ടെൻഷൻ, ടെൻഷൻ, എങ്ങോട്ടാണ് നാം ഈ ഓടുന്നത് ?

അതിവേഗത്തിൽ പായുന്ന ഒരു പന്തയക്കുതിരയെ പോലെയാണ് ഇന്നത്തെ ജീവിതം. കുട്ടികൾ ജനിച്ചു വീഴുന്നത് തന്നെ പരീക്ഷകളിലേക്കും മത്സരങ്ങളിലേക്കുമാണ്. ക്ലാസ്, ട്യൂഷൻ, ഗൃഹപാഠം, പരീക്ഷ ഇങ്ങനെ പോകുന്നു പാവം കുട്ടികളുടെ ദിനചര്യ. ഇതിനടിയിൽ കളിക്കാൻ പോയിട്ട് ഒന്ന് ശ്വാസം വിടാനായാൽ ആശ്വാസം ..
മുതിർന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഓഫീസുകളിൽ മേലധികാരികളുടെ സമ്മർദ്ദം, നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തി യാക്കാനുള്ള സമ്മർദ്ദം, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അയൽക്കാരേക്കാൾ മുന്നിലെത്താനുമുള്ള സമ്മർദ്ദം, തിരക്ക് പിടിച്ച റോഡിലൂടെ യാത്രചെയ്യുന്നത് പോലും സമ്മർദ്ദം…
ഒരു വ്യക്തിക്ക് താങ്ങാൻ ആവുന്നതിനുമപ്പുറം സമ്മർദ്ദം ഇന്നത്തെ തലമുറ അനുഭവിക്കുന്നുണ്ട്. ഇതൊക്കെ ഒന്ന് ലഘൂകരിക്കാനുള്ള സാമൂഹ്യ ഉപാധികളും നമുക്ക് നഷ്ടമായിക്കഴിഞ്ഞു. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്ക് മാറിയ മലയാളി തന്റെ സാമൂഹ്യ ജീവിതം കൂടിയാണ് പടിക്ക് പുറത്തേക്ക് മാറ്റിനിർത്തിയത്. കലയില്ല, സാഹിത്യമില്ല ചെറു കൂട്ടങ്ങളുടെ ചർച്ചകൾ ഇല്ല. കൂടെ ആരുമില്ല, ഒരു സമ്മർദ്ദം വന്നാൽ പങ്കുവെക്കാൻ, കൂട്ടുകാരോ, ഉറ്റവരോ, ആകെയുള്ളത് കൈയ്യിലുള്ള സെൽഫോൺ മാത്രം. എന്നിട്ടും സംഘർഷം കുറയുന്നുണ്ടോ? ഇല്ല… കൂടിക്കൊണ്ടേ ഇരിക്കുന്നു… സോഷ്യൽ മീഡിയയിലെ ജയിക്കാൻ വേണ്ടി മാത്രമുള്ള ചർച്ചകകളും വാക് പ്രയോഗങ്ങളും മസ്തിഷ്ക പ്രക്ഷാളനവും എല്ലാം നമ്മെ കൂടുതൽ കുഴപ്പത്തിലേക്കു നയിക്കുന്നു. ഫലമോ ? നിരന്തര മാനസിക സമ്മർദ്ദത്തിന്റെ ഫലമായുള്ള ജീവിത ശൈലീരോഗങ്ങൾ കൂടിക്കൊണ്ടേ ഇരിക്കുന്നു. ഒന്ന് മാറേണ്ടേ നമുക്ക് ?
നോ ഡയബറ്റിസ് ഫേസ് 2 കാമ്പയിന്റെ ഭാഗമായി ഡോ. ജി.വിജയകുമാറിന് നൽകിയ സന്ദേശം..