ഡയബറ്റിക് റെറ്റിനോപ്പതി അന്ധത വരുന്നത് ഇങ്ങനെ

ഔഷധത്തോടൊപ്പം ആഹാരനിയന്ത്രണം, വ്യായാമം ഇവയിലൂടെ കർശനമായി പ്രമേഹം നിയന്ത്രിച്ചവരിൽ പ്രമേഹം ബാധിച്ച് വർഷങ്ങൾ കഴിഞ്ഞാലും റെറ്റിനോപ്പതി ഉണ്ടാകാറില്ല. എന്നാൽ വൈകി പ്രമേഹം കണ്ടെത്തിയവരിലും ദീർഘകാലമായി അനിയന്ത്രിതമായി പ്രമേഹം നീണ്ടുനിൽക്കുന്നവരിലും സങ്കീർണമായി കാഴ്ച പ്രശ്നങ്ങൾ കാണാറുണ്ട്. പ്രമേഹപരിശോധനക്കൊപ്പം നേത്രപരിശോധനയും ചെയ്യുന്നത് സങ്കീർണതകളെ ഗുരുതരമാകാതെ തടയും.
സങ്കീർണതകൾ വിവിധഘട്ടങ്ങളിലൂടെ (diabetic Retinopathy)
ലഘുവായ ആദ്യഘട്ടം
ആദ്യഘട്ടത്തിൽ രക്തലോമികകളിൽ നേരിയ കുമിളകൾ പോലെ നീർവീക്കമുണ്ടാകുന്നു. ചെറിയ രക്തക്കുഴലുകൾ ദുർബലമായി വീർക്കുന്നതാണിവ. യഥാ സമയം കണ്ടത്തൊനും ചികിത്സിക്കാനുമായാൽ കാഴ്ചയെ കാര്യമായി ബാധിക്കാതിരിക്കും.
ഗുരുതരമല്ലാത്ത രണ്ടാംഘട്ടം
ആദ്യഘട്ടം ഫലപ്രദമായി നിയന്ത്രിക്കാനാകാത്തവരിൽ രോഗം ക്രമേണ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും. രക്തലോമികകളിൽ പലയിടത്തും തടസ്സങ്ങൾ ഉണ്ടാകുന്നതോടൊപ്പം ചില ലോമികകളിൽ നിന്ന് കൊഴുപ്പ് ഘടകങ്ങൾ പുറത്തുവരികയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.
ഗുരുതരമായ മൂന്നാം ഘട്ടം
റെറ്റിനയിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിൽ വ്യാപകമായി തടസ്സമുണ്ടാകുന്ന അവസ്ഥയിലാണ് പ്രമേഹരോഗിയിലെ നേത്രരോഗങ്ങൾ ഗുരുതരമാകുന്നത്. വേണ്ടത്ര രക്തം ലഭിക്കാത്തതിനാൽ റെറ്റിനയുടെ പ്രവർത്തനം മന്ദീഭവിക്കുകയും കാഴ്ച തകരാറിലാകുകയും ചെയ്യും. ഒപ്പം വളരെ ദുർബലവും എളുപ്പം നശിച്ചുപോകുന്നതുമായ പുതിയ നിരവധി രക്തക്കുഴലുകൾ പൊട്ടിമുളക്കുന്നു. ഇത്തരം മാറ്റങ്ങൾ റെറ്റിനയുടെ സ്ഥാനചലനത്തിന് ഇടയാക്കാറുണ്ട്.
നാലാംഘട്ടം
നാലാം ഘട്ടമാകുന്നതോടെ റെറ്റിനയിലൂണ്ടാകുന്ന ദുർബലമായ പുതിയ രക്തക്കുഴലുകൾ പൊട്ടി രക്തം കണ്ണിനുള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നു. തുടർന്ന് റെറ്റിനയിൽ ഏറ്റവും മികച്ച കാഴ്ചാനുഭവം നൽകുന്ന ഭാഗങ്ങളിലും കേടുപാടുകൾ സംഭവിക്കുന്നു. അത്യന്തം ഗുരുതരമായ ഈ അവസ്ഥയിൽ കാഴ്ച ഭാഗികമായി നഷ്ടമാകും.