ആലു അഡ്നാൻ എങ്ങനെ കോലുപോലായി

അഡ്നാൻ സമിയെന്ന പേരു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടി എത്തുക പതിനഞ്ച് വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ‘തേരാ ചെഹരാ ജബ് നസർ ആയേ…’ എന്ന പാട്ടാണ്. ഒരു ചിത്രശലഭത്തെപോലെയുള്ള റാണിമുഖർജിയും വലിയൊരുമ്പോൾ പോലുള്ള അഡ്നാൻ സമിയും കാഴ്ചക്കാരിൽ വിരഹം കലർന്ന പ്രണയഭാവമാണ് സമ്മാനിച്ചത്. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായ ശബ്ദവും ഭാവവും ഉൾക്കൊണ്ട് വലിയ ശരീരവും താങ്ങി സമി പാടിയപ്പോൾ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർ അത് ഏറ്റെടുത്തു.
വിഷാദ രോഗം പിടിമുറുക്കിയപ്പോൾ. അഡ്നാൻ ചെയ്തത് ഭക്ഷണം കഴിക്കൽ ആണ്. യാതൊരു തരത്തിലുള്ള വ്യായാമവും ഇല്ലാതെ സമി അങ്ങനെ തിന്നു കൊണ്ടേ ഇരുന്നു. പുതിയ ശീലം വളരെ പെട്ടന്ന് തന്നെ അദ്ദേഹത്തിന്റെ ശരീരഭാരത്തെ ഇരട്ടിയാക്കി. ഇതിനിടയിൽ സമി ഒരു സർജറിക്ക് വിധേയനായി. മൂന്നു മാസത്തെ വിശ്രമം ജീവിതത്തിനിടയിൽ ശരീരത്തിന്റെ അമിതഭാരം വീണ്ടും അദ്ദേഹത്തിനു വില്ലനായി. ശരിക്കും നടക്കാനാകുന്നില്ല, ഉറങ്ങാനാകുന്നില്ല… ആകെ ജീവിതത്തിൽ സ്വശരീരം ഒരു വില്ലനാകുന്ന അവസ്ഥ.
206 കിലോ ആയിരുന്നു ആ കാലത്തെ അഡ്നാൻ സമിയുടെ തൂക്കം. ഒരു ഗായകന് ഒന്ന് ശരിയായി ശ്വാസം വലിക്കാൻ പോലുമാകാതെ വരുന്ന അവസ്ഥ ഒന്ന് ഓർത്ത് നോക്കൂ. ഇങ്ങനെ പോയാൽ ആറുമാസത്തിൽ അധികം ജീവിച്ചിരിക്കില്ല എന്ന അന്ത്യശാസനം ഡോക്ടർമാർ നൽകിയപ്പോൾ ആണ് സമി ഉണർന്നത്. നിലവിലുള്ള ശരീരഭാരം കുറയ്ക്കുക അല്ലാതെ ഇക്കാര്യത്തിൽ മറ്റൊരു പരിഹാരം ഇല്ലെന്ന് മനസിലാക്കിയ സമി ഇതിനായി ഒരു ന്യൂട്രീഷൻ പ്ലാൻ തയ്യാറാക്കി. ശരീരത്തിന്റെ അമിതഭാരം ഒരു വില്ലനായി നിൽക്കുന്ന സാഹചര്യത്തിൽ ഒരു വർഷം കൊണ്ട് 206 കിലോയിൽ നിന്നും 75 കിലോയിലേക്ക് തന്റെ ശരീരഭാരം കുറച്ച്് സമി ഏവരേയും അതിശയിപ്പിച്ചു. മുൻ പാക് നായകൻ ഇൻസമാം ഉൽ ഹഖിനെ പോലെ ആരാധകർ കളിയായി തടിയനെന്ന അർത്ഥത്തിൽ ആലു എന്നു വിളിച്ച അഡ്നൻ സമിയെ കഠിനമായ സപര്യയിലൂടെയാണ് ഇന്നത്തെ സുന്ദരനായത്.
ബ്രഡ്, വൈറ്റ് റൈസ്, ഓയിൽ, പഞ്ചസാര, എല്ലാം ഭക്ഷ്യ ക്രമത്തിൽ നിന്നും ഒഴിവാക്കിയ സമി മത്സ്യം, പച്ചക്കറികൾ, ചിക്കൻ ബ്രെസ്റ്റ്, ബട്ടർ ചേർക്കാത്ത പോപ്പ്കോൺ, ഷുഗർ-ഫ്രീയായ പാനീയങ്ങൾ മുതലായവ ഉൾപ്പെടുത്തി. ബ്രേക്ക് ഫാസ്റ്റിന് ഒരു കപ്പ് ഗ്രീൻ ടീ, ഫാറ്റ് ഇല്ലാത്ത വെജിറ്റബിൾ സാലഡും തണ്ടൂരി ഫിഷും ഉച്ച ഭക്ഷണത്തിൽ, വൈകീട്ട് സ്നാക്സിന് ബട്ടർ ഇല്ലാത്ത പോപ്കോൺ, രാത്രി ഒരു കപ്പ് പയർ വർഗമോ ചിക്കൻ ബ്രെസ്റ്റോ…ഇതായിരുന്നു സമിയുടെ ഡയറ്റ് പ്ലാൻ. കൂടാതെ ക്യത്യമായ തരത്തിലുള്ള ഒരു വർക്ക്ഔട്ട് പ്ലാനും സമി പിന്തുടർന്നു. ലക്ഷ്യത്തിൽ എത്തുന്നതിനുള്ള ഒരു പ്ലാൻ തയ്യാറാക്കുക, അതിനായി മനസിനെ ഒരുക്കുക, ശരിയായ തരത്തിൽ ഭക്ഷണവും വ്യായാമവും ചെയ്യുക, ജങ്ക് ഫുഡുകൾ ഒഴിവാക്കുക, നമ്മെ പിന്തുണയ്ക്കുകയും പ്രചോദനം നൽകുന്ന ആളുകളുമായി സമ്പർക്കത്തിലാകുക, ലക്ഷ്യത്തിൽ നിന്നും പിൻതിരിയാതെ ഇരിക്കുക ഇവയെല്ലാം തന്നെ പുതിയ മാറ്റത്തിനു സഹായിച്ച ഘടകങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അമിത ഭാരത്തെ കുറിച്ചോർത്ത് ആകുലപ്പെടുന്ന എല്ലാവർക്കും പ്രചോദനമാണ് അഡ്നാൻ സമിയുടെ കഥ.