അഞ്ചു വെള്ളക്കാരെ പുറത്തുനിർത്താം, കൂടെ കാൻസറും

ഗ്രാമങ്ങൾ നഗരങ്ങളായി മാറാനുള്ള വെമ്പലിലാണ്. അതിനൊപ്പം മനുഷ്യനും മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ശരീരത്തിനറിയില്ല നാം ഏതു സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന്! നഗരവത്കരണത്തിനൊപ്പം പണ്ടത്തെ ആഹാരക്രമങ്ങളിൽ നിന്ന് നാം മാറിയിരിക്കുന്നു. ഫാസ്റ്റ്ഫുഡ് കൾച്ചറിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ ശരീരത്തിലും ചില മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.
അമിതവണ്ണം കാൻസറിന്റെ പ്രധാനകാരണമായി മാറിക്കഴിഞ്ഞു. നമ്മുടെ ഭക്ഷണശീലങ്ങളിൽ വന്ന മാറ്റമാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. അതിന് പിന്നിൽ ജനിതക ഘടകങ്ങൾ ഉണ്ടെങ്കിലും ഇതും പ്രധാന കാരണമാണ്. ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണം, ഷുഗർ അടങ്ങിയ വിഭവങ്ങൾ, ഓയിലിഫുഡ്, റെഡ് മീറ്റ്… നമ്മുടെ ഭക്ഷണശീലങ്ങളും ഇഷ്ടങ്ങളും മാറിയിരിക്കുന്നു. കാൻസറിനെ തടയാനുള്ള ധാരാളം കാര്യങ്ങൾ നമ്മുടെ ഭക്ഷണത്തിലുണ്ട്. അതൊക്കെ ഒഴിവാക്കിയിട്ട് കാൻസർസാധ്യത വർധിപ്പിക്കുന്ന ഭക്ഷണം മാത്രം കഴിക്കുമ്പോൾ നാം കാൻസർ രോഗികളായി മാറുന്നു. ഭക്ഷണശീലങ്ങൾ മാറുമ്പോൾ നമ്മൾ വാസ്തവത്തിൽ കാൻസറിനെ ക്ഷണിച്ചുവരുത്തുകയാണ്. നഗരവത്കരണം വന്നതുകൊണ്ട് ജീവിതശൈലിയും മാറണമെന്നു പറയുന്നതാണ് തെറ്റ്.
5 വെളുത്ത വസ്തുക്കൾ!
ഒരു കാൻസറിനും പിന്നിൽ ഒരു കാരണം മാത്രം ആയിരിക്കില്ല. പലപല കാരണങ്ങളുടെ ആകെത്തുകയായിരിക്കും ഒരു കാൻസർ. അതിൽ ഭക്ഷണശീലങ്ങൾക്കും ജീവിതശൈലിക്കും വലിയ പങ്കുണ്ട്. അശാസ്ത്രീയവും അമിതവുമായ ഭക്ഷണരീതിയാണ് ഭൂരിപക്ഷം അസുഖങ്ങളുടെയും കാരണം. അഞ്ച് വെളുത്ത വസ്തുക്കൾ കാൻസറിന് കാരണമാകുന്നതായി മെഡിക്കൽ വിദഗ്ധർ സൂചിപ്പിക്കുന്നു. ഇതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കണം പ്രത്യേകിച്ചും വീട്ടമ്മമാർ. കാരണം, കാൻസർ പ്രതിരോധം തുടങ്ങേണ്ടത് അടുക്കളയിൽ നിന്നാണ്.
1. പഞ്ചസാര
2. ഉപ്പ്
3. തവിടു കളഞ്ഞ അരി (വൈറ്റ് റൈസ്)
4. മൈദ
5. പാൽ
ഈ അഞ്ചു വസ്തുക്കളും പ്രശ്നകാരികളാണ്. ഇവ അമിതമായാൽ മനുഷ്യന്റെ ശരീരത്തിൽ വിഷത്തിന്റെ ഫലം ചെയ്യും. മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിച്ചാൽ ഉണ്ടാകുന്ന രോഗങ്ങൾ നിരവധിയാണ്. ഇവയിൽ ഏറ്റവും ഗൗരവത്തോടെ കാണേണ്ടതു മൈദയുടെ ഉപയോഗത്തെയാണ്. ഗുരുതരമായ ആമാശയ രോഗങ്ങൾക്കും കുടൽ കാൻസറിനും വരെ കാരണമാകുന്ന മൈദയിൽ നാരുകൾ ഒട്ടുംതന്നെയില്ല. മനുഷ്യശരീരത്തിന് ഉപകാരപ്രദമായ ഒന്നുംതന്നെയില്ല. പണ്ടു മൈദയും പൊറോട്ടയുമൊന്നും മലയാളി ഉപയോഗിച്ചിരുന്നില്ല. ഇന്നതു മലയാളിയുടെ ഇഷ്ടഭക്ഷണമായി മാറിക്കഴിഞ്ഞു. കേരളത്തിലല്ലാതെ ഒരിടത്തും മൈദവിഭവങ്ങൾ പതിവുഭക്ഷണമായി ഉപയോഗിക്കുന്നില്ല. കേരളത്തിൽ കോളൻ കാൻസർ 20 -30 ശതമാനം വർധിച്ചുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതൊക്കെ നോക്കിയാൽ ഭക്ഷണശീലങ്ങളിലുണ്ടായ മാറ്റം കാൻസറിനു കാരണമാകുന്നതായി
കാണാം.
തവിടിനെ അവഗണിക്കരുത്
മലയാളിയുടെ പ്രധാന ആഹാരമാണു ചോറ്. വിറ്റാമിൻ ഡിയും സിയുമൊഴിച്ച് എല്ലാ വിറ്റാമിനുകളും തവിടിൽ ഉണ്ട്. തവിടു കലർന്ന ചോറ് നമ്മുടെ ഭക്ഷണശീലമാവണം. തവിടിൽ രണ്ടുതരം ഫൈബറുകളുണ്ട്. സോലുബിൾ ഫൈബറും ഇൻസോലുബിൾ ഫൈബറും. ഇൻസോലുബിൾ ഫൈബർ ആഹാരത്തിലെ വേസ്റ്റിനെ ശേഖരിച്ച് ശരീരത്തിൽ നിന്നു പുറന്തള്ളാൻ സഹായിക്കുന്നു. സോലുബിൾ ഫൈബർ ലിവറിലെ വേസ്റ്റിനെ പുറന്തള്ളാൻ സഹായിക്കുന്നു. ഇന്ന് തവിടു കലർന്ന അരിക്കു പകരം പോളിഷ്ഡ് റൈസ് എത്തിയിരിക്കുന്നു. മലയാളികളിൽ ഭൂരിഭാഗവും ഇന്നുപയോഗിക്കുന്നതു തവിട് കളഞ്ഞ വെളുത്ത അരിയാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് വൈറ്റ് റൈസ്. വൈറ്റ് റൈസിൽ ആകെയുള്ളതു സ്റ്റാർച്ച് മാത്രം.
കൊളസ്ട്രോൾ മീഡിയേറ്റർ!
നമുക്കൊക്കെ ധാരണയുണ്ട് പാൽ എന്നതു സമ്പൂർണ ആഹാരമാണെന്ന്. അങ്ങനെ ആയിരുന്നു. ഡയറ്റീഷനോടോ ഹൃദയരോഗങ്ങൾ ചികിത്സിക്കുന്ന ഡോക്ടറോടോ ചോദിച്ചുനോക്കൂ. ആര് പാൽ നിർദേശിക്കും? ആരും കൊടുക്കാറില്ല. ഹാർട്ട് അറ്റാക്ക് വന്ന ആളിനോടു പാൽ കുടിക്കാൻ പറയുമോ? കാരണം കൊളസ്ട്രോൾ. അതു പ്രശ്നമാണ്. എല്ലാ കാൻസറുകളിലും കൊളസ്ട്രോൾ ഒരു മീഡിയേറ്ററാണ്. കാരണം, ഹോർമോൺ ഡിപ്പൻഡന്റാരണ് കാൻസറുകൾ. പ്രോസ്റ്റേറ്റ് കാൻസർ, ബ്രസ്റ്റ് കാൻസർ, ഓവേറിയൻ കാൻസർ, ഇന്റ്സ്റ്റയിൻ കാൻസർ എന്നിവയെല്ലാം കൊളസ്ട്രോൾ ഡിപ്പൻഡന്റാസണ്.
ഏതു വസ്തു ഒരാൾക്കു കാൻസർ ഉണ്ടാക്കുന്നുവോ അതിനെയാണു കാർസിനോജൻ എന്നു പറയുന്നത്. അത് അന്തരീക്ഷമലിനീകണമാവാം, പുകയില ഉത്പന്നങ്ങളാവാം, ഫാറ്റാവും. മുകളിൽ സൂചിപ്പിച്ച കാര്യങ്ങളുമാവാം.
ജീവിതശൈലി മാറണം
കാൻസർസാധ്യത കുറയ്ക്കുന്നതിനായി ലോകമെമ്പാടും നിർദേശിച്ചിരിക്കുന്ന പ്രതിരോധ മാർഗങ്ങളിൽ പ്രഥമവും പ്രധാനവുമാണ് വ്യായാമം. പക്ഷേ, നഗരവത്കരണം, വൈറ്റ് കോളർ ജോബ്… അവിടെ വ്യായാമത്തിനൊന്നും നമുക്കു സമയമില്ല. നമ്മുടെ ജീവിതശൈലിയിൽ ഇങ്ങനെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ ശരീരവും അതിനോടു പ്രതികരിക്കും.
ഇറച്ചി കാൻസറുണ്ടാക്കുന്നുവെന്നു പറഞ്ഞ് ഇറച്ചി കഴിക്കുന്നവരെ കുറ്റപ്പെടുത്താറുണ്ട്. പക്ഷേ, ജീവിതത്തിൽ ഒരു പ്രാവശ്യം പോലും ഇറച്ചി കഴിച്ചിട്ടില്ലാത്തവരിൽ എന്തുകൊണ്ട് ഇന്റ്സ്റ്റയിൻ കാൻസർ ഉണ്ടാകുന്നു? കോളൻ കാൻസർ ഉണ്ടാകുന്നു? ഏറ്റവുമധികം നെയ്യ്, പാൽ, പഞ്ചസാര എന്നിവയൊക്കെ അവർ ഉപയോഗിക്കുന്നുണ്ടാവാം. ഭക്ഷണക്രമത്തിൽ ഉൾപ്പെടെ മാറ്റത്തിന് തയ്യാറായില്ലെങ്കിൽ ജീവിതശൈലീ രോഗങ്ങൾ നമ്മെ കീഴ്പ്പെടുത്തും തീർച്ച.