തുറന്നു ചർച്ച ചെയ്യാം… പ്രമേഹബാധിതരിലെ മാനസിക പ്രശ്നങ്ങൾ

രോഗം ആവശ്യപ്പെടുന്ന കടുത്ത ദിനചര്യകളും ഷുഗർ നിലയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള ആശങ്കകളുമൊക്കെ പ്രമേഹരോഗികളിൽ കടുത്ത മാനസികസമ്മർദ്ദത്തിന് വഴിവെക്കാറുണ്ട്. പ്രമേഹത്തിന്റെ സങ്കീർണ്ണതകൾ ബാധിച്ചവരിലും ചികിത്സാർത്ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യം വരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങൾ രോഗിക്ക് അവയുടെതായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രമേഹചികിത്സയുടെ ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്.
പ്രമേഹത്തിന്റെ സങ്കീർണ്ണതകളുടെ ആവിർഭാവത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും ജീവിതത്തിന്റെ നിയന്ത്രണം കൈവിട്ടുപോകുമോ എന്ന ഭയവും അസുഖവിവരം എല്ലാവരും അറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന സംശയങ്ങളുമൊക്കെ പ്രമേഹരോഗികളിൽ സാധാരണമാണ്. പക്ഷേ, ഒരു ന്യൂനപക്ഷം മാത്രമേ ഈ മാനസികസംഘർഷം തുറന്നു വെളിപ്പെടുത്താറുള്ളൂ. മിക്ക രോഗികളിലും പെരുമാറ്റത്തിൽ വരുന്ന ചില മാറ്റങ്ങളായാണ് മാനസിക സമ്മർദ്ദം പ്രകടമാക്കാറുള്ളത്. ഷുഗർനില പരിശോധിക്കുന്നത് കുറക്കുകയോ പൂർണമായും നിർത്തിവെക്കുകയോ ചെയ്യുക, ഇൻസുലിൻ എടുക്കാൻ നിരന്തരം വിട്ടുപോവുക, ആഹാരക്രമത്തിൽ പഥ്യങ്ങൾ പാലിക്കുന്നത് അവസാനിപ്പിക്കുക, ഷുഗർ കൂടുന്നതിന്റെയും കുറയുന്നതിന്റെയുമൊക്കെ സൂചനകളെ അവഗണിക്കാൻ തുടങ്ങുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് തിരിയുക മുതലായവ മാനസികസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാകാം.
ചിട്ടയായ വ്യായാമം, നല്ല ആഹാര ശീലങ്ങൾ, റിലാക്സേഷൻ വിദ്യകളുടെയും ഉറക്കം കിട്ടാൻ സഹായിക്കുന്ന പൊടിക്കൈകളുടെയും ഉപയോഗം തുടങ്ങിയവ മാനസികസമ്മർദ്ദത്തെ അതിജീവിക്കാനുള്ള നല്ല മാർഗങ്ങളാണ്. പ്രമേഹത്തെയും അതിന്റെ സങ്കീർണ്ണതകളെയും കുറിച്ച് ശാസ്ത്രീയമായ അറിവുകൾ നേടുന്നത് അനാവശ്യ ആശങ്കകളെയും അതുവഴിയുണ്ടാകുന്ന മാനസിക സമ്മർദ്ദത്തെയും പടിക്കുപുറത്തുനിർത്താൻ സഹായിക്കും.
കടുത്ത മാനസിക സമ്മർദ്ദനുഭവിക്കുന്ന വ്യക്തികള്ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. തലച്ചോറിന് ഗ്ലൂക്കോസിനെ ശരിയായ രീതിയിൽ ദഹിപ്പിക്കാൻ പറ്റാതെ വരുന്നതും മാനസിക സമ്മർദ്ദമുള്ളവരുടെ വ്യാപകമായ പുകവലി, വ്യായാമമില്ലായ്മ തുടങ്ങിയ ശീലങ്ങളുമൊക്കെയാണ് ഇതിലേക്കു നയിക്കുന്നത്.