തീന്മേശയിലേക്ക് കൂട്ടാം..മെക്സിക്കോയില്‍ നിന്നെത്തിയ രാജ്മയെ

വടക്കേയിന്ത്യക്കാരുടെ പ്രിയ വിഭവമായ രാജ്മാ ചാവലിന് ഒപ്പമാണ് നമ്മുടെ വന്പയറിനേക്കാള് മുഴുത്ത രാജ്മാ മലയാളികളിലേക്കും എത്തിയത്. സംഗതി വടക്കേ ഇന്ത്യയില്‍ പ്രശസ്തന്‍ ആണെങ്കിലും രാജ്മാ സെന്‍ട്രെല്‍ മെക്സിക്കോയില്‍ നിന്നോ ഗ്വാട്ടിമാലയില്‍ നിന്നോ ആണ് ഇന്ത്യയിലേക്കെത്തുന്നത്. വേരുകള്‍ ഏതു രാജ്യത്ത് ആണെങ്കിലും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് രാജ്മ. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ ഗ്ലൂക്കോസ് അളവ് വര്‍ദ്ധിക്കുമെന്ന പേടിയില്ലാതെ കഴിക്കാവുന്ന ഒന്നായതിനാല്‍ 1500 കലോറി ആഹാര ക്രമം പാലിക്കുന്നവര്‍ക്ക് പറ്റിയതാണ് രാജ്മ.
പ്രോട്ടീന്റെ കലവറയാണ് രാജ്മ. സസ്യാഹാരികൾക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. നൂറു ഗ്രാം വേവിച്ച രാജ്മയിൽ 140 കാലറി ആണുള്ളത്. 5.7 ഗ്രാം പ്രോട്ടീനും 18 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 5.9 ഗ്രാം കൊഴുപ്പും ഉണ്ട്. ഫോളിക് ആസിഡ്, കാൽസ്യം, അന്നജം, നാരുകൾ എന്നിവയും ധാരാളമായുണ്ട്.ഭക്ഷ്യനാരുകൾ (dietary fibre) ധാരാളമുണ്ട്. കുറച്ചു കഴിച്ചാൽത്തന്നെ വയർ നിറഞ്ഞുവെന്നു തോന്നിപ്പിക്കും. കൊഴുപ്പും കാലറിയും കുറഞ്ഞതായതു കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും വൻപയർ സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, സോല്യുബിൾ ഫൈബർ, പ്രോട്ടീൻ ഇവയുള്ളതിനാൽ രക്താതിമർദം കുറയാനും രക്തപ്രവാഹം സുഗമമാക്കാനും സഹായകരമാണ്.
അന്നജവും ഭക്ഷ്യനാരുകളും കൂടുതലുള്ള വൻപയർ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നു. ഭക്ഷ്യനാരുകൾ മലബന്ധം അകറ്റുന്നു. നിരോക്സീകാരികൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താൻ സഹായിക്കുന്ന ആന്റിഓക്സിഡേറ്റീവ് ഗുണങ്ങൾ വൻപയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഈ ഗുണങ്ങൾ നൽകുന്നത്. രാജ്മയിൽ ഒട്ടും പൂരിതകൊഴുപ്പില്ല എന്നതും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്.
വായുകോപം ഭയന്നാണ് പലരും രാജ്മ കഴിക്കാൻ മടിക്കുന്നത്. ഇതകറ്റാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എട്ടോ പത്തോ മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിർക്കണം. നന്നായി വേവിക്കാൻ ശ്രദ്ധിക്കണം. ധാരാളം വെളുത്തുള്ളി കൂടി ചേർത്താൽ ഗ്യാസ്ട്രബിളിനെ പേടിക്കുകയേ വേണ്ട. മുളപ്പിച്ചും രാജ്മ ഉപയോഗിക്കാം.