അന്നജം കുറഞ്ഞ പച്ചക്കറികൾ തിരഞ്ഞെടുക്കാം

ഇഷ്ടമുള്ള പച്ചക്കറികൾ മാത്രം കഴിക്കുന്നവരാണ് പലരും. ദിവസം അഞ്ചു സെർവിങ് പച്ചക്കറികൾ കഴിക്കണം. കാര്യമായി അധ്വാനം ഇല്ലാത്ത പ്രായപൂർത്തി ആയ സ്ത്രീക്കും പുരുഷനും കുറഞ്ഞത് ദിവസം 300 ഗ്രാം വീതം പച്ചക്കറി കഴിക്കാൻ ആണ് പൊതുവിൽ നിർദേശിക്കുന്നത്.
അതിൽ പകുതി പോലും പലരും കഴിക്കാറില്ല. പച്ചക്കറികളുടെ മേന്മ കൊഴുപ്പില്ലെന്നതും കാലറി ഏറ്റവും കുറവാണെന്നതും ആണ്. ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പോഷകങ്ങൾ കുറയാതെ ഭാരം കുറയ്ക്കാൻ പച്ചക്കറികളുടെ അളവ് കൂട്ടുന്നത് ഫലപ്രദമാണ്. പച്ചക്കറി എന്നു പറയുമ്പോൾ അത് ഉരുളക്കിഴങ്ങു കറി അല്ല. ചപ്പാത്തി അല്ലെങ്കിൽ പൂരി ഒപ്പം കിഴങ്ങു കറി എന്നു പറഞ്ഞാൽ നിങ്ങൾ കഴിക്കുന്നത് രണ്ടും അന്നജം ആണെന്ന് മനസിലാക്കുക.
അന്നജം കുറഞ്ഞ പച്ചക്കറികൾ കൂടുതലായി കഴിക്കുക. ഇലക്കറികൾ, തക്കാളി, വെണ്ടയ്ക്ക,പടവലങ്ങ, പാവയ്ക്ക, ബീൻസ്, അച്ചിങ്ങപ്പയർ, അമരക്ക, മുരിങ്ങക്ക, കുമ്പളങ്ങ, കാരറ്റ്, ബീറ്റ് റൂട്ട് എന്നിങ്ങനെ മലയാളികൾ ഉപയോഗിക്കുന്ന പച്ചക്കറികളുടെ എണ്ണം ഒട്ടേറെയാണ്. നല്ല അളവിൽ ഇവ കഴിക്കാൻ ശീലിക്കുക. പച്ചക്കറികളിൽ നിന്നു നല്ല അളവിൽ നാരുകൾ കിട്ടുമ്പോഴും ഗ്ലൂക്കോസ് നില മെച്ചപ്പെടും. കാലറി കുറവായതു കൊണ്ടു ഭാരം കുറയാനും സഹായിക്കും.
ഈ നടപടികൾ കൈക്കൊണ്ടു ഭാരം രണ്ടു ശതമാനം കുറയുമ്പോൾ തന്നെ ഗ്ലൂക്കോസ് നില വളരെ മെച്ചപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്. ഭാരം കുറയുന്നതിന് അനുസരിച്ചു അരവണ്ണം കുറയുന്നതും കുടവയർ കുറഞ്ഞു ആകാരഭംഗി കൂടുന്നതും ആത്മവിശ്വാസം കൂട്ടും. അത് തുടർന്ന് ചെയ്യാനും അധികമുള്ള ഭാരം പൂർണമായി കുറച്ചു ശരിയായ ശരീരഭാരം നേടാനും രോഗത്തെ വരുതിയിലാക്കാനും സഹായിക്കും. വൈകിയിട്ടില്ല. ഇന്നു തന്നെ മാറ്റത്തിനു തുടക്കം കുറിക്കാം.!