നിര്‍ണായകമാണ് ആദ്യത്തെ ആ 24 ആഴ്ചകള്‍

കുടുംബത്തിലെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഉള്ള ആവേശകരമായ കാത്തിരിപ്പിനിടയില്‍ ആണ് ആ രക്തപരിശോധനാ ഫലം വന്നത്. അമ്മയാകാന്‍ കാത്തിരുന്ന, ആരോഗ്യവതിയായ ആ പെണ്‍കുട്ടി പ്രമേഹ ബാധിതയാണ്. ഇതുവരെ ഇല്ലാത്ത പ്രമേഹം എങ്ങനെ അപ്പോള്‍ കണ്ടെത്തി എന്ന ചോദ്യം അവരില്‍ നിറഞ്ഞപ്പോള്‍ വീണ്ടും രണ്ടു വട്ടം കൂടി മറ്റു പലയിടങ്ങളില്‍ ആയി പരിശോധന നടത്തി..അപ്പോഴും ഫലം ഒന്ന് തന്നെ..ഗര്‍ഭകാല പ്രമേഹം. അതോടെ അവരുടെ സന്തോഷം കെട്ടു.
കേരളത്തില്‍ പതിനഞ്ചു ശതമാനത്തോളം ഗര്‍ഭിണികളില്‍ ഇപ്പോള്‍ കാണുന്ന ഒന്നാണ് ഗര്‍ഭകാല പ്രമേഹം. പലരുടെയും ഗര്‍ഭ കാലത്തിന്റെ സന്തോഷം അവിടെ തീര്‍ന്നു. ഒരല്പം ശ്രദ്ധാപൂര്വമായി പരിചരണം ലഭ്യമാക്കിയാല്‍ മറികടക്കാവുന്ന ഒന്നാണ് ഗര്‍ഭകാല പ്രമേഹത്തിന്റെ വെല്ലുവിളി എങ്കിലും ചില കേസുകളില്‍ ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെ മരണം സംഭവിക്കുന്നതായി കാണുന്നതിനാല്‍ ഗൗരവം കുറച്ചു കാണേണ്ട ഒന്നല്ല അത്. മൂന്നു തരക്കാരില്‍ ആണ് ഗര്‍ഭകാല പ്രമേഹം കണ്ടുവരുന്നത്.
- 1. ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികള്‍ മുതിര്‍ന്ന് കഴിയുമ്പോള്‍. (ഗര്‍ഭാവസ്ഥയില്‍ കൃത്യമായി ഇന്‍സുലിന്‍ എടുത്താല്‍ ഇത്തരക്കാര്‍ക്ക് അപകട രഹിതമായ സാധാരണ പ്രസവം തന്നെ സാധ്യമാകാറുണ്ട്).
- 2. ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് ( പ്രമേഹത്തിന് ഗുളികകള്‍ കഴിക്കുന്നവര്‍ക്കും ഗര്‍ഭിണി ആയാല്‍ ഇന്സുലിനിലേക്ക് മാറേണ്ടി വരും. )
- 3 .നേരത്തെ പ്രമേഹം ഇല്ലാതെ ഗര്‍ഭിണി ആയ ശേഷം ആദ്യമായി വരുന്നവര്‍. പെട്ടന്ന് കണ്ടെത്തുന്നു എന്നതിനാല്‍ അതുവരെയുള്ള ജീവിതക്രമത്തിന്റെ താളം മാറുന്നതിനാല്‍ ഇത്തരക്കാര്‍ വേണം പ്രത്യേകം കരുതല്‍ എടുക്കാന്‍. ടൈപ്പ് 1 പ്രമേഹ ബാധിതരും ടൈപ്പ് 2 പ്രമേഹ ബാധിതരും നേരത്തെ തന്നെ പ്രമേഹവുമായുള്ള ജീവിത ചിട്ടകളില്‍ മാനസീകമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കും എന്നതിനാലാണ് ഗര്‍ഭ കാലത്ത് ആദ്യമായി പ്രമേഹം കണ്ടെത്തിയവരുടെ കാര്യം പ്രത്യേകം പറയുന്നത്. ഹോര്‍മോണ്‍ വ്യതിയാനം മൂലവും, അമിതവണ്ണം, എക്സൈസ് കുറവ്, പാരമ്പര്യം എന്നീ ഘടകങ്ങള്‍ മൂലവുമാണ് ഗര്‍ഭാവസ്ഥയിലെ പ്രമേഹം വരുന്നത്. പ്രമേഹം ഇല്ലാതിരുന്ന ചില സ്ത്രീകളിൽ ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമത്തിലധികമായി കാണപ്പെടുന്ന ഈ അവസ്ഥ പ്രസവശേഷം മാറും . എന്നാൽ ഇത്തരം പ്രമേഹം വന്ന സ്ത്രീകളിൽ പിന്നീട് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
ഗർഭകാലത്ത് പ്രമേഹത്തിന് സാധ്യതയുള്ളവർ:
ഇരുപത്തിയഞ്ചു വയസിനു മുകളിൽ പ്രായമുള്ളവർ
പാരമ്പര്യം
പൊണ്ണത്തടി
ഗർഭാശയത്തിൽവെച്ച് കുട്ടി മരണപ്പെടുന്ന അമ്മമാർ
മുന്‍പ്രസവത്തിൽ ഗർഭാവസ്ഥയിലെ പ്രമേഹം ഉണ്ടാകുക
ഗർഭാശയത്തിലെ ദ്രാവകത്തിന്റെ അളവ് കൂടുതലുള്ള അമ്മമാർ