കേക്കിനെ ശ്രദ്ധിക്കണം

കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് എന്ന് ചിന്തിച്ച്, കിട്ടുന്നതെല്ലാം അകത്താക്കും മുൻപ് ഒന്ന് ശ്രദ്ധിക്കുക. പ്രമേഹം, കൊളസ്ട്രോൾ, രക്താതിസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്ക് കേക്ക് ഒഴിവാക്കേണ്ട ആഹാരത്തിൽ പെടുന്ന ഒന്നാണ്. കൊഴുപ്പും, ഗ്ലൈസീമിക് ഇൻഡക്സും ഊർജവും വളരെ കൂടുതൽ ഉള്ളതും റിഫൈൻഡ് ആയ അന്നജവും തവിടു തീരെയില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ നിർബന്ധമായും ഒഴിവാക്കേണ്ട റെഡ് കാറ്റഗറി വസ്തുവാണ് കേക്ക് പ്രമേഹക്കാർക്ക്.. മൈദയാണ് കേക്കിന്റെ അടിസ്ഥാന അസംസ്കൃത വസ്തു. 300 മുതൽ 360 വരെ വളരെ ഉയർന്ന തോതിലുള്ള കലോറിയാണ് കേക്കിനുള്ളത്. കൊളസ്ട്രോൾ 78 മില്ലിഗ്രാം, സോഡിയം 86 മില്ലിഗ്രാം,ട്രാൻസ്ഫാറ്റ് 16 ഗ്രാം, മാംസ്യവും അന്നജവും ആരോഗ്യകരമായ അളവിലും താഴെ…ഇവയാണ് കേക്കിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ. നാര് തീരെയില്ലാത്തതും കേക്കിന്റെ ദോഷ വശങ്ങളാണ്.. ഇതിൽ അടങ്ങിയിട്ടുള്ള 16 ഗ്രാം ട്രാൻസ്ഫാറ്റ് രോഗം ജീവിതശൈലീ രോഗങ്ങൾ അധികരിക്കാൻ ഇടയാക്കും. ദിവസം ആരോഗ്യമുള്ള ഒരാൾക്ക് 20 ഗ്രാം കൊഴുപ്പ് മാത്രമാണ് ഭക്ഷണത്തിൽ നിന്നും കിട്ടേണ്ടത്. ഐസിങ്ങുള്ള കേക്കിൽ പഞ്ചസാരയും വനസ്പതിയും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് പൊതിയുന്നത് എന്നത് മറക്കണ്ട. ആരോഗ്യമുള്ള ഒരാൾക്ക് ഉച്ചഭക്ഷണത്തിൽ നിന്നും കിട്ടുന്ന കലോറിയുടെ പകുതിയോളം കിട്ടും നൂറുഗ്രാം വരുന്ന ഒരു കഷണം കേക്കിൽ നിന്ന്..