ഗ്ലൂക്കോ മീറ്ററും ആപ്ലിക്കേഷനുകളും

ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രം ചികിത്സിക്കാൻ കഴിയുന്ന ഒരു രോഗമേ അല്ല പ്രമേഹം. കൊളസ്ട്രോളും ബിപിയും ഉൾപ്പെടെയുള്ള കാര്യങ്ങളും വ്യായാമവുമെല്ലാം ദിനേന എന്നവണ്ണം വിലയിരുത്തിക്കൊണ്ട് മുന്നോട്ട് പോയാലേ ഭക്ഷണ ക്രമത്തിൽ നിയന്ത്രണം കൊണ്ടുവന്നാൽപ്പോലും പ്രമേഹത്തെ നിയന്ത്രിക്കാനാകൂ. ഇതിനെല്ലാം സഹായിക്കുന്ന പതിനായിരക്കണക്കിന് ഡയബറ്റിക് ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ വിരലിലെണ്ണാവുന്നത് മാത്രമാണ് രോഗികൾക്ക് യഥാർത്ഥത്തിൽ പ്രയോജനപ്പെടുന്നത്.
രക്തത്തിലെ പഞ്ചസാര ഗ്ലൂക്കോ മീറ്ററിൽ നോക്കുമ്പോൾ ആ പഞ്ചസാരയുടെ അളവ് മൊബൈൽ ഫോണിൽ അപ്പോൾ തന്നെ പ്രത്യക്ഷപ്പെടുന്ന സംവിധാനങ്ങൾ അടക്കമുള്ളവ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്. ബ്ലൂടൂത്ത്, വയർലെസ് സംവിധാനമുള്ള ഇത്തരം ഗ്ലൂക്കോ മീറ്ററുകൾ അനുബന്ധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോണുമായി ബന്ധിപ്പിച്ചിരിക്കും. സ്വയം രക്തപരിശോധന നടത്തുന്ന ഫലങ്ങൾ അവലോകനം ചെയ്യാനും അതൊരു ഗ്രാഫാക്കി മാറ്റി ഡോക്ടർക്ക് ഇ-മെയിൽ അയക്കാനുമെല്ലാം ഇന്ന് സംവിധാനങ്ങളുണ്ട്. ഡയബറ്റിക്സ് ആപ്പുകളിലെ എല്ലാ വിവരങ്ങളും ക്ലൗഡിൽ ശേഖരിക്കുന്നതുകാരണം എപ്പോൾ വേണങ്കെിലും ഏത് കമ്പ്യൂട്ടറിൽ വേണമെങ്കിലും നമ്മുടെ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് വിവരങ്ങൾ ഡൗൺലോഡ് ചെയ്യുവാനും വിശകലനം ചെയ്യുവാനും കഴിയും. പ്രമേഹ രോഗിക്ക് എന്ത് സംശയവും ചോദിച്ചാൽ 24 മണിക്കൂറും അതിനുള്ള മറുപടികൾ ലഭിക്കുന്ന തരത്തിലുള്ള ആപ്പുകൾ വരെ ഇന്നുണ്ട്.