പേരിന് അനുസരിച്ച് സാലഡിന്റെ സ്വഭാവവും മാറും

സാധാരണക്കാരന്റെയും തീൻമേശയിലെ ശീലങ്ങളിലൊന്നായി സാലഡ് മാറിക്കഴിഞ്ഞു. സംസ്കരിക്കാത്ത ആഹാരപദാർഥങ്ങളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. ഔഷധങ്ങളുടെ ഒരു കൂട്ട് എന്നുപോലും സാലഡിനെ വിശേഷിപ്പിക്കാം. എപ്പോൾ വിളമ്പുന്നു എന്നതും എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നതും അനുസരിച്ചാണ് സാലഡിന്റെണ പേരുകൾ മാറുന്നത്.
അപ്പിറ്റൈസർ സാലഡ്:
പ്രധാന ഭക്ഷണത്തിനു മുന്നോടിയായി വിളമ്പുന്ന സാലഡ്.
സൈഡ് സാലഡ്: പ്രധാന ഭക്ഷണത്തിനൊപ്പം വിളമ്പുന്ന സാലഡ്. ഇത് ഒരു കൂട്ടുകറി എന്ന നിലയിലാണു വിളമ്പുക.
മെയിൻ കോഴ്സ് സാലഡ്: ഡിന്നർ സാലഡ് എന്ന പേരിലും അറിയപ്പെടുന്നു. പ്രൊട്ടീൻ ഘടകങ്ങളാൽ സമ്പന്നമായ സാലഡ്. ചിക്കൻ, ബീഫ്, ചീസ്, കടൽവിഭവങ്ങൾ എന്നിവ അടങ്ങിയിരിക്കും. പേരിൽ സാലഡ് ഉണ്ടെങ്കിലും ഇതിൽ പലതും ആരോഗ്യ ചിട്ടയ്ക്ക് ഗുണകരമല്ല. ചീസ്, ബീഫ്, ചെമ്മീൻ പോലുള്ള കടൽ വിഭവങ്ങൾ ഇവയെല്ലാം ഒഴിവാക്കി മെയിൻ കോഴ്സ് സാലഡ് തിരഞ്ഞെടുക്കുന്നത് ആണുത്തമം.
സ്വീറ്റ് സാലഡ്:
ഡിസേർട്ട് സാലഡുകളാണ് ഇവ. ചീസ്, ക്രീം തുടങ്ങിയവ ചേർത്ത്, പഴങ്ങളാൽ സമ്പന്നമായ സാലഡ്. ക്രീമും ചീസും ചേരുന്നതിനാൽ 1500 കലോറി ആഹാര ചിട്ട പുലര്ത്തുംന്ന പ്രമേഹ രോഗികള്ക്ക്ന ഇത് ഗുണകരമല്ല.
സാലഡിൽ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അടിസ്ഥാനത്തിലും സാലഡിനെ തരംതിരിക്കാം
ഗ്രീൻ സാലഡ്: ഗാർഡൻ സാലഡ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇലക്കറികളാണു മുഖ്യ വിഭവം (ലെറ്റൂസ്, ചീര, തുടങ്ങിയവ)
വെജിറ്റബിൾ സാലഡ്:
പച്ചക്കറികളാൽ സമ്പന്നം. ഏറ്റവും പ്രചാരം നേടിയ സാലഡുകൾ ഇവയാണ്. വെള്ളരി, തക്കാളി, കാരറ്റ്, സവാള തുടങ്ങിയ പച്ചക്കറികളുടെ നിരതന്നെ അടങ്ങിയിരിക്കും.
ബൗണ്ട് സാലഡ്
മയോണൈസ് പോലുള്ള വസ്തുക്കൾകൊണ്ട് ഉണ്ടാക്കുന്നവയാണ് ഇവ. പാസ്ത സാലഡ്, ചിക്കൻ സാലഡ്, എഗ്ഗ് സാലഡ് തുടങ്ങിയവ ഉദാഹരണം. എന്നാൽ സംസ്കരിച്ച വസ്തുക്കൾകൊണ്ട് ഉണ്ടാക്കിയതിനാൽ ഇവയ്ക്ക് സാധാരണ സാലഡിന്റെ ഔഷധഗുണമുണ്ടാകണമെന്നില്ല.