നെല്ലിക്ക ഒഎൻവി കവിതയിലെ നൊസ്റ്റാൾജിയ മാത്രമല്ല

ഒരു ഒഎൻവി കവിതയുടെ നൊസ്റ്റാൾജിയ ഇല്ലാതെ ആർക്കും നെല്ലിക്കയെ കുറിച്ച് ഓർക്കാനാകില്ല. സ്കൂൾ മുറ്റത്ത് നിൽക്കുന്ന മരമൊന്നു കുലുക്കി ആ നെല്ലിക്കയും കഴിച്ച് കിണറ്റിലെ വെള്ളവും കോരിക്കൂടിച്ച് ആഹാ എന്ത് മധുരം എന്ന് പറയുന്ന സുഖമുള്ള ഓർമ്മയാണ് നെല്ലിക്ക മലയാളിക്ക്. ഒഎൻവി നമ്മുടെ മനസിലേയ്ക്ക് വരച്ചിട്ട നെല്ലിക്കയുടെ ചിത്രം പ്രമേഹ രോഗ നിയന്ത്രം കൊതിക്കുന്ന ഏവർക്കും ധൈര്യപൂർവ്വം ഏറ്റെടുക്കാവുന്നതാണ്.
ചെറിയൊരു ചവർപ്പുണ്ടെങ്കിലും നെല്ലിക്ക കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് ഒന്ന് വേറെതന്നെയാണ്. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക്കാസിഡ്, ഗലോട്ടാനി, എലജിക് ആസിഡ്, കോറിലാജിക് എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണെന്ന് തെളിയിക്കപ്പെട്ടതാണ്. പ്രമേഹത്തെ പ്രതിരോധിക്കാനുള്ള കഴിവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനുള്ള കഴിവുമാണ് നെല്ലിക്കയെ പ്രമേഹ രോഗിയോട് ചേർത്തു നിർത്തുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവും നെല്ലിക്ക കുറച്ചുതരും. ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിച്ച് അമിത വണ്ണത്തെ നിയന്ത്രിച്ച് നിർത്താൻ നെല്ലിക്കയുടെ ജൂസ് സഹായകരമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ ഗൂസ്ബറി എന്നറിയപ്പെടുന്ന നെല്ലിക്കയുടെ നൂറ് ഗ്രാമിൽ 478 മില്ലിഗ്രാം വിറ്റാമിൻ സിയും അഞ്ച് ഗ്രാം ഫൈബറും ഉണ്ട്. 48 കാലറിയാണ് നൂറ് ഗ്രാം നെല്ലിക്കയിലുള്ളത്. വെള്ളത്തിന്റെ അളവാകട്ടെ 86 ഗ്രാമും. 48 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ്, 276 മില്ലിഗ്രാം ഒമേഗ 6 ഫാറ്റി ആസിഡ് എന്നിവയുള്ള നെല്ലിക്കയിൽ പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും കൊളസ്ട്രോളും ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.