിൽ. പ്രോട്ടീനും പൊട്ടാസ്യവും നിയന്ത്രിതമായ അളവിൽ മാത്രം അകത്തു ചെല്ലുന്ന തരത്തിലുള്ള ഭക്ഷ്യ പദാർഥങ്ങൾ ആണ് ഇത്തരക്കാർക്ക് ഉത്തമം.
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾ നിയന്ത്രിച്ച് നിർത്തണം. പയർ വർഗങ്ങൾ, കടലവർഗങ്ങൾ, ഇറച്ചി, മീൻ, മുട്ട ഇവയിലെല്ലാം പ്രോട്ടീന്റെ അളവ് കൂടുതലാണ്. ഇത് പൂർണ്ണമായും വർജ്ജിക്കണമെന്നല്ല നിയന്ത്രണത്തോടെ കഴിക്കാൻ ശ്രമിക്കുക. ശരീര ഭാരത്തിന് അനുസൃതമായാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകേണ്ട പ്രോട്ടീന്റെ അളവ് തീരുമാനിക്കുന്നത്. ഒരു കിലോയ്ക്ക് ഒരു ഗ്രാം എന്ന നിലയിൽ 60 കിലോ തൂക്കമുള്ള ഒരാൾക്ക് 60 ഗ്രാം പ്രോട്ടീൻ കഴിക്കാം. വൃക്കരോഗം ഉള്ളവർ ഇത് 0.6 ആയി കുറക്കണം. അതായത് പ്രതിദിനം 60 ഗ്രാം കഴിക്കാവുന്ന സ്ഥാനത്ത് 36 ഗ്രാം മാത്രം.
പഴങ്ങളിലും പച്ചക്കറികളിലും ഈ നിയന്ത്രണം അനിവാര്യമാണ്. ബോഡി മാസ് ഇൻഡക്സ് നിയന്ത്രിച്ച് നിർത്തുക എന്നതും പ്രധാനം തന്നെ. പൊട്ടാസ്യം കൂടാതെ നോക്കണം. വൃക്ക തകരാറിലായാൽ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുമ്പോൾ അത് ഹൃദയാഘാതത്തിന് വഴിവെക്കുമെന്ന് അറിയുക. പഴങ്ങളിൽ അഞ്ച് വർഗത്തിൽപ്പെട്ട പഴങ്ങൾ മാത്രമാണ് കഴിക്കാവുന്നത്. ആപ്പിൾ, പൈനാപ്പിൾ, പപ്പായ, പേരയ്ക്ക, ഓസ്ട്രേലിയൻ പിയർ എന്നിവ വല്ലപ്പോഴും കഴിക്കാം. ബാക്കിയുള്ളവ പൂർണ്ണമായും വർജ്ജിക്കണം. പച്ചക്കറികളിൽ ചീര, മുരിങ്ങ, കപ്പ, ചേന, ചക്ക പച്ചപ്പപ്പായ തുടങ്ങിയവയെല്ലാം പരമാവധി ഒഴിവാക്കണം. ചക്കരയിലും പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്. ഇനി പച്ചക്കറി കഴിക്കണമെന്ന് നിർബന്ധമാണെങ്കിൽ പച്ചക്കറി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞ ശേഷം കറിവെച്ച് കഴിക്കുക. വൃക്കരോഗം മൂർച്ഛിക്കാതിരിക്കാൻ ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യം തന്നെ.