പൊറോട്ടയിൽ അടങ്ങിയിട്ടുള്ളത്

കേരളീയരുടെ ദേശീയ ഭക്ഷണം എന്നൊക്കെ പൊറോട്ടയെ വിളിക്കുന്നവർ ഉണ്ട്..ഒരു കാര്യം ശരിയാണ്, മലയാളികൾ ഉള്ള എവിടെ പോയാലും പൊറോട്ട ചോദിച്ചു വാങ്ങുന്നവരെ കാണാം . കഴിച്ചാൽ കല്ല്പോലെ വയറ്റിൽ കിടക്കുമെന്നതാണ് പൊറോട്ടയുടെ ഗുണമായി പലരും കാണുന്നത്. പ്രമേഹരോഗിക്കു മാത്രമല്ല ആർക്കും പൊറോട്ട അഭികാമ്യമല്ല. ഗോതമ്പിനെ സംസ്കരിച്ചു നാരുകൾ മുഴുവൻ നീക്കം ചെയ്തെടുക്കുന്നതാണു മൈദ. ബി വിറ്റമിനുകളും ഇതിൽ കുറവാണ്. ആഹാരത്തിൽ നാരുകൾ കുറയുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂടാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹരോഗിയുടെ ഭക്ഷണത്തിൽ കാലറി നിയന്ത്രണം ആവശ്യമാണ്. പൊറോട്ട കഴിക്കരുതെന്ന് പറയുമ്പോൾ പലരും പറയും ഗോതമ്പ് പൊറോട്ട ആകാമെന്ന്.കടകളിൽ നിന്നും കിട്ടുന്ന ഗോതമ്പുപൊറോട്ടയിലാകട്ടെ ധാരാളം എണ്ണ ഉപയോഗിക്കേണ്ടി വരികയും മൃദുവാകാൻ സോഡാപ്പൊടി ചേർക്കുകയും ചെയ്യും. അത് അപകടമാണ്.പൊറോട്ട കഴിക്കുന്നതു മൂലം കൂടുതൽ കൊഴുപ്പും ഊർജവും ശരീരത്തിൽ എത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കുകയും രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയും കൂട്ടും. പ്രമേഹ രോഗിയുടെ ഭക്ഷണ ക്രമത്തിൽ റെഡ് കാറ്റഗറിയിൽ ആണ് പൊറോട്ട.