നാൽപതുകഴിയാൻ കാക്കില്ല കേട്ടോ

നാല്പ0തു വയസ്… മലയാളികൾ ജീവിതത്തിൽ മാറ്റം വരുത്താൻ ഒരു മാനദണ്ഡം ആക്കുന്ന പ്രായമാണ് അത്. നാൽപത് ആയാൽ പിന്നെ ഭക്തിയായി, ആരോഗ്യ ചിട്ടകൾ ആയി, അൽപം വ്യായാമം ആയി, ഇത്തിരി ഭക്ഷണ ക്രമീകരണം ആയി. എന്നാൽ ഇപ്പോഴത്തെ മലയാളി കുടുംബങ്ങളുടെ ജീവിത രീതി വെച്ചു നോക്കുമ്പോൾ ഈ മാനദണ്ഡം മാറ്റിയേ തീരൂ എന്നാണ് തോന്നുന്നത്.
കുത്തക കമ്പനികളെപ്പോലെയാണ് മാരക രോഗങ്ങളും. ‘ചെറുപ്പത്തിലേ പിടികൂടുക’യെന്നതാണ് കുത്തകകളുടെ വിപണന തന്ത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ മാരകരോഗങ്ങളും നമ്മളെ ചെറുപ്പത്തിലേ പിടികൂടുന്നു. അതിന് പറ്റിയ ചില ജനിതക സവിശേഷതകൾ നമുക്കുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചെറുപ്പത്തിലേ ആരംഭിക്കുന്ന മേലനങ്ങാശീലം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. ആഴ്ചയിൽ വെറും മൂന്നുമണിക്കൂർ മാത്രം വീടിന് പുറത്ത് ചെലവിടുന്ന കൂട്ടികളെ സങ്കല്പ്പിച്ചു നോക്കൂ. ഒന്ന് കളിക്കാൻ പറഞ്ഞാൽ അവർക്ക് മടി. പുറത്തു കളിക്കാൻ വിട്ടാൽ അച്ഛനമ്മമാരുടെ സ്റ്റാറ്റസ് പോകും. സ്കൂളിൽ ആകട്ടെ പഠന ഭാരം കൂടിയതിനാൽ അല്ലെങ്കിൽ മത്സര ബുദ്ധി വർദ്ധിച്ചതിനാൽ ഫിസിക്കൽ എഡ്യുക്കേഷൻ പീരിയഡ് പോലും ഇല്ലാതായി. അഥവാ ഉണ്ടെങ്കിൽ തന്നെ ക്ലാസിനു ഉള്ളിൽ ഫിസിക്കൽ എഡ്യുക്കേഷൻ നൽകുകയാണ് പല സ്കൂളുകളും. എന്തുതരം വ്യായാമമാണ് നമ്മുടെ കുട്ടികൾക്ക് ലഭിക്കുക ? എന്നാൽ ടെലിവിഷന് മുന്നിൽ അവർ നടത്തുന്ന തപസ് എത്ര മണിക്കൂർ വേണമെങ്കിലും നീളും. ശരിയല്ലേ ?
മറ്റ് രാജ്യങ്ങളിൽ 40 വയസ്സിന് ശേഷം ആരംഭിക്കുന്ന പല ജീവിതശൈലീരോഗങ്ങളും കേരളീയരെ 10 വർഷം മുമ്പേ പിടികൂടുന്നു എന്നാണ് പുതിയ കണ്ടെത്തൽ. നാൽപത് കഴിഞ്ഞ് രക്താതിസമ്മർദ്ദവും പ്രമേഹവുമൊക്കെ ആയിക്കഴിഞ്ഞ് നടത്തമോ യോഗയോ ആരംഭിക്കാം. ഇതാണ് പലരുടെയും കണക്കുകൂട്ടൽ.
കേരളീയരെ സംബന്ധിച്ചിടത്തോളം ഷുഗറും കൊളസ്ട്രോളുമൊക്കെ നേരത്തെ ആരംഭിക്കുന്നതിനാൽ, ഏതു തരത്തിലുള്ള വ്യായാമവും നേരത്തെ തുടങ്ങണം. വ്യായാമവേളയിൽ രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എൽ.ഡി.എല്ലിന്റെ അളവ് കുറയും. നല്ല കൊളസ്ട്രോളിന്റെ (എച്ച്.ഡി.എൽ) ആധിക്യമേറും. കൂടുതൽ രക്തചംക്രമണം നടക്കുന്നതിനാൽ ധമനികൾ വികസിക്കും. കൊഴുപ്പു നിക്ഷേപം വർധിച്ച് ധമനികളിൽ തടസ്സമുണ്ടാകാൻ സാധ്യത കുറയും. ഹൃദ്രോഗസാധ്യതയാണ് ഇതുവഴി ഇല്ലാതാവുക. പ്രമേഹസാധ്യത അകന്നുപോകും. ചർമ്മത്തിന്റെ സൗന്ദര്യം കാക്കാൻ വ്യായാമം പോലെ മറ്റൊരു മാർഗ്ഗമില്ല. ലൈംഗികാരോഗ്യം നിലനിർത്താനും വ്യായാമം ഉത്തമം. അതുവഴി ചെറുപ്പം നിലനിർത്താം.
വ്യായാമത്തിനൊപ്പം ഭക്ഷണശീലത്തിലും ചില കരുതലുകൾ കൈക്കൊള്ളാനും ശ്രമിക്കണം. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നവരുടെ സംഖ്യ സമീപകാലത്ത് ഏറിയിട്ടുണ്ട്. രുചി കൂട്ടുന്ന എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കാൻ പലരും ശ്രദ്ധിക്കുന്നു. ഏതായാലും, തിന്നും കുടിച്ചും മേലനങ്ങാതെയും നമ്മൾ നേടിയ സമ്പാദ്യത്തിന് നാമിപ്പോൾ പ്രായശ്ചിത്തം ചെയ്തുതുടങ്ങിയിരിക്കുന്നു.