പൊതുജനം പറഞ്ഞോട്ടെ, പരീക്ഷണത്തേക്കാള് അഭികാമ്യം പൂര്ണതൃപ്തി തോന്നുന്ന ഡയറ്റ്

എളുപ്പത്തിൽ ഭാരം കുറക്കാം എന്നവകാശപ്പെടുന്ന പല ഡയറ്റുകളും എന്തുകൊണ്ടാണ് തിരിച്ചടിയാകുന്നത്? ലളിതമായ കാരണമാണ് അതിനു പിന്നിലുള്ളത്. ഇത്തരം ഡയറ്റുകൾ ചില ഭക്ഷണങ്ങൾ കഴിക്കരുതെന്ന് നിബന്ധനവെക്കുന്നു. ഇതുമൂലം അൽപ്പകാലത്തേക്ക് ശരീരത്തിന് ആവശ്യമായ കലോറിയും പോഷകങ്ങളും ലഭിക്കാതാവുന്നു. ഇതോടെ ശരീരം ക്ഷീണിക്കുകയും ഇതുവഴി നിരോധിച്ച ഇൗ ഭക്ഷണങ്ങൾ ആവശ്യത്തിലേറെ കഴിക്കുകയും ചെയ്യുന്നു. ഇതുമൂലം ഭാരം ആദ്യത്തേതിനേക്കൾ കൂടുകയും ചെയ്യും.
ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുകയും ചില നിയമങ്ങൾ പാലിക്കുകയും വേണം. ഭാരം കുറക്കാനുള്ള ഏറ്റവും നല്ല വഴി ഭക്ഷണം കഴിക്കുന്നത് കുറക്കുകയും കൂടുതൽ ഉൗർജം നേടുകയും ചെയ്യുക എന്നതാണ്. അതിന് നല്ല പോഷകമുള്ള ഭക്ഷണങ്ങൾ വേണം കഴിക്കാൻ. ഭാരം കുറക്കാൻ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാമെന്ന് നോക്കാം:
- ഡയറ്റിന്റെ പിറകെ പോകരുത്. അവനവന്റെ തെറ്റായ ഭക്ഷണശീലങ്ങൾ സ്വയം കണ്ടെത്തി ഒാരോന്നായി ഉപേക്ഷിക്കുക. ആരോഗ്യകരമായ ശീലങ്ങൾ ഒരോന്നായി സ്വീകരിക്കുക.
- നിങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാത്ത ഡയറ്റ് തെരഞ്ഞെടുക്കുക. അങ്ങനെ വരുമ്പോൾ അത് സ്വയം തന്നെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിത്തീരും.
- കേട്ടുകേൾവിക്ക് പിറകെ പോകരുത്. സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക. വിദഗ്ധരുടെ, നിങ്ങളുടെ ബുദ്ധിക്ക് നിരക്കുന്നതെന്ന് തോന്നുന്ന അഭിപ്രായങ്ങൾ മാത്രം സ്വീകരിക്കുക. ആമാശയത്തിന്റെ വിളികേൾക്കുക. അതിനറിയാം എന്താണ് നിങ്ങൾക്ക് വേണ്ടതെന്ന്.
- പകുതി മനസോടെയുള്ള ഭക്ഷണശീലങ്ങൾ പരാജയത്തിലേ കലാശിക്കൂ. ഭക്ഷണ ശീലത്തിൽ പൂർണ തൃപ്തി ഉണ്ടായിരിക്കണം.
- നിങ്ങൾ കണ്ടെത്തിയ ഭക്ഷണശീലം അവനവന്റെ സാഹചര്യങ്ങളിൽ നടപ്പിലാക്കാൻ സാധിക്കുന്നവയാകണം. ഒാരോരുത്തർക്കും പ്രത്യേകമായ ജീവിത രീതിയും ജോലിയും വ്യകതിത്വവും ശാരീരികാവശ്യങ്ങളും വിശക്കുന്ന സമയങ്ങളുമുണ്ട്. അതു മനസിലാക്കി വേണം ഭക്ഷണരീതി ക്രമീകരിക്കാൻ.
- ദീർഘകാലം പാലിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള ഡയറ്റ് മാത്രമേ സ്വീകരിക്കാവൂ.
- ജനങ്ങൾ കൂടുതലായി സംസാരിക്കുന്നുവെന്നതു കൊണ്ട് മാത്രം പുതിയ ഡയറ്റ് പരീക്ഷണങ്ങൾ സ്വീകരിക്കരുത്.
- ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പോഷകത്തിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ആവശ്യത്തിന് പോഷകം ലഭിച്ചാൽ കലോറി സ്വാഭാവികമായി ക്രമീകരിക്കപ്പെടും. നല്ല പോഷകഗുണമുള്ള ഭക്ഷണം കഴിച്ചവർ കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് സ്വാഭാവികമായി തന്നെ കുറയും. ഇതുവഴി ഭാരം കുറയുകയും ആരോഗ്യം നേടുകയും ചെയ്യാം.
- പാരമ്പര്യമായ അറിവുകളെ തള്ളിക്കളയരുത്.