ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളോട് ചെയ്യുന്നത് : ആ പോരാട്ടത്തില്‍ പലപ്പോഴും അവര്‍ തനിച്ചാണ്

പരിശോധനാമുറിയിലേക്ക് കടന്നുവരുമ്പോൾ തന്നെ മധ്യവയസ്ക്കരായ ആ ദമ്പതികളുടെ ടെൻഷൻ പ്രകടമായിരുന്നു. ആദ്യം ഭർത്താവിന്റെ റിസൾട്ട് നോക്കി. പ്രമേഹതോത് നല്ല ഉയരത്തിൽ തന്നെയാണെന്നും നന്നായി ശ്രദ്ധിക്കണമെന്നും പറയുമ്പോൾ ഭാര്യ ആശങ്കാപൂർവ്വം നിരന്തര സംശയങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു… ഭാര്യയുടെ പരിശോധനയിലേക്ക് കടന്നപ്പോൾ ആകട്ടെ നിർവികാരനായി അതിലൊന്നും താൽപര്യമില്ലാത്ത തരത്തിൽ ഭർത്താവ് പുറത്തുകടന്നു. ദേ… ഒന്ന് നിക്കണേ… എന്ന അവരുടെ വാക്കുകൾ പോലും മുഖവിലയ്ക്ക് എടുക്കാതെ…
ഇതൊരു കൽപിതകഥയല്ല. മൂന്നു പതിറ്റാണ്ട് നീണ്ട പ്രമേഹചികിൽസയ്ക്ക് ഇടയിൽ സ്ത്രീകളുടെ ചികിൽസയുടെ കാര്യം വരുമ്പോൾ പല തരത്തിലുള്ള ഇത്തരം നിർവികാരതകൾ എത്രയോ കണ്ടിരിക്കുന്നു. ജീവിതശൈലീ രോഗങ്ങൾ ഉള്ള സ്ത്രീകളിൽ പലരും ജീവിതത്തിൽ ഉടനീളം കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ലിംഗപരമായ അസമത്വം ജീവിതശൈലീ രോഗചികിത്സയിൽ ഉണ്ടെന്ന് പറഞ്ഞാൽ സ്ത്രീപക്ഷവാദിയായി മുദ്ര കുത്തുമെന്ന് അറിയാമെങ്കിലും സത്യം സത്യമല്ലാതെ ആകുന്നില്ലല്ലോ. സ്വന്തം കാലിൽ നിൽക്കാനാകാത്ത ഭൂരിപക്ഷം സ്ത്രീകളും ഈ വൈതരണിയിലൂടെ കടന്നുപോകുന്നുണ്ട്. സ്ത്രീക്കും പുരുഷനും ഒരേ പോലെ വരുന്ന അസുഖമാണ് ഡയബെറ്റിസ്. പുരുഷന്മാരായ രോഗികൾക്ക് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് നടത്തുമ്പോൾ കൂടെയുള്ള ഭാര്യമാർക്കും അമ്മമാർക്കും ഷുഗർ ടെസ്റ്റും ടോട്ടൽ കൊളസ്ട്രോൾ പരിശോധനയുമായി ചുരുങ്ങും. എന്തിന്, ആശുപത്രിവാസം അനിവാര്യമായാൽപോലും അഡ്മിഷൻ ദിനങ്ങൾ പരിമിതപ്പെടുത്താൻ ആകും എല്ലാവർക്കും താൽപര്യം.
ആശുപത്രികളിലെ ഒ.പികൾ പലതും സ്ത്രീ സൗഹൃദമല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വീടിനടുത്ത് നടത്തുന്ന സൗജന്യ ജീവിതശൈലീരോഗ ക്ലിനിക്കിലെ അനുഭവം പറയാം. അവിടത്തെ രോഗികളിൽ 90 ശതമാനം പേരും സാധാരണകുടുംബങ്ങളിലെ കുടുംബിനികളാണ്. പലരുടെയും ഭർത്താക്കന്മാർ ഇതേ അസുഖത്തിന് ആശുപത്രികളിൽ ചികിൽസ തേടുമ്പോൾ അവരുടെ ചികിൽസ ഫ്രീ ക്യാമ്പിൽ. പലർക്കും പരസഹായമില്ലാതെ യാത്ര ചെയ്യാനോ കൃത്യമായ ഇടവേളകളിൽ കൺസൾട്ടേഷൻ നടത്താനോ കഴിയാത്തവർ. വീട്ടിൽ ആർക്കെങ്കിലും ഉണ്ടാകുന്ന അസൗകര്യം കൊണ്ടു പോലും ചികിത്സാക്രമം തെറ്റുന്നവർ. ഇതിനൊരു മാറ്റം ഉണ്ടാകേണ്ടേ. ആയൂർദൈർഘ്യം പുരുഷനേക്കാൾ കൂടുതലുള്ളതിനാൽ രോഗപീഡകളുടെ ദൈർഘ്യവും കൂടുതലുള്ള വനിതകൾക്ക് ജീവിതശൈലീ രോഗങ്ങളിൽ ഒരൽപം കൂടുതൽ കരുതൽ നൽകേണ്ടേ.