പുഷ് അപ്

മായനദി സിനിമ കണ്ടോ ? അതില്‍ ഒരു ബ്രേക്ക് അപ്പിന് ശേഷം തമ്മില്‍ കാണുന്ന മാത്തനോട് നായികയായ അപ്പു വളരെ ലാഘവത്തോടെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്.. മാത്താ ..നീ ഇപ്പൊ രാവിലെ എത്ര പുഷ് അപ് എടുക്കും ? നൂറെന്ന് നിസ്സാരമായി പറയുന്ന മാത്തനെ കൊള്ളാലോ എന്ന മട്ടില്‍ നോക്കി അല്‍പ്പം കൂടി ചേര്‍ന്ന് നടക്കുന്ന അപ്പുവാണ് അടുത്ത ഫ്രെയിമില്‍ ഉള്ളത്. നല്ല അരോഗദൃഡ ഗാത്രമായ ശരീരം കൊതിക്കുന്നവര്‍ക്കുള്ള വളരെ സാധാരണമായ ഒരു വ്യായാമമാണ് പുഷ് അപ് .
മേല്ശരീരത്തിന്റെ ഭംഗിയും കരുത്തും കൂട്ടാന്‍ സഹായിക്കുന്ന ബോഡി എക്സര്‍സൈസുകളില്‍ പ്രമുഖമായ ഒന്നാണ് പുഷ് അപ്. ജിമ്മില്‍ ഒന്നും പോകാതെ തന്നെ ബോഡി ഫിറ്റ്നസ് കാത്തു സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒന്ന്. അമിതവണ്ണം, കുടവയര്‍ ഇവയില്‍ തുടങ്ങി ജീവിത ശൈലീ രോഗങ്ങളിലേക്ക് വികസിക്കാവുന്ന അനാരോഗ്യ പ്രവണതയെ ചെറുക്കാന്‍ പറ്റിയ വ്യായാമം ആണ് പുഷ് അപ്. ബെല്ലി ഫാറ്റ് കുറയ്ക്കാനും , ഷോള്‍ഡര്‍, ട്രൈസപ്പ് എന്നീ പേശികള്‍ക്ക് പ്രയോജനം നല്‍കാനും ഈ വ്യായാമത്തിന് ആകും. നന്നായി പുഷ് അപ് ചെയ്യുന്നവര്‍ക്ക് നടുവേദന അലട്ടാറില്ല എന്നത് ഒരു യാഥാര്‍ഥ്യം ആണ്.
തൂക്കം കൂടുന്നതിന് അനുസൃതമായി പുഷ് അപ് എടുക്കുമ്പോള്‍ കാലറി ഉരുകുന്നതിലും വ്യത്യാസം ഉണ്ടാകും. 113 കിലോ ഗ്രാം തൂക്കം ഉള്ള ഒരാള്‍ അഞ്ചു മിനിറ്റ് പുഷ് അപ് ചെയ്താല്‍ 48 കാലറി കത്തും. 60 കിലോ തൂക്കം ഉള്ള ഒരാള്‍ ആണെങ്കില്‍ അത് 25 കാലറി ആകും. ശരാശരി വേഗത്തില്‍ ഉള്ള പുഷ് അപ് ആണെങ്കില്‍ ഉള്ള കണക്കാണ് ഇത്. നല്ല വേഗത്തില്‍ ചെയ്യുകയാണെങ്കില്‍ അഞ്ചു മിനിട്ടിന്റെ സ്ഥാനത്ത് മൂന്നു മിനിറ്റില്‍ മേല്പറഞ്ഞ കാലറി ഉരുകും. മണിക്കൂറില്‍ നാല് കിലോമീറ്റര്‍ വേഗത്തില്‍ അരമണിക്കൂര്‍ നടന്നാല്‍ 80 കലോറി ആണ് ശരീരത്തില്‍ നിന്നും പോകുക എന്നറിയുമ്പോള്‍ വീട്ടില്‍ ഇരുന്നു ചെയ്യുന്ന പുഷ് അപ് കൂടുതല്‍ മൂല്യമുള്ളതാകും.
ശ്വസന നിയന്ത്രണം പാലിച്ചു ചെയ്യേണ്ട ഒരു വ്യായാമമാണ് പുഷ് അപ്. കൃത്യമായി പുഷ് അപ് ചെയ്യുക എന്നത് ഒരു കടുപ്പമുള്ള കാര്യമല്ല. എളുപ്പമുള്ള ഒരു രീതി വിവരിക്കാം..
കൈകള്‍ ചുമലിന്റെ അകലത്തില്‍ തറയില്‍ ഉറപ്പിച്ച് കൈമുട്ട് മടങ്ങാതെയും ഒരടി അകലത്തിലുമായി പാദാഗ്രങ്ങള് കുത്തി , നടു വളയ്ക്കാതെ വെക്കുക.
ഇനി തല ഉയര്‍ത്തി മുന്നോട്ട് നോക്കി ശ്വാസം എടുത്തുകൊണ്ട് കൈമുട്ട് മടക്കി നെഞ്ച് തറനിരപ്പില്‍ എത്തും വരെ ശരീരം താഴേക്കു കൊണ്ടു പോകുക.
ശ്വാസം സാവകാശം വിട്ടുകൊണ്ട് കൈമുട്ടുകള്‍ നിവര്‍ത്തി ശരീരം ആദ്യ നിലയില്‍ എത്തിക്കുക.
എട്ടുപത്തു തവണ ആവര്‍ത്തിച്ച ശേഷം ഒരു മിനിട്ട് വിശ്രമം എടുക്കാം. ഇത് പോലെ മൂന്നോ നാലോ സെറ്റ് ചെയ്യുക.