അറിയാം… കാബേജിന്റെ മച്ചുനനെ

കാബേജ്, കോളിഫ്ലവർ എന്നിവയുടെ മച്ചുനൻ ആണ് സമീപകാലത്ത് മാത്രം നമ്മുടെ കണ്മുന്നിലേക്ക് വ്യാപകമായി എത്തിയ ബ്രോക്കോളി. നമ്മുടെ ഭക്ഷണ മെനുവിൽ പുതുക്കക്കാരൻ ആണെങ്കിലും ബ്രോക്കോളി കാബേജും കോളിഫ്ലവറും പോലെ പ്രമേഹ രോഗികളുടെ ഭക്ഷ്യ ക്രമത്തിൽ ധൈര്യമായി ഉൾപ്പെടുത്താവുന്ന ഒന്നാണ്.
ബ്രോക്കോളിയിലെ പ്രധാന ആകർഷണം അതിൽ അടങ്ങിയിട്ടുള്ള സൾഫോറഫെയിൻ ആണ്. ഇത് ഞരമ്പുകളിലെ രക്തയോട്ടത്തെ മെച്ചപ്പെടുത്താൻ സഹായിക്കും എന്നാണ് പഠനങ്ങളിൽ തെളിഞ്ഞത് വിറ്റാമിൻ എ,സി എന്നിവയ്ക്കൊപ്പം ഉയർന്ന തോതിൽ ഫൈബറും ഉണ്ടെന്നതിനാൽ പ്രമേഹരോഗികൾക്ക് ഗുണകരമാകും. അരകപ്പ് ബ്രോക്കോളിയിൽ അഞ്ചു ഗ്രാം ഫൈബറും 50 കലോറിയും ആണുള്ളത്.
പ്രതിദിനം ശരീരത്തിന് വേണ്ട വിറ്റാമിൻ സിയുടെ 220 ശതമാനം, വിറ്റാമിൻ എയുടെ 50 ശതമാനം , വിറ്റാമിൻ ബി6 ൻറെ പതിനഞ്ചു ശതമാനം, ഫോസ്ഫറസ്, മഗ്നീഷ്യം, റിബോഫ്ലവിൻ എന്നിവയുടെ പത്തു ശതമാനം, കാത്സ്യം, അയേൺ, എന്നിവയുടെ എട്ടു ശതമാനം, സിങ്കിന്റെ ആര് ശതമാനം എന്നിവ നൽകാൻ അരകപ്പ് ബ്രോക്കോളിക്ക് ആകും.
ബ്രോക്കോളി തിരഞ്ഞെടുക്കുമ്പോൾ നല്ല പച്ചനിറമുള്ളത് നോക്കി വാങ്ങുക. പൂവിന്റെ ഭാഗം അകന്ന്, ഇടയ്ക്ക് അകലം കൂടുന്നതും മഞ്ഞ പൂവുള്ളതും പഴക്കം കൂടിയവ ആണ്. ചൂടുവെള്ളത്തിൽ കുറച്ചുനേരം ഇട്ടു വെച്ച ശേഷം മാത്രം ബ്രോക്കോളി പാചകം ചെയ്യുക.