കുഞ്ഞുന്നാളിൽ മധുരം കഴിച്ചാൽ പ്രമേഹം വരുമോ ?

പ്രമേഹം പിടിപെട്ടു എന്ന് പറയുമ്പോൾ തന്നെ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്… കുഞ്ഞുന്നാളിൽ ഒരുപാട് മധുരം വാരിത്തിന്നതല്ലേ… ഇനി അനുഭവിച്ചോ എന്ന്… പ്രമേഹ പാരമ്പര്യം ഉള്ള കുടുംബത്തിൽ പിറന്നവരുടെ കാര്യത്തിൽ ഇത് അച്ചട്ടാണ്. എന്നാൽ സാധാരണ ഗതിയിൽ കുഞ്ഞുന്നാളിലെ മധുരം തീറ്റയും പ്രമേഹവും തമ്മിൽ ബന്ധമൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മാതാപിതാക്കൾക്ക് രണ്ടാൾക്കും പ്രമേഹം ഉണ്ടെങ്കിൽ മക്കൾക്ക് പ്രമേഹം വരാനുള്ള സാധ്യത അമ്പതു ശതമാനം ആണ്. ഒരാള്‍ക്ക് മാത്രമാണെങ്കിൽ അത് 25 ശതമാനവും. അപ്പോൾ പിന്നെ അത്തരം കുടുംബങ്ങളിൽ നാളത്തെ രോഗ സാധ്യത കൂടി കണക്കിലെടുത്തുവേണം ഇന്നേ കാര്യങ്ങൾ ചെയ്യാൻ. ഈ കരുതൽ കുടുംബ സുഹൃത്തുക്കള്‍ക്കും ബന്ധുക്കൾക്കും ബാധകം തന്നെ. കുഞ്ഞുങ്ങളുള്ള വീടുകളിലേക്ക് കവർ നിറയെ ബേക്കറി പലഹാരങ്ങൾ വാങ്ങികൊണ്ട് പോകുന്നവരുണ്ട്. കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കാനായി ഇത്തരം സാധനങ്ങൾ ഒരു വീട്ടിലേക്ക് വാങ്ങുന്നതിന് മുൻപ് എന്തുകൊണ്ടോ ആരും അവിടെയുണ്ടാകാൻ സാധ്യതയുള്ള പ്രമേഹരോഗിയെ കണക്കിലെടുക്കാറില്ല. പ്രമേഹപാരമ്പര്യമുള്ള കുടുംബങ്ങളിൽ പുതു തലമുറയിലേക്ക് രോഗം കൈമാറാതിരിക്കാതെയുള്ള ഒരു മുൻകരുതൽ കൂടിയാണ് ബേക്കറി പലഹാരങ്ങൾ വർജിക്കൽ എന്നത് കൂടി കണക്കിലെടുത്തുവേണം ഇനിയൊരു ഗൃഹസന്ദർശന പർച്ചേസ്.
ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൊഴുപ്പ് ട്രാൻസ്ഫാറ്റ് അഥവാ ഹൈഡ്രോജിനേറ്റഡ് വെജിറ്റബിൾ ഓയിൽ മോശപ്പെട്ട ഇനത്തിൽപ്പെട്ട കൊഴുപ്പാണ്. ഇതു പ്രമേഹത്തിനു മാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും. ഇനി പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഭക്ഷണപദാർഥങ്ങളുടെ പട്ടിക നോക്കിയാൽ അതിൽ ബേക്കറി സാധനങ്ങളുടെ ഒരു നീണ്ട പട്ടിക കാണാം. ചിക്കൻ/മട്ടൻ പഫ്സ്, മട്ടൻ കട്ലെറ്റ്,സമോസ,പാലപ്പം,ബര്ഗനർ, കേക്ക്,വട,ബോണ്ട, വിവിധയിനം ചിപ്സുകൾ, ഐസ് ക്രീം, പേട, ജെല്ലി, പായസം, ജിലേബി,ഗുലാബ് ജാമുൻ, ഉണ്ണിയപ്പം, ചോക്ലേറ്റ്, തുടങ്ങിയവ ഒക്കെ കൊഴുപ്പും ഗ്ലൈസീമിക് ഇൻഡക്സും ഊർജവും കൂടുതലും തവിടില്ലാത്തതും ആയ ഭക്ഷണവസ്തുക്കളുടെ പട്ടികയിൽ വരുന്നവയാണ്.
ഏതൊരു പ്രമേഹരോഗിക്കും ആഹാരനിയന്ത്രണത്തിന് കുടുംബാംഗങ്ങളുടെ സഹകരണം ആവശ്യമാണ്. രോഗിയുടെ സമീകൃത ഭക്ഷണക്രമം വീട്ടിലെ മറ്റുള്ളവരും സ്വീകരിക്കണം. സമീകൃതഭക്ഷണം വെറും ഭക്ഷണമല്ല. പ്രമേഹനിയന്ത്രണത്തിനുള്ള മരുന്നുതന്നെയാണ്. ഭാവിയിൽ പ്രമേഹം വരാതിരിക്കാനുള്ള ഒരു മുന്ക്രുതലും. അപ്പോൾ പിന്നെ സമീകൃതമല്ലാത്ത ബേക്കറി പലഹാരങ്ങൾ ഉപേക്ഷിക്കാൻ കുട്ടികളെ സജ്ജരാക്കുകയല്ലേ ഉചിതം ?