ഉറച്ച പേശികളുടെ അനിവാര്യത

ഉറച്ച പേശികളുള്ള ആളുകളെ കാണുമ്പോൾ ഒന്ന് നോക്കാത്തവർ കുറവായിരിക്കും. പേശികളുടെ സ്ഥായിയായ ദൃഢതയെയാണു മസിൽടോൺ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നല്ല ഉറച്ച മസിൽ ടോണും ശരീരവുമുള്ളവർക്ക് പ്രമേഹരോഗ സാധ്യത തുലോം കുറവാണ് എന്നതൊരു സത്യമാണ്.
സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ വിശ്രമിക്കുമ്പോൾ തന്നെ മസിൽദൃഢമായിരിക്കുകയും അല്ലാത്തവരിൽ മൃദുവായിരിക്കുകയും ചെയ്യുമെന്നതു സാമാന്യമായ അറിവാണല്ലോ. പേശീതന്തുക്കൾ വിശ്രമാവസ്ഥയിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ ദൃഢത അനുഭവപ്പെടുന്നത്. തന്മൂലം ഇത്തരം പേശികൾ വിശ്രമവേളകളിലും ഗ്ലൂക്കോസിനെ ഉപയോഗപ്പെടുത്തുന്നു എന്നത് കൊണ്ട് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് അമിതമായി ഉയരാതെയിരിക്കും. പ്രമേഹരോഗികൾ മിതമായെങ്കിലും നിത്യവ്യായാമം ചെയ്യേണ്ടതിന്റെയും മസിൽടോൺ വർധിപ്പിക്കേണ്ടതിന്റെയും ആവശ്യം ഇതിൽനിന്നു മനസിലാവുമല്ലോ.