പഠിക്കാം… പ്രമേഹ പൂർവാവസ്ഥയിൽ നിന്നും പിൻനടക്കാൻ

പ്രമേഹം ഇല്ലാത്ത അവസ്ഥയ്ക്കും പ്രമേഹത്തിനും ഇടയിലുള്ള അവസ്ഥയാണല്ലോ പ്രമേഹ പൂർവാവസ്ഥ. അതായത് ഇത് പ്രമേഹത്തിലേക്കുള്ള ഒരു പാലമാണെന്നു പറയാം. ജീവിതശൈലിയിൽ ആരോഗ്യപ്രദമായ മാറ്റങ്ങൾ വരുത്തിയാൽ തീർച്ചയായും പ്രമേഹം ഇല്ലാത്ത അവസ്ഥ (ഡയബെറ്റിക് റിവേഴ്സൽ)യിലേക്കു തിരിച്ചുപോകാനാവും.
മുമ്പൊക്കെ പ്രമേഹം ബാധിക്കുന്നത് മധ്യവയസ്കരെയാണെങ്കിൽ ഇന്ന് യുവതലമുറയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. മധ്യവയസ്കരിൽ പ്രമേഹം ബാധിച്ചാൽ അതിന്റെ സങ്കീർണ്ണതകൾ ഉണ്ടാവുന്നത് മിക്കവാറും വാർധക്യ കാലത്താകും. എന്നാൽ യുവജനങ്ങളെ രോഗം ബാധിക്കുമ്പോൾ അതിന്റെ സങ്കീർണ്ണതകൾ പലപ്പോഴും മധ്യവയസ്സിൽ അവരെ അലട്ടുകയും തന്മൂലം അവരുടെ സാമ്പത്തികഭദ്രതപോലും തകർക്കാനും വഴിയൊരുക്കിയേക്കാം.
ഏതുരോഗമായാലും രോഗംവന്നു ചികിത്സിക്കുന്നതിനെക്കാൾ ഭേദം രോഗം വരാതെ നോക്കുക എന്നതാണല്ലോ. പ്രമേഹത്തിന്റെ കാര്യത്തിൽ ഇതു സാധ്യമാക്കാൻ പ്രമേഹപൂർവാവസ്ഥയിൽത്തന്നെ രോഗം കണ്ടുപിടിക്കാനായാൽ ജീവിതകാലം മുഴുവനുള്ള ചികിത്സ ഒഴിവാക്കാനാവും.
ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക
ദിവസേന ഒരുമണിക്കൂർ വ്യായാമം ശീലമാക്കുക
കൃത്യമായ ഇടവേളകളിൽ ആഹാരം കഴിക്കുക
മാനസികോല്ലാസം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുക
ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക
ആറുമുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങുക
ശരീരഭാരം അഞ്ചുമുതൽ 10 ശതമാനംവരെ കുറയ്ക്കുക
പ്രമേഹപൂർവാവസ്ഥയിൽ ഭക്ഷണം
തവിടുള്ള ധാന്യങ്ങൾ, നാരു കൂടുതൽ അടങ്ങിയ പച്ചക്കറികൾ, ഇലക്കറികൾ ഇവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെ ടുത്തണം. മുട്ടയുടെ വെള്ള, പയർ വർഗങ്ങൾ ഇവ മിതമായി ഉപയോഗിക്കാം. ശീതളപാനീയങ്ങൾ, പഞ്ചസാര, മൈദ, കൊഴുപ്പുള്ള ഭക്ഷണം, വെളുത്ത അരി ഇവ കഴിവതും ഒഴിവാക്കണം. നിത്യവും നാലുമുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുക. ചൂടുകാലത്ത് കൂടുതൽ വെള്ളം കുടിക്കണം.