ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളോട് ചെയ്യുന്നത് : വിവാഹത്തിലടക്കം സമ്മര്ദത്തിലാണവള്…സമാനാവസ്ഥയിലുള്ള പുരുഷനേക്കാള്‍

ജീവിതശൈലീ രോഗമുള്ള പുരുഷനേക്കാള്‍ സ്ത്രീക്ക് സമ്മര്‍ദം ഏറെയാണ്. വിവാഹത്തിന്റെ കാര്യം തന്നെയെടുക്കാം. ടൈപ്പ് 1 ഡയബെറ്റിക്സ് ഉള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹം നടക്കുക ബുദ്ധിമുട്ടാണ്. എന്നും ഇന്‍സുലിന്‍ കുത്തിവെക്കേണ്ടി വരുന്നതിനാല്‍ മറച്ച് വെച്ച് വിവാഹം നടത്തുക പ്രയാസകരമാണ്. തുറന്നുപറയുമ്പോള്‍ ആകട്ടെ ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞ് ആലോചന മുടങ്ങുകയും ചെയ്യും. ഇതേ പ്രശ്നമുള്ള ആണ്കുട്ടിക്കാകട്ടെ കാര്യം തുറന്ന്പറഞ്ഞാല്‍ വിവാഹം പ്രശ്നമാകില്ല.
ഡയബെറ്റിസ് നിയന്ത്രണ വിധേയമാണെങ്കില്‍ ഗര്‍ഭിണിയാകുക ഒരു വെല്ലുവിളിയാകില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. എന്നിട്ടും തെറ്റിദ്ധാരണ മാറുന്നില്ല എന്നതാണ് വേദനാജനകമായ കാര്യം. ടൈപ്പ് 2 ഡയബെറ്റിക്സ് ഉള്ള പെണ്‍കുട്ടികളില്‍ പലരും ഗത്യന്തരമില്ലാതെ മറച്ച് വെച്ചാണ് വിവാഹിതരാകുന്നത്. മുന്‍പ് പ്രമേഹം ഇല്ലാതിരുന്നവര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന ഗര്‍ഭകാല പ്രമേഹം ആണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇന്‍സുലിന്‍ റിസെപ്റ്റെര്ഡ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുന്നവര്‍ക്കാണ് സാധാരണ ഗതിയില്‍ ഗര്‍ഭധാരണത്തിന്റെ ആറാം മാസം മുതല്‍ ടൈപ്പ് 2 ഡയബെറ്റിക്സ് വരുന്നത്. ഇപ്പോള്‍ 10 ശതമാനം വരെയാണ് ഗര്‍ഭകാല പ്രമേഹനിരക്ക്. പ്രസവാനന്തരം ഇത് പൂര്‍ണമായി ഭേദപ്പെടുമെങ്കിലും 35 മുതല്‍ 60 ശതമാനം വരെ പേര്‍ക്ക് പ്രസവശേഷം 10-20 വര്‍ഷത്തിനകം പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദ്രോഗ സാധ്യതയും കൂടും. ഇത്തരക്കാരുടെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് തൂക്കം കൂടുതലായിരിക്കും. ഗര്‍ഭാവസ്ഥയില്‍ കുട്ടി മരണപ്പെടാനുള്ള സാധ്യതയും ഉണ്ടെന്നതിനാല്‍ നന്നായി സൂക്ഷിക്കുക തന്നെ വേണം.
ഇരുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍, പാരമ്പര്യമായി പ്രമേഹമുള്ളവര്‍, പൊണ്ണത്തടിയുള്ളവര്‍, ഗര്‍ഭാവസ്ഥയില്‍ കുട്ടി മരണപ്പെട്ട അമ്മമാര്‍, ഗര്‍ഭാശയത്തില്‍ ദ്രാവകത്തിന്റെ അളവ് കൂടുതലുള്ളവര്‍, നേരത്തെ ഗര്‍ഭാവസ്ഥയില്‍ പ്രമേഹം വന്നവര്‍. ഇവര്‍ക്കൊക്കെ ഗര്‍ഭകാല പ്രമേഹത്തിന് സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി കൂടാതെ നോക്കുകയും ഡയറ്റീഷ്യന്റെ സഹായത്തോടെയുള്ള ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയാണ് ഗര്‍ഭാവസ്ഥയിലെ പ്രമേഹരോഗികള്‍ക്ക് മുന്നിലെ പോംവഴികള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് രണ്ടാഴ്ചയ്ക്കുള്ളില്‍ നിയന്ത്രിക്കാന്‍ ആയില്ലെങ്കില്‍ ഇന്‍സുലിന്‍ ഇന്ജക്ഷന് തുടങ്ങാതെ വഴിയില്ല.
ഇന്ത്യന്‍ സ്ത്രീസമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പോഷകക്കുറവും പോഷകക്കൂടുതലും തമ്മിലുള്ള അനുപാതവ്യത്യാസം. രണ്ടും ഒരേപോലെ കാണുന്ന പ്രതിഭാസം ഉണ്ടിവിടെ. രണ്ടും പ്രമേഹത്തിലേക്കുള്ള വാതില്‍ തുറക്കുന്നവയാണ്. പോഷകക്കുറവുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് ബര്‍ത്ത് വെയിറ്റ് കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് പിന്നീട് പാന്‍ക്രിയാസ് വികാസം കുറഞ്ഞ് ഡയബെറ്റിസ് വന്നേക്കാം. ഇനി പോഷകക്കൂടുതലുള്ള അമ്മമാരുടെ ഓവര്‍വെയിറ്റ് ഉള്ള കുട്ടികള്‍ക്ക് പാരമ്പര്യപ്രകാരവും പ്രമേഹം വരും. ആര്‍ത്തവ വിരാമം വരെ സ്ത്രീകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണ്, എന്നാല്‍ ഡയബെറ്റിസ് ഉള്ള ഒരു സ്ത്രീയുടെ കാര്യത്തില്‍ ആണെങ്കില്‍ കാര്യം മറിച്ചാണ്. അവര്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ട പ്രൊട്ടക്ഷന്‍ ഇല്ലാതെയാകും. 60 പിന്നിട്ട പുരുഷന് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതക്ക് തുല്യമാണ് ആര്‍ത്തവവിരാമം ഉണ്ടായ വനിതാ ഡയബെറ്റിക് രോഗിയുടെ അവസ്ഥ.