കൊളസ്ട്രോളിനെ അറിയാം

കോശഭിത്തികളുടെ നിർമിതിക്കും അനേകം ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും ഉൽപാദനത്തിനും നമ്മുടെ ശരീരം തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നുണ്ട്. കരളാണു കൊളസ്ട്രോൾ ഫാക്ടറി. നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ ഉൽപാദിപ്പിക്കുന്നതാണ്. 20 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നുള്ളൂ.
രക്തത്തിലൂടെയാണു കൊളസ്ട്രോൾ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നത്. കൊളസ്ട്രോൾ രക്തത്തിൽ ലയിക്കുകയില്ല. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപോപ്രോട്ടീൻ കണികകളായാണ് ഇതു രക്തത്തിലൂടെ സഞ്ചരിക്കുന്നത്.
സാന്ദ്രതയുടെ അടിസ്ഥാനത്തിൽ മൂന്ന് തരമായി തരംതിരിക്കാം.. സാന്ദ്രത കൂടിയ നല്ല കൊളസ്ട്രോൾ (HDL), സാന്ദ്രത കുറഞ്ഞ ചീത്ത കൊളസ്ട്രോൾ (LDL), സാന്ദ്രത വളരെ കുറഞ്ഞ കൊളസ്ട്രോൾ (VLDL) എന്നിവയാണ് ഇത്. ഇതിന് പുറമെ ട്രൈഗ്ളിസറൈഡ്എന്ന മറ്റൊരിനം കൊഴുപ്പും LDL എന്ന ചീത്ത കൊളസ്ട്രോളിന്റെ ദോഷ ഫലങ്ങളെ വർധിപ്പിക്കാറുണ്ട്.
HDL എന്ന നല്ല കൊളസ്ട്രോൾ
രക്തക്കുഴലുകൾ ശുചിയാക്കുക എന്ന ഭാരിച്ച ജോലിയിലൂടെ കൊളസ്ട്രോളിന്റെ അളവ് ക്രമീകരിച്ച് നിരവധി രോഗങ്ങളുടെ കടന്ന് വരവിനെ തടയുന്ന നല്ല കൊളസ്ട്രോളാണ് HDL. ഇതിന് പുറമെ രക്തം അനവസരങ്ങളിൽ കട്ട പിടിക്കുന്നത് ഒഴിവാക്കാനും, രക്തക്കുഴലുകളുടെ വികസനത്തെ സഹായിക്കുന്ന ഘടകങ്ങളുടെ ഉദ്പാദനത്തെ ഉത്തേജിപ്പിക്കാനും HDLന് കഴിയും. കൂടാതെ ചീത്ത കൊളസ്ട്രോൾ ഘടകങ്ങൾക്ക് രൂപാന്തരം സംഭവിച്ച് ശരീരത്തിന് ഹാനികരമായി മാറുന്നതിനെ തടയുന്നതും. നല്ല കൊളസ്ട്രോളായ HDL ആണ്. HDLന്റെ അളവ് 50mg/dl ഓ അതിൽ കൂടുതലോ ആകുന്നത് ഏറെ ഗുണകരമാണ്.
LDL അഥവാ ചീത്ത കൊളസ്ട്രോൾ
കരളിൽ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളിനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂള്ള കോശങ്ങളിൽ എത്തിക്കുന്നത് LDL ആണ്. രക്തക്കുഴലിന്റെ ഉൾഭാഗത്ത് കൊഴുപ്പ് അടിഞ്ഞ് കൂടി ധമനീ പ്രതിചയം (atherosclerosis) ഉണ്ടാകുന്നതിന്റെ പ്രധാന കാരം LDLന്റെ അളവിലുണ്ടാകുന്ന വർധനവാണ്. തുടർന്ന് പ്രധാന അവയവങ്ങളിലേക്കുള്ള രക്തസഞ്ചാരം കുറഞ്ഞ് ഹൃദ്രോഗം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾക്കിടയാക്കും. LDLന്റെ അളവ് 100 mg/dlൽ കുറവാകുന്നതാണ് ഏറ്റവും സുരക്ഷിതം.
ചില രാസപ്രക്രിയകളത്തെുടർന്ന് LDL ഘടകത്തിന് രൂപാന്തരം സംഭവിക്കുകയും രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ മറ്റ് കോശങ്ങളുമായിച്ചേർന്ന് പറ്റിപ്പിടിച്ച് കൊഴുപ്പ് അടിഞ്ഞ് കൂടാൻ ഇടയാകുകയും ചെയ്യുന്നു. ഒപ്പം ധമനികളുടെ ഉൾവ്യാസം കുറയുകയും രക്തം കട്ടപിടിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുകയും ചെയ്യും. അതിനാൽ LDL എന്ന ചീത്ത കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്തണം.
സാന്ദ്രത വളരെക്കുറഞ്ഞ VLDL
കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന കൊഴുപ്പ് കണികയാണ് VLDL കൊളസ്ട്രോളിന്റെ ദോഷഫലങ്ങളെ കൂട്ടുമെന്നതിനാൽ VLDLന്റെ അളവ് 30mg/dl കൂടാതിരിക്കുന്നതാണ് ഉചിതം.
ട്രൈഗ്ളിസറൈഡ്
കോശങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്ന കൊഴുപ്പാണ് ട്രൈഗ്ളിസറൈഡ്. ചീത്ത കൊളസ്ട്രോളായ LDL ധമനികളിൽ അടിഞ്ഞ്കൂടാൻ ട്രൈഗ്ളിസറൈഡ് ഇടയാക്കാറുണ്ട്. കൂടാതെ മറ്റ് പദാർഥങ്ങളുമായിച്ചേർന്ന് ഇത് VLDL ആയി മാറും. അതിനാൽ ട്രൈഗ്ളിസറൈഡിന്റെ തോത് 150mg/dl താഴ്ന്ന് നിൽക്കുന്നതാണ് സുരക്ഷിതം.