പാദസംരക്ഷണം കുറ്റമറ്റതെങ്കില് ധൈര്യമായി മഴയിലേക്കിറങ്ങിക്കോ …
മഴക്കാലമാണ്… റോഡിലും വഴികളിലുമെല്ലാം കെട്ടി നിൽക്കുന്ന വെള്ളം പാദങ്ങളുടെ സൗന്ദര്യം നശിപ്പിക്കുക മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മഴക്കാലത്തെ പാദസംരക്ഷണത്തിനായി കുറച്ചു സമയം നീക്കി വെക്കുന്നത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും.
ഈർപ്പം നിറഞ്ഞു നിൽക്കുന്ന കാലാവസ്ഥ ഫംഗസ് ബാധകൾക്ക് കാരണമാകുന്നതിനാൽ പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പുറത്ത് പോയി വീട്ടിലെത്തിയാലുടൻ സോപ്പ് ഉപയോഗിച്ച് പാദങ്ങൾ നന്നായി കഴുകിയ ശേഷം ജലാംശം പൂർണ്ണമായും തുടച്ച് മാറ്റുക. പാദങ്ങളും വിരലുകളുടെ ഇടഭാഗവും നന്നായി ഉണക്കാൻ മറക്കരുത്. വിരലുകളുടെ ഇടയിൽ ക്രീമോ എണ്ണയോ പുരട്ടാതെ ഇരിക്കുക, വരണ്ട ചർമമുള്ളവർ വെളിച്ചെണ്ണയോ പെട്രോളിയം ജെല്ലിയോ ഉപയോഗിച്ച് പാദം മൃദുവായി തടവുക മാത്രം ചെയ്യുക.
നഖങ്ങൾക്കിടയിൽ അഴുക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയായതിനാൽ നഖങ്ങൾ ആകൃതിയിൽ വെട്ടിവൃത്തിയാക്കാൻ മറക്കരുത്. കാലുകളിൽ അധികം ചൂടോ തണുപ്പോ അടികാതെ നോക്കുക.മഴ പെയ്യുമ്പോൾ ചൂടുവെള്ളം ആശ്വാസം നൽകും എങ്കിലും കാലുകൾ വെള്ളത്തിൽ മുക്കി വെക്കുന്ന സ്വഭാവം ഒഴിവാക്കുന്നതാണ് ഉത്തമം. പാദങ്ങളിലെ മൃതകോശങ്ങളെ അകറ്റാനായി പതിവായി പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് കാലുകൾ ഉരച്ച് കഴുകാം. അതിനുശേഷം മോയ്ചറൈസർ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കാൽപാദങ്ങൾ മൃദുലമാക്കും. പെഡിക്യുർ മഴക്കാലത്ത് ഒഴിവാക്കരുത്.
പാദങ്ങൾ പോലെ തന്നെ പാദരക്ഷകളും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഷൂ പോലുള്ള പാദരക്ഷകളും സോക്സും മഴക്കാലത്ത് ഒഴിവാക്കാം. ഇവ ഉപയോഗിക്കുന്നവർ സോക്സും ഷൂവും രാത്രിയിൽ കഴുകി ഉണക്കുക. പാദരക്ഷകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും. ഇനി ധൈര്യമായി മഴയിലേക്കിറങ്ങാം….