പ്രമേഹത്തിന് ഒറ്റമൂലി ചികിത്സയുണ്ടോ ?

മധുരം കഴിച്ചു കൊണ്ട് പ്രമേഹം മാറ്റാം..പ്രമേഹം പൂർണമായും സുഖപ്പെടുത്തും ..ഇങ്ങനെയുള്ള അവകാശവാദങ്ങൾ ഉയർത്തുന്ന നിരവധി ചികിത്സകൾ കേരളത്തിൽ ഉണ്ട്. പലപ്പോഴും ഇത്തരം ചികിത്സയ്ക്ക് പോയി ഫലപ്രാപ്തി കാണാതെ നിരാശരായവർ വീണ്ടും ചികിത്സ തേടി എത്തിയിട്ടും ഉണ്ട്. പതിറ്റാണ്ടുകൾ ആകുന്ന ചികിത്സാ അനുഭവങ്ങൾ വെച്ച് ഉറപ്പിച്ചു പറയാൻ ആകും എനിക്ക്, പ്രമേഹത്തിന് ഫലപ്രദമായ ഒറ്റമൂലി ചികിത്സയോ പൂർണമായ സുഖപ്പെടലോ ഇല്ല . നന്നായി പരിശ്രമിച്ചാൽ ജീവിതകാലം മുഴുവൻ അപകടങ്ങൾ ഇല്ലാതെ , അനുബന്ധ രോഗങ്ങൾക്ക് അവസരം ഒരുക്കാതെ നിയന്ത്രിച്ച് നിർത്താം എന്നുമാത്രം.
ഉത്തര കേരളത്തിൽ കുറെ നാൾ മുൻപ് ഒരു പ്രമേഹ ചികിത്സ രീതി ഉണ്ടായിരുന്നു. മധുരം കഴിച്ചു പ്രമേഹം മാറ്റുമെന്ന തെറ്റായ ചികിത്സാ രീതിയായിരുന്നു അത്. ഇതുപോലുള്ള തെറ്റായ ചികിത്സാ രീതികൾക്ക് സംഭവിക്കുന്നത് തന്നെയാണ് ഇതിനും ഉണ്ടായത് . ചികിത്സയും നിന്നു . ചികിത്സകനും അപ്രത്യക്ഷമായി. ആഹാരത്തിനു മുൻപ് മധുരം കഴിക്കുകയും ആഹാര ശേഷം 15 മിനിറ്റിൽ തുടങ്ങി പടിപടിയായി ഒരു മണിക്കൂർ വരെ നീളുന്ന തരത്തിൽ ഉള്ള വ്യായാമങ്ങൾ ചെയ്യുകയും പ്രമേഹത്തിനുള്ള അലോപ്പതി മരുന്നു കഴിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. ചികിത്സയുടെ വ്യത്യസ്തത കൊണ്ട് ആളുകൾ തുടക്കത്തിൽ ഇരച്ചു കയറി. ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് കൊണ്ട് പ്രമേഹം നിയന്ത്രിതമായി കാണുകയും ചെയ്തു പലരിലും തുടക്കത്തിൽ. കാര്യങ്ങൾ ഇങ്ങനെ ഒരു മൂന്നു വർഷത്തോളം പോയി. മധുരം കഴിച്ചു പ്രമേഹം മാറിയവയെന്ന് കരുതിയവർ കൂടുതൽ കുഴപ്പങ്ങളിലേക്ക് പോയി. അവർക്ക് പ്രമേഹാനുബന്ധ രോഗങ്ങൾ തുടങ്ങി, ചികിത്സയും നിന്നു, ചികിത്സകനും നിശബ്ദമായി.
ഇനി മധ്യ കേരളത്തിലെ മലനാട്ടിൽ ഉള്ള ഒരു ഒറ്റമൂലി ചികിത്സയുടെ കഥയിലേക്ക്. കാണാൻ എത്തുന്നവർക്ക് ചികിത്സകൻ നൽകുന്നത് വെറും വെള്ളം മാത്രം. കൂടെ ഒരു നിർദേശവും. ഒരു മാസത്തേക്ക് ശരീരത്തിൽ സൂചി കുത്തരുത്. അതായത് പരിശോധന പാടില്ല എന്ന് സാരം. മാസം പൂർത്തിയാക്കി പരിശോധന നടത്തുമ്പോൾ പ്രമേഹം പഴയ പടിയോ, അല്ലെങ്കിൽ അതിലും ഏറുകയോ ചെയ്തിരിക്കും.
അഭ്യസ്തവിദ്യരായ മനുഷ്യർക്ക് മുൻതൂക്കം ഉള്ള നമ്മുടെ മലയാള മണ്ണിൽ പോലും ഇത്തരം കപട അവകാശ വാദങ്ങളിൽ കുടുങ്ങുന്നവർ ഏറെയാണ് എന്നതാണ് ദുഖകരമായ വസ്തുത. പലരും നാണക്കേട് ഓർത്ത് തുറന്നു പറയുന്നില്ല എന്ന് മാത്രം. ഒരുകാര്യം വ്യക്തം, ഫല പ്രാപ്തി ഇല്ലാത്ത ഇത്തരം ചികിൽസയ്ക്ക് പോയാൽ ഹ്രസ്വകാല-ദീർഘകാല പ്രമേഹ അനുബന്ധ രോഗങ്ങൾ ആകും ഫലം. ചിട്ടയായ ചികിത്സയും ജീവിത ക്രമവും പാലിച്ചാൽ നന്നായി ഇണങ്ങുന്ന ഒരു ചങ്ങാതിയെ പോലെ ജീവിത കാലം മുഴുവൻ കൂടെ കൊണ്ട് പോകാം പ്രമേഹത്തെ..