എന്താണ് കുടവയർ അളക്കാനുള്ള വെയ്സ്റ്റ് – ഹിപ്പ് റേഷ്യോ ?

ശരീരത്തിൽ അരക്കെട്ടിന്റെ ഭാഗത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് കുടവയർ എന്ന് പറയുന്നത്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുന്ന കുടവയർ അളക്കാനുള്ള പ്രധാന മാനദണ്ഡമാണ് വെയ്സ്റ്റ് – ഹിപ്പ് റേഷ്യോ. ഇന്ത്യയിൽ നടന്ന സർവേ അനുസരിച്ച് പ്രായപൂർത്തിയായ സ്ത്രീകളിൽ 75 ശതമാനവും പുരുഷന്മാരിൽ 58 ശതമാനവും ഈ ഗുരുതരാവസ്ഥയിൽ നിൽക്കുന്നവരാണ്.
അടിവയറിന്റെയും അരക്കെട്ടിന്റെയും ചുറ്റളവുകൾ തമ്മിലുള്ള അനുപാതം അളക്കുന്നതിലൂടെയാണ് വെയ്സ്റ്റ് – ഹിപ്പ് റേഷ്യോ കണ്ടുപിടിക്കുന്നത്. അടിവയറിന്റെ ചുറ്റളവ് പുരുഷന്മാരിൽ 102 സെന്റീമീറ്ററും സ്ത്രീകളിൽ 88 സെന്റീമീറ്ററും ആണെന്ന് കരുതുക. അടിവയറിന്റെ ചുറ്റളവിനെ അരക്കെട്ടിന്റെ ചുറ്റളവ് കൊണ്ട് ഹരിക്കണം. ഇങ്ങനെ കിട്ടുന്ന അളവിനെയാണ് വെയ്സ്റ്റ് – ഹിപ്പ് റേഷ്യോ എന്ന് പറയുന്നത്.വെയ്സ്റ്റ് – ഹിപ്പ് റേഷ്യോ പുരുഷന്മാരിൽ 0.9 ശതമാനത്തിലും സ്ത്രീകളിൽ 0.85 ശതമാനത്തിലും കുറവായി ഇരിക്കുന്നതാണ് അഭികാമ്യം. വെയ്സ്റ്റ് – ഹിപ്പ് റേഷ്യോ കൂടുതലുള്ള വ്യക്തികൾ നിർബന്ധമായും പ്രമേഹ രോഗ രക്ത പരിശോധന നടത്തണം.