പ്രാതലിന് തേങ്ങാചട്ണി വേണോ ?

ദോശയ്ക്കും ഇഡലിക്കും ഒക്കെ മാവ് തയ്യാറാക്കുമ്പോള്‍ തന്നെ മിക്ക വീടുകളിലും പ്രാതലിനുള്ള കറിയുടെ കാര്യത്തില്‍ ഒരു തീര്‍പ്പ് ആകുക പതിവാണ്. കടുക് പൊട്ടിച്ച്, ചുവന്ന മുളക് വെളിച്ചെണ്ണയില്‍ താളിച്ചെടുത്ത് മുന്നില്‍ വരുന്ന തേങ്ങാ ചട്നിക്ക് ഒപ്പം ദോശയും ഇഡലിയും ഒരു പിടിപിടിക്കുന്നത് ഓര്‍ക്കുന്നതുപോലും മനസ്സില്‍ കൊതി നിറയ്ക്കും .. തേങ്ങാ ചട്ണി ഇല്ലാത്ത ഒരു ദോശ-ഇഡലി പ്രാതലിനെകുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത തരത്തില്‍ അത്രമേല്‍ മാനസീകമായി അടുപ്പവും ഉണ്ട് ഭൂരിപക്ഷം പേര്‍ക്കും എന്നതും വസ്തുത തന്നെ. എന്നാല്‍ ഒരു പ്രമേഹ രോഗിയുള്ള വീട്ടില്‍, ഭക്ഷണ നിയന്ത്രണം അനുശാസിക്കപ്പെട്ട ഒരാള്‍ കൂടെ ഉള്ളപ്പോള്‍ തേങ്ങാ ചട്ണി പ്രാതലിനും മറ്റും വേണോ എന്ന് ചോദിച്ചാല്‍ വേണ്ട എന്ന് തന്നെയാണ് ഉത്തരം.
ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചു തേങ്ങയും അനുബന്ധ വസ്തുക്കളും ഒഴിവാക്കുന്നതാണ് ഉത്തമം. പ്രമേഹ രോഗിയുടെ ആഹാര സൂചികയില്‍ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് തേങ്ങയും തേങ്ങാ ചട്ണിയുമുള്ളത്. കൊഴുപ്പിന്റെ അളവ് കൂടുതലും, ഗ്ലൈസീമിക് ഇന്‍ഡക്സ് വളരെ കൂടുതലും, ഊര്‍ജ്ജം അമിത അളവിലുള്ളതുമായ ഭക്ഷണങ്ങള്‍ അടങ്ങിയ ഗ്രൂപ്പിലാണ് തേങ്ങ വരിക. അല്ലാതെതന്നെ നമ്മള് ധാരാളം തേങ്ങാ തോരനിലും കറികളിലുമായി ഉപയോഗിക്കുന്നവരാണ്. പച്ചത്തേങ്ങാ ഉപയോഗിക്കുന്നതാണ് ഉണക്ക തേങ്ങയേക്കാള്‍ അഭികാമ്യം. രാവിലെ പ്രാതലിനൊപ്പം ഉള്ളിച്ചമ്മന്തി, തക്കാളിച്ചട്ണി, പച്ചക്കറികള്‍, പയറു വര്‍ഗ്ഗങ്ങള്‍, പരിപ്പുവര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്. തക്കാളിയിലെ മധുരം ദോഷം ചെയ്യില്ല. തക്കാളിയില്‍ അന്നജവും കലോറിയും മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തോതിലേ ഉള്ളൂ. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് തക്കാളി കഴിക്കാവുന്നതാണ്.