പ്രമേഹ ചികിത്സയ്ക്കുമുണ്ട് ഒരു സുവർണകാലം

പ്രമേഹമുണ്ടെന്ന് അറിയുമ്പോൾ തന്നെ അതിനെ നിരസിക്കുവാനുള്ള മനോഭാവമാണ് പലപ്പോഴും പലരിലും കാണുക. പ്രമേഹം വരാൻ ഒരു സാധ്യതില്ല എന്നും റിസൾട്ട് തെറ്റിയതാകും വേറെ ലാബിൽ നോക്കിയേക്കാമെന്നുമാകും ചിന്ത. എനിക്ക് പ്രമേഹമുണ്ട് എന്ന് പൂർണ്ണമായും അംഗീകരിക്കാൻ സമയം ഏറെ എടുക്കും.
പ്രമേഹം തിരിച്ചറിയുന്ന ഘട്ടത്തിൽ അഥവ രോഗത്തിന്റെ തുടക്ക ഘട്ടത്തിൽ തന്നെയാണ് ഏറ്റവും ശക്തമായ ഇടപെടലുകൾ വേണ്ടത്. നമ്മുടെ നാട്ടിൽ പക്ഷേ, കാര്യങ്ങൾ തിരിച്ചാണ് സംഭവിക്കുന്നത്. പ്രമേഹത്തോടും ചികിത്സയോടും ജീവിത ശൈലി മാറ്റത്തോടും ഏറ്റവും ഉദാസീനതയും അവഗണനയും രോഗികൾ പ്രകടിപ്പിക്കുന്നത് ഈ ആദ്യ ഘട്ടത്തിലാണ്.
പ്രമേഹ ചികിത്സയിലെ സുവർണകാലം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ആദ്യ ഘട്ടത്തിൽ ഭൂരിഭാഗം പേരിലും മറ്റ് സങ്കീർണ്ണതകൾ ആരംഭിച്ചിട്ടുണ്ടാകില്ല. ചുരുക്കം ചില മരുന്നുകളും അൽപം ശ്രദ്ധയും ജീവിതചര്യാ മാറ്റങ്ങളും കൃത്യമായ നിരീക്ഷണവും ഉണ്ടെങ്കിൽ സുഗമമായി ഈ ഘട്ടം കടന്നുപോകും. ഭാവിയിലുണ്ടാകുന്ന പ്രമേഹ സങ്കീർണ്ണതകൾ ഇല്ലാതാകുകയും ചെയ്യും. ഈ തിരിച്ചറിവാണ് രോഗികൾക്ക് ആദ്യം വേണ്ടത്.