പ്രമേഹത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ തുടങ്ങണോ ?

ഡോക്ടർ, എനിക്ക് 45 വയസായി.ഞാൻ പ്രമേഹത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ആണെന്നാണ് ഡോക്ടർ പറയുന്നത്. കാര്യമായ രോഗ ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഇപ്പോൾ പ്രകടമല്ല, ഇപ്പോൾ തന്നെ ചികിത്സ തുടങ്ങേണ്ടതുണ്ടോ ?
ഗൗതമൻ നായർ, കൊല്ലം
പ്രമേഹത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കാര്യമായ രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ പ്രകടമാകാറില്ല എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ല എന്ന കാരണത്താൽ ചികിത്സ ഒരിക്കലും വൈകിപ്പിക്കരുത്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം നിയന്ത്രിച്ചു നിർത്തിയില്ലായെങ്കിൽ ഭാവിയിൽ അത് പല കുഴപ്പങ്ങൾക്കും വഴി വെക്കും. പ്രമേഹ ചികിത്സയുടെ പ്രമുഖ ലക്ഷ്യം തന്നെ ഹ്രസ്വ കാല-ദീർഘ കാല സങ്കീർണ്ണതകളിൽ പെടുന്ന രോഗങ്ങൾ ചെറുക്കുക എന്നതാണ്.
ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാവുന്ന ഒരു രോഗമാണ് പ്രമേഹം.ഹൃദയം, വൃക്ക, കണ്ണ്, പാദങ്ങൾ, ലൈംഗീക ശേഷി ഇവയെയെല്ലാം അനിയന്ത്രിതമായ പ്രമേഹം ബാധിക്കും എന്നറിയുക. അതുകൊണ്ട് തന്നെ പ്രാരംഭ ഘട്ടത്തിൽ തന്നെ പ്രമേഹം നിയന്ത്രിച്ചു നിർത്തേണ്ടത് ആവശ്യമാണ്..