പ്രമേഹവഴിയില് നൈരാശ്യം പിടികൂടുന്നോ ? വിഷാദരോഗ ലക്ഷണമാകാം

പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെപോകാറുണ്ട്. പ്രമേഹം ഒരാള്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ പകുതിയോളം പേരെ കാലക്രമത്തില്‍ വിഷാദരോഗമോ ഉത്ക്കണ്ഠരോഗങ്ങളോ ബാധിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
വിഷാദരോഗം കൂടുതലായും പിടികൂടുന്നത് സ്ത്രീകളെയാണ്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായ തളര്‍ച്ച, മെലിച്ചില്‍, ലൈംഗികകാര്യങ്ങളിലുള്ള വിരക്തി തുടങ്ങിയവ ഷുഗര്‍ കൂടുന്നതിന്റെ ലക്ഷണങ്ങളായും, അമിത ഉത്കണ്ഠയുടെ ബഹിര്‍സ്ഫുരണങ്ങളായ തലകറക്കം, അമിതവിയര്‍പ്പ് എന്നിവ ഷുഗര്‍ കുറയുന്നത്തിന്റെ സൂചനകളായും തെറ്റിദ്ധരിക്കപ്പെട്ടുപോകാറുണ്ട്. സ്ഥായിയായ നൈരാശ്യം, നിരന്തരമായ ദുഃഖചിന്തകള്‍ തുടങ്ങിയ വിഷാദരോഗ ലക്ഷണങ്ങളെ പ്രമേഹത്തോടുള്ള ‘സ്വാഭാവിക’ പ്രതികരണങ്ങളായി അവഗണിച്ചുതള്ളുന്നതും സാധാരണമാണ്. പലവിധ ശാരീരികവൈഷമ്യങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കുമ്പോഴും ദേഹപരിശോധനകളിലും രക്തപരിശോധനകളിലും കുഴപ്പങ്ങളൊന്നും കണ്ടുപിടിക്കാനാകാതിരിക്കുന്നത് വിഷാദരോഗത്തിന്റെ സൂചനയാവാം.
പ്രമേഹത്തിന്റെ സങ്കീര്‍ണതകളുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും ജീവിതത്തിന്റെ നിയന്ത്രണം കൈവിട്ടുപോകുമോ എന്ന ഭയവും അസുഖവിവരം എല്ലാവരും അറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന സംശയങ്ങളുമൊക്കെ പ്രമേഹരോഗികളില്‍ സാധാരണമാണ്. പക്ഷേ, ഒരു ന്യൂനപക്ഷം മാത്രമേ ഈ മാനസികസംഘര്‍ഷം തുറന്നു വെളിപ്പെടുത്താറുള്ളൂ. മിക്ക രോഗികളിലും പെരുമാറ്റത്തില്‍ വരുന്ന ചില മാറ്റങ്ങളായാണ് മാനസികസമ്മര്‍ദം പ്രകടമാകാറുള്ളത്. ഷുഗര്‍നില പരിശോധിക്കുന്നത് കുറക്കുകയോ പൂര്‍ണമായും നിര്‍ത്തിവെക്കുകയോ ചെയ്യുക, ഇന്‍സുലിന്‍ എടുക്കാന്‍ നിരന്തരം വിട്ടുപോവുക, ആഹാരക്രമത്തില്‍ പഥ്യങ്ങള്‍ പാലിക്കുന്നത് അവസാനിപ്പിക്കുക, ഷുഗര്‍ കൂടുന്നതിന്റെയും കുറയുന്നതിന്റെയുമൊക്കെ സൂചനകളെ അവഗണിക്കാന്‍ തുടങ്ങുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് തിരിയുക മുതലായവ മാനസികസമ്മര്‍ദത്തിന്റെ ലക്ഷണങ്ങളാകാം.