എന്താണ് പ്രമേഹപൂർവാവസ്ഥ (പ്രീഡയബെറ്റിസ്)

ലളിതമായി പറഞ്ഞാൽ പ്രമേഹത്തിന് മുന്നോടിയായുള്ള ഘട്ടം. പ്രമേഹരോഗാവസ്ഥയിലേക്കുള്ള പ്രയാണം തടയാവുന്ന, പ്രമേഹത്തിന് മുന്നോടിയായുള്ള ഒരു അവസ്ഥയാണിത്.ഈ അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലും കൂടുതലാകും. എന്നിരുന്നാൽ പ്രമേഹം സ്ഥിരീകരിക്കാൻ പര്യാപ്തമായ അളവിൽ രക്തത്തിലെ പഞ്ചസാര കൂടിയിരിക്കുകയുമില്ല. പ്രമേഹ പൂർവാവസ്ഥയിലുള്ള രോഗികളിൽ 11 ശതമാനം ഓരോ വർഷവും പ്രമേഹരോഗികളായി മാറുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രമേഹപൂർവാവസ്ഥ പ്രമേഹം പിടിപെടാനുള്ള സാധ്യത വിളിച്ചോതുന്ന ഒരു ‘അപായസൂചന’യാണ്.
വെറുംവയറ്റിൽ രക്തത്തിലെ പഞ്ചസാര(FBS): 100-125 mg/dL. ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂറിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാര (PPBS): 140- 199 mg/dL. ഗൈക്കേസിലേറ്റഡ് ഹീമോഗ്ളോബിൻ (Hba1C): 5.7 to 6.4% ഇതാണ് പ്രമേഹപൂർവാവസ്ഥയുടെ സൂചകങ്ങൾ .
പ്രമേഹം ശരീരത്തിലുണ്ടാക്കുന്ന വിദൂരഫലങ്ങളായ, ഹൃദയത്തിന്റെയും രക്തധമനികളുടെയും വൃക്കകളുടെയും തകരാറുകൾ പ്രമേഹ പൂർവാവസ്ഥയിൽതന്നെ തുടങ്ങുന്നതായി പഠനങ്ങൾ തെളയിച്ചിട്ടുണ്ട്. പ്രമേഹ പൂർവാവസ്ഥ ഹൃദയാഘാതത്തിനുള്ള സാധ്യത 50% വർധിപ്പിക്കുന്നു. യഥാർഥത്തിൽ പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ‘സുവർണകാലഘട്ടം’ എന്ന് പ്രമേഹപൂർവാവസ്ഥയെ വിശേഷിപ്പിക്കാം. കാരണം, ആരോഗ്യകരമായ ഭക്ഷണരീതികളിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ച് പ്രമേഹത്തിലേക്കുള്ള പ്രയാണം തടയാൻ ഈ ഘട്ടത്തിൽ സാധിക്കും.