തറ തുടയ്ക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്

സ്ത്രീകളുടെ ആരോഗ്യം മെച്ചമാക്കാൻ തറ തുടയ്ക്കുകയും വീട്ടിലെ പണികൾ ചെയ്യുകയും ചെയ്താൽ മതിയെന്ന് നിർദേശിച്ചു രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് പുലിവാൽ പിടിച്ചത് അടുത്തിടെയാണ്. നവംബർ മാസത്തെ വിദ്യാഭ്യാസ വകുപ്പിൻറെ ഷിവിര പത്രികയിലാണ്
തറ തുടയ്ക്കൽ, അരി അരയ്ക്കൽ, പാത്രങ്ങളിൽ കോരിയവെള്ളം നിറയ്ക്കൽ, വെണ്ണ കടയൽ, കുട്ടികൾക്കൊപ്പം കളിയ്ക്കൽ ഒപ്പം പത്ത് മിനുട്ടിലധികം ചിരിക്കുക തുടങ്ങിയ പതിനാലു കാര്യങ്ങൾ സ്ത്രീആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണെന്ന നിർദേശം വന്നത്.സംഗതി വിവാദമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കാര്യങ്ങൾ അത്ര വിവാദമാക്കാൻ ഒന്നുമില്ല. തറതുടയ്ക്കൽ നല്ലൊരു വ്യായാമം തന്നെയാണ്. തറ തുടയ്ക്കൽ അടക്കമുള്ള വീട്ടുകാര്യങ്ങൾ സ്ത്രീകൾക്ക് മാത്രമേ ആകാവൂ എന്ന പരാമർശം സ്ത്രീപക്ഷവാദികളിൽ സൃഷ്ടിച്ച എതിർപ്പ് ഒഴിച്ചാൽ ആരോഗ്യപരമായി ആ നിർദേശങ്ങളിൽ തെറ്റൊന്നുമില്ല. മുപ്പതു മിനിട്ട് തറ തുടച്ചാൽ 105 കലോറിയാണ് ശരീരത്തിൽ നിന്നും പോകുന്നത്. മുപ്പതു മിനിട്ട് നടന്നാൽ 80 കലോറിയാണ് കത്തുന്നത്.നോക്കുക, നടത്തത്തേക്കാൾ മിക്ലച്ച വ്യായാമമാണ് തറ തുടയ്ക്കൽ.വീട്ടിൽ നമ്മൾചെയ്യുന്ന ജോലികൾതന്നെ ആരോഗ്യദായകമായി മാറ്റാവുന്നതാണ്. ഷവറിൽ കുളിക്കുന്നതിനുപകരം ബക്കറ്റിൽ വെള്ളം നിറച്ച് ഒരു പാത്രംകൊണ്ട് കുനിഞ്ഞ് വെള്ളം കോരിക്കുളിച്ചാൽതന്നെ അത് നിത്യേന കൃത്യസമയത്തുള്ള വ്യായാമമായി മാറുന്നു. നിലം വൃത്തിയാക്കൽ, ഇരുന്നുകൊണ്ട് കറിക്ക് അരിയൽ, അരയ്ക്കൽ, തേങ്ങ ചുരണ്ടൽ എന്നിവയെയും ഈ ഗണത്തിൽ ഉൾപെടുത്താം. ഇതൊക്കെ വീട്ടിലെ സ്ത്രീകൾ ചെയ്യുന്നത് നോക്കി നിൽക്കാതെ ഒരു കൈ വെച്ചാൽ ചേട്ടന്മാർക്കും ഒരു വ്യത്യസ്ത വ്യായാമം ഒക്കെ ആകും കേട്ടോ..