കൽക്കണ്ടം വാസ്തവത്തിൽ പഞ്ചസാര തന്നെയാണ് റിഫൈൻ ചെയ്യാത്ത പഞ്ചസാര

കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുമ്പോൾ ചിലർ ഉടൻ പറയും..കൊച്ചിന് അല്പ്പം് പഞ്ചസാര കൊടുക്ക്…അവൻ കഴിച്ചോളും..എന്നാൽ ഇത് നല്ലതാണോ ? അല്ല…,ആരോഗ്യകരമായ ഭക്ഷണ സംസ്ക്കാരത്തിനുള്ള അടിത്തറ കുട്ടികളിൽ തന്നെ ഇട്ടു തുടങ്ങാം എന്ന നവചിന്തയുടെ കാലത്ത് ഇത്തരം രീതികൾ ഒഴിവാക്കി നിര്ത്തു്ന്നതാണ് ഉത്തമം.
കൊച്ചുകുട്ടികൾ മധുരപ്രിയരാണ്. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ കുഞ്ഞുപ്രായത്തിൽത്തന്നെ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. എന്നാൽ ചെറുപ്രായത്തിൽ മധുരം കൊടുത്തു ശീലിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേർത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയർ പുഴുങ്ങിയതോ കൊടുത്താൽ പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാര കൊടുക്കുന്നതിനു പകരം ചട്ണിയോ കടലക്കറിയോ നല്കാം. പഞ്ചസാര ഒരു സൈഡ് ഡിഷായി കൊടുത്തു പഠിപ്പിക്കാതിരിക്കുക എന്നതു പ്രധാനം.
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുമ്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ഈ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും 20 25 ഗ്രാം പഞ്ചസാര വരെ ദിവസവും ഈ പ്രായത്തിൽ അവർക്കു കൊടുക്കാം.
ശർക്കരയിൽ നിന്ന് ഇരുമ്പ്, കോപ്പർ തുടങ്ങിയ ധാതുക്കൾ കൂടി കിട്ടുന്നതിനാൽ പഞ്ചസാരയേക്കാൾ ഭേദമാണ് എന്ന് പറയാം. തേൻ, കരുപ്പട്ടി എന്നിവയും മധുരമായി നൽകാം. ഇനി ചിലർ പഞ്ചസാരക്ക് പകരമായി കുട്ടികൾക്ക് കൽക്കണ്ടം ധാരാളം നൽകുന്നതും പതിവാണ്. പഞ്ചസാരയുടെ അത്ര അപകടമില്ല എന്ന ധാരണയാണവർക്ക്. എന്നാൽ കൽക്കണ്ടം വാസ്തവത്തിൽ പഞ്ചസാര തന്നെയാണ്. റിഫൈൻ ചെയ്യാത്ത പഞ്ചസാര.