ഇരയാകണോ നാം, ഈ ചിലന്തിക്ക് ?

ഡോ. ജി. വിജയകുമാർ
ഇരപിടിക്കുന്ന ചിലന്തിയെ ശ്രദ്ധിച്ചിട്ടുണ്ടോ? രക്ഷപ്പെടാനാകും എന്ന പ്രതീക്ഷയോടെ ഓരോ വട്ടവും വലയിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്ന ഇരയെ ഒറ്റയടിക്ക് ഭക്ഷണം ആക്കാതെ ക്ഷമാപൂർവം നോക്കിയിരുന്ന് പതിയെ പതിയെ ശാപ്പിടുന്ന ചിലന്തിയെ? ഈ ചിലന്തിയെപ്പോലെയാണ് പ്രമേഹവും. താൻ രോഗമുക്തി നേടിയെന്നു ആശ്വസിച്ച് ഓരോവട്ടവും കുതിച്ചു പൊങ്ങാൻ ഒരുങ്ങുന്ന രോഗിയെ ഇഞ്ചിഞ്ചായി കീഴടക്കുന്ന രോഗം.
പ്രമേഹം കൈകാര്യം ചെയ്യാൻ വേണ്ടത്ര സമയമുണ്ട് എന്നൊരു പൊതുധാരണ ഉണ്ട്. ഈ ചിന്താഗതിയാണ് നമ്മെ ചിലന്തി വലയിൽ അകപ്പെടുത്തുന്നത്. പ്രമേഹംമൂലം എത്തിപ്പെടാവുന്ന സങ്കീർണകതകൾ അറിയാതെ കാര്യങ്ങൾ നിസാര മട്ടിൽ എടുത്താൽ പതിയെ നാം നേരത്തെ പറഞ്ഞ ചിലന്തിയുടെ ഇരയാകുന്ന പ്രാണിയെ പോലെയാകും. പതിയെ പതിയെ നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രമേഹം കീഴടക്കും. ഹൃദയാഘാതം, വൃക്ക രോഗം, സ്ട്രോക്ക്, ന്യൂറോപ്പതി, അന്ധത തുടങ്ങി ക്രമേണ വളർന്ന് പെട്ടന്ന് തന്നെ ജീവനെടുക്കുന്നതോ ജീവിതം നരകതുല്യമാക്കുന്നതോ ആയ രോഗങ്ങളിലേക്ക് നമ്മെ പ്രമേഹം നയിക്കും.
പ്രമേഹത്തെ നിസ്സാരമായി കാണാതെ ഹൃദ്രോഗത്തെയോ വൃക്ക രോഗത്തെയോ കാണുന്ന പോലെ ഗൗരവതരമായി കണ്ടു കൃത്യമായ ചികിത്സ ചെയ്യുകയും ജീവിതം ചിട്ടയാക്കുകയും ചെയ്യണം. അത്തരമൊരു സമീപനമാണ് പ്രമേഹ രോഗി സ്വീകരിക്കുന്നതെങ്കിൽ പ്രമേഹ ചികിത്സയും പ്രമേഹാനന്തര ജീവിതവും തീർത്തും ലളിതവും ആയാസരഹിതവും ആയിരിക്കും. ചിലന്തിയെ പോലെ ഏതു നിമിഷവും കീഴടക്കാവുന്ന ഒന്നിൽ നിന്നും ആജീവനാന്തം കൂടെയുള്ള പ്രിയപ്പെട്ട കൂട്ടുകാരനായി പ്രമേഹത്തെ മാറ്റിയെടുക്കാനുമാകും.