ഒരു ബോട്ടില്‍ കോള മതി , ശരീരത്തിന്റെ പ്രതിദിന ക്വാട്ട പൂര്‍ത്തിയാകാന്‍…

ഒരു യാത്ര പോകുമ്പോൾ കൈയ്യിൽ കുപ്പിവെള്ളം കരുതുന്ന എത്ര യുവാക്കൾ കാണും നമുക്കിടയിൽ? ദീർഘദൂര ട്രെയിനുകളിൽ കയറുമ്പോൾ ഒന്ന് ചുറ്റുപാടും കണ്ണോടിച്ചാൽ ഇതിനുള്ള ഉത്തരം കിട്ടും നമുക്ക്. കാർബണേറ്റഡ് ഡ്രിങ്ക്സ് എന്ന പേരിൽ അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകൾ ആകും യുവാക്കളുടെ പക്കൽ ഏറെയും. സൗഹൃദസദസ്സുകളിലും പാർട്ടികളിലും കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെടുന്നതു നിറമുള്ള ഈ പാനീയങ്ങളുടെ ലഹരിയാണ്. അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയിലേക്കുള്ള വഴിയാണ് തൊണ്ടയിലൂടെ നുരഞ്ഞിറങ്ങുന്ന സോഫ്റ്റ് ഡ്രിങ്കുകൾ എന്നറിയുക.
ഒരു ബോട്ടിൽ കോള കുടിക്കുമ്പോൾ പത്ത് മിനിട്ടിനുള്ളിൽ പത്ത് ടീസ്പൂൺ പഞ്ചസാരയാണ് ശരീരത്തിലെത്തുന്നത്. ഒരു ദിവസം നമ്മുടെ ശരീരത്തിൽ എത്താവുന്ന പഞ്ചസാരയുടെ അളവാണ് അത്. കൂടിയ അളവിൽ പഞ്ചസാര ശരീരത്തിൽ പ്രവേശിക്കുമ്പോൾ ബ്ലഡ് ഷുഗർ കുത്തനെ വർദ്ധിക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു. ഇത് കരളിനെ കാര്യമായി ബാധിക്കുന്നു. ഒരു കാൻ സോഫ്റ്റ് ഡ്രിങ്കിൽ 150 കലോറിയും ഒരു ബോട്ടിലിൽ 201 കലോറിയും ആണ് ഉള്ളത്. കഫീൻ അടങ്ങാത്ത സോഫ്റ്റ് ഡ്രിങ്കിലെ കണക്ക് ആണിത്. കഫീൻ അടങ്ങിയത് ആണെങ്കിൽ അത് രക്തസമ്മർദ്ദം വർദ്ധിക്കാനും ഇതുമൂലം കരൾ കൂടുതൽ പഞ്ചസാര രക്തത്തിലേക്ക് കലർത്താനും ഇടവരുത്തും. അമിതമായ പഞ്ചസാര ശരീരത്തിലെത്തുമ്പോൾ ഇത് മൂത്രം വഴി പുറംതള്ളാൻ ശരീരം ശ്രമിക്കും. എന്നാൽ, മൂത്രം പുറത്തുപോകുന്നതിനോടൊപ്പം എല്ലും, പല്ലും ശക്തിപ്പെടുത്തുന്ന പോഷകങ്ങളും കൂടെ ശരീരം പുറംതള്ളുന്നു.
സോഫ്റ്റ് ഡ്രിങ്കുകൾ ഉത്പാദിപ്പിക്കുന്നതു കാർബൺഡൈ ഓക്സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും (ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നവ) സുക്രോസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഷുഗർ തുടങ്ങിയവയും കൂട്ടിക്കലർത്തിയാണ്. സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഷുഗറി ഡ്രിങ്ക് എന്നും ഇതറിയപ്പെടുന്നു. ഇതു വിവിധ തരത്തിലുണ്ട്. ചില ഡ്രിങ്ക്സിൽ പഞ്ചസാര ചേർക്കുന്നു. എന്നാൽ ഡയറ്റ് സോഡാ, സീറോ കലോറി ഡ്രിങ്ക്സ് തുടങ്ങിയവയിൽ കൃത്രിമ മധുരങ്ങൾ അഥവാ ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് ആണു ചേർക്കുന്നത്. ഇത്തരം മധുരങ്ങൾ നമ്മുടെ രുചിമുകുളത്തെ ഉത്തേജിപ്പിച്ചു കൂടുതൽ മധുരം കഴിക്കണമെന്നുള്ള തോന്നൽ ഉണ്ടാക്കും. ഇതുവഴി ധാരാളം കലോറിയും കൊഴുപ്പും ഉള്ളിലെത്താൻ കാരണമാകും.